21-May-2019 (Tue)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
കോഴിക്കോട്: ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് നവംബര്‍ അഞ്ചിന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധനയും ബോധവത്കരണവും സംഘടിപ്പിക്കും. ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ ഒന്ന് വരെ നടക്കുന്ന ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.
 
കോഴിക്കോട്: സംസ്ഥാനത്തെ വെള്ളപ്പൊക്കദുരിത ബാധിതര്‍ക്ക് നിലവിലുള്ള വിളവായ്പകള്‍ തിരിച്ചടക്കുന്നതിന് ഒരുവര്‍ഷം വരെ മൊറട്ടോറിയവും തുടര്‍ന്ന് തിരിച്ചടവിന് അഞ്ച് വര്‍ഷം വരെ അധിക കാലാവധിയും ലഭിക്കുമെന്ന് കൃഷി ഡെ. ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനതല ബാങ്കേര്‍സ് സമിതിയും സര്‍ക്കാരും സംയുക്തമായാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷി ആവശ്യത്തിന് ഭൂമിയുടെ വിസ്തീര്‍ണ്ണം, വിളവിന്റെ സ്വഭാവം എന്നിവക്കനുസരിച്ച് അധിക ഈടോ മാര്‍ജിനോ ഇല്ലാതെ പുതിയ വായ്പകള്‍ ലഭിക്കും. ഇത്തരം വായ്പകള്‍ക്കും നിലവിലുള്ള വായ്പക്കും നിശ്ചിത കാലാവധി വരെ സാധാരണ പലിശ മാത്രമാണ് ഈടാക്കുക. വിളനാശം ഉണ്ടായവര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്കും നിലവിലെ വായ്പകള്‍ക്ക് ഒന്ന് മുതല്‍ ഒന്നര വര്‍ഷം വരെ മൊറോട്ടോറിയവും ആവശ്യാനുസരണം പുതിയ വായ്പയും ലഭിക്കും. പുതിയ വായ്പകള്‍ക്ക് ഈടോ ഗ്യാരന്റിയോ ആവശ്യമില്ല. ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഈ മാസം 31 ന് മുന്‍പും പുതിയ വായ്പക്കുള്ള അപേക്ഷകള്‍ ഡിസംബര്‍ 31ന് മുന്‍പ് ബന്ധപ്പെട്ട ബാങ്ക് ശാഖകളില്‍ ലഭിക്കണം.
 
ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിനു കീഴില്‍ വരുന്ന ഫാക്ടറികളുടെ ലൈസെന്‍സ് അടുത്തവര്‍ഷത്തേക്ക് പുതുക്കന്നതിനുള്ള അവസാനതിയ്യതി ഈ മാസം 31 വരെയാണ്. അടുത്ത മാസം ഒന്നുമുതല്‍ ഇരുപത്തഞ്ച് ശതമാനം അമിത ഫീസോടുകൂടി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു. ജനുവരി 1 മുതല്‍ അന്‍പത് ശതമാനം അധികഫീസ് ഒടുക്കേണ്ടതാണ്. ഫോണ്‍ 04952370202,04952371678.
 
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, സ്‌കാറ്റേര്‍ഡ് വിഭാഗം വിഹിതമടവില്‍ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്ക് ഡിസംബര്‍ 30 വരെപലിശ, പിഴപ്പലിശ ഒഴിവാക്കി വിഹിത കുടിശ്ശിക മാത്രം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. വിശദവിവരങ്ങള്‍ക്ക് 04952366380.
 
കോഴിക്കോട്: സംസ്ഥാന കയര്‍ വികസന വകുപ്പ് ആവിഷ്‌കരിച്ച് കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സംസ്ഥാനത്തെ അമ്പതാമത് ചകിരി മില്ലിന്റെ ഉദ്ഘാടനം നവംബര്‍ 12 ന് ഉച്ചക്ക് മൂന്ന് മണിക്ക് ഫറോക്ക് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, വി കെ സി മമ്മത് കോയ എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഈ മാസം 30 ന് വൈകുന്നേരം 4 മണിക്ക് ഫറോക്ക് നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ ചേരും.
 
കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 29,30,31 തീയതികളില്‍ കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരണം എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് ത്രിദിന പരിശീലനം നടത്തും. താല്‍പര്യമുളളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണന അടിസ്ഥാനത്തിലാണ് കര്‍ഷകരെ തിരഞ്ഞെടുക്കുക. രാവിലെ 10 മുതല്‍ അഞ്ച് മണി വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും. ഫോണ്‍: 0495 2373582.
 
കോഴിക്കോട്: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വ്യവസായ യൂണിറ്റുകളുടെ ഇന്‍ഷൂറന്‍സ് ക്ലെയിം തീര്‍പ്പാവാത്തതും തീര്‍പ്പായതില്‍ പരാതിയുളളതുമായ യൂണിറ്റുകളുടെ പരാതി സംബന്ധിച്ച് നവംബര്‍ 22 ന് 11 മണിക്ക് ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. അദാലത്തില്‍ ഉള്‍പ്പെടുത്തേണ്ട പരാതികള്‍ നവംബര്‍ ഒന്‍പതിനകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, നാശനഷ്ടങ്ങളുടെ കണക്ക്, ബാങ്ക് ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍, ഇന്‍ഷൂറന്‍സ് ക്ലെയിം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അടക്കം ചെയ്യണം.
 
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പ നല്‍കുന്നതിനായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍കൂട്ടങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുളള പട്ടികജാതി വനിതകളുടെ അയല്‍കൂട്ടങ്ങല്‍ ആയിരിക്കണം. ഒരു അയല്‍കൂട്ടത്തിന് പരമാവധി 3 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. അംഗങ്ങളുടെ പ്രായപരിധി 18 വയസ്സു മുതല്‍ 55 വയസ്സു വരെയായിരിക്കണം. അംഗങ്ങളുടെ കുടുംബ വാര്‍ഷിക വരുമാനം 1,50,000 രൂപ അധികരിക്കരുത്. വായ്പയുടെ പലിശ നിരക്ക് 5 ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്. വിശദ വിവരത്തിനും അപേക്ഷാ ഫോമിനും അയല്‍കൂട്ടങ്ങള്‍, കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയങ്ങള്‍ എന്നിവയുമായി ബന്ധപ്പെടേണ്ടതാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
 
കോഴിക്കോട് മിനി ബൈപ്പാസ് റോഡില്‍ അടിയന്തിര റിപ്പയര്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ 25 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ റോഡിലൂടെയുളള ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പി ഡബ്ല്യൂ ഡി റോഡ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 
കോഴിക്കോട്: കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 5 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന 'ഉജ്ജ്വലബാല്യം' പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ ഒരു കുട്ടിക്കാണ് അവാര്‍ഡ് നല്കുന്നത്. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങിയതാണ് പുരസ്‌ക്കാരം. അപേക്ഷയോടൊപ്പം വൈദഗ്ദ്ധ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പത്ര കുറിപ്പുകള്‍, സിഡികള്‍ എന്നിവ നല്‍കണം. അപേക്ഷ നവംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0495 2378920.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21
 
 
 

All rights reserved | Website developed and maintained by Zyonz Technologies