29-Mar-2020 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16
 
കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നിരോദനാജ്ഞ
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊടുവള്ളി കിഴക്കോത്ത് സ്വദേശിനിയായ 47 കാരിക്കും വടകര വേളം സ്വദേശിയായ 27 കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 13 ന് ഉംറ നിര്‍വഹിച്ച ശേഷം അബുദാബി വഴി എത്തിയ കിഴക്കോത്ത് സ്വദേശിനിയെ 19 ന് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ചയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതേ തുടര്‍ന്ന് ഇവരുടെ സഹോദരനെയും ഭാര്യയെയും മകനെയും ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. വേളം സ്വദേശി ഈ മാസം 20 ന് രാത്രിയാണ് ദുബൈയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെനിന്ന് നിന്നും ആംബുലന്‍സില്‍ നേരിട്ട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുകയായിരുന്നു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സി ആര്‍ പി സി 144 പ്രകാരം ജില്ലാ കലക്ടര്‍ നിരോദനാജ്ഞ പുറപ്പെടുവിച്ചു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. വിവാഹം, ആരാധന പോലോത്ത ചടങ്ങുകളില്‍ പത്തുപേരില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് പങ്കെടുക്കരുത്. വിവാഹ ചടങ്ങുകൡ പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഇവരുടെ ലിസ്റ്റ് നേരത്തെ അതാത് പോലീസ് സ്‌റ്റേഷനില്‍ സമര്‍പ്പിക്കണം.
 
താമരശ്ശേരി സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു
താമരശ്ശേരി: താമരശ്ശേരി സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. വെഴുപ്പൂര്‍ കുടുക്കിലുമ്മാരം മണ്ണാര്‍തൊടുകയില്‍ മുഹമ്മദ് നജീബ്(43) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെ ദോഹ സല്‍വാ റോഡില്‍ എക്സിറ്റ് 35-ല്‍ ആയിരുന്നു അപകടം. റെഡ്കോ അല്‍മന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഡ്രൈവറായ നജീബ് ഓടിച്ച ട്രെയിലര്‍ ഇതേ കമ്പനിയിലെ മറ്റൊരു ട്രയിലറിന് പിറകില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഹമദ്ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു മാസം മുമ്പാണ് നജീബ് ഖത്തറിലേക്ക് പോയത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് ഖത്തറില്‍ മറവ് ചെയ്യും. പരേതനായ മരക്കാര്‍കുട്ടി മുസ്ല്യാരുടെയും ആയിശയുടെയും മകനാണ്. ഭാര്യ സഫീന. മക്കള്‍ ഷഹന ജബിന്‍, ഇഷ ഫാത്തിമ, മുഹമ്മദ് ഹിഷാം. സഹോദരങ്ങള്‍ എം ടി അബ്ദുള്ള, എം ടി എ. കരീം ഫൈസി(വെഴുപ്പൂര്‍ മഹല്ല് സെക്രട്ടറി), എം ടി സലീം(ഖത്തര്‍).
 
പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവൃത്തി സമയം വൈകീട്ട് ആറു മണിവരെയാക്കാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പ്രവൃത്തി സമയം വൈകീട്ട് ആറു മണിവരെ ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ അവലോകന യോഗത്തില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. ഒരു ഡോക്ടര്‍ മാത്രമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ എണ്ണം കൂട്ടും. ആരോഗ്യവകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനവും ഇതിന് മുന്‍കൈയെടുക്കണം. ഇഎസ്‌ഐ ഡിസ്‌പെന്‍സറികളുടെ പ്രവര്‍ത്തനസമയവും ദീര്‍ഘിപ്പിക്കും. താലൂക്ക് ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ക്ക് കിടത്തിച്ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കും. പ്രതിരോധ കിറ്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കും. ആരോഗ്യമേഖലയിലുള്ളവര്‍ കൃത്യമായ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഭാവിയില്‍ രോഗം വരാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തണമെന്നും സ്വകാര്യമേഖലയെക്കൂടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
കൊറോണ വൈറസ് തടയുന്നതിനായി താമരശ്ശേരിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍
താമരശ്ശേരി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി മാര്‍ച്ച് 24 ന് നടക്കേണ്ടിയിരുന്ന താമരശ്ശേരി ആഴ്ച ചന്ത നിര്‍ത്തിവെച്ചു. മാര്‍ച്ച് 31 വരെ സിറ്റി മാളിലെ സൂപ്പര്‍മാര്‍ക്കറ്റ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടും. അവേലത്തുള്ള കാലിച്ചന്ത, ടര്‍ഫ് ഗ്രൗണ്ടുകള്‍, ഓഡിറ്റോറിയങ്ങള്‍, കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരേ സമയം 10 ല്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുതെന്നും പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
 
റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനം വിലയിരുത്തി
വടകര: കോവിഡ് 19 വൈറസ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കൊറോണ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. മാഹിയില്‍ കോവിഡ് സ്ഥിരികരിച്ചതിന്റെ അടിസ്ഥാനത്താലാണ് സന്ദര്‍ശനം. മാഹി റെയില്‍വേ സ്റ്റേഷന്‍, അഴിയൂര്‍ ചുങ്കം എന്നിവിടങ്ങളിലെ ആരോഗ്യ ചെക്ക് പോസ്റ്റുകളിലെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്. ഷാര്‍ജയില്‍ നിന്ന് നാട്ടിലേക്ക് നാല് ദിവസം മുന്‍പ് വന്ന യുവാവ് തിരികെ വിദേശത്തേക്ക് പോകാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ ചുങ്കത്ത് വെച്ച് എസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തെ പരിശോധനക്കായി ന്യൂമാഹി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഇസ്‌മൈല്‍ ചോമ്പാല്‍, ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ്, അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി ജയന്‍, സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി എച്ച് സജീവന്‍, ആരോഗ്യ പ്രവര്‍ത്തകന്‍ പ്രിയേഷ് മാളിയക്കല്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
 
ജീവിത ശൈലീരോഗങ്ങളെ ചെറുക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ഓപ്പണ്‍ ജിം വരുന്നു
കോഴിക്കോട്: ജീവിത ശൈലീരോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നേത്യത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ ഓപ്പണ്‍ ജിം സ്ഥാപിക്കുന്നു. എയര്‍ വാക്കര്‍, ചെസ്റ്റ് ഷേപ്പര്‍, ലെഗ് ഷേപ്പര്‍, സിംഗില്‍ സ്‌കയര്‍, വെയ്സ്റ്റ് ഷേപ്പര്‍, ഷോള്‍ഡര്‍ ഷേപ്പര്‍, ബാക്ക് ഷേപ്പര്‍, സൈക്കിള്‍, ഷോള്‍ഡര്‍ വീല്‍ എന്നീ ഉപകരണങ്ങളാണ് ജിമ്മില്‍ ഉണ്ടായിരിക്കുക. 44,0000 രൂപ ചിലവഴിച്ചാണ് ഓപ്പണ്‍ ജിം നിര്‍മിക്കുന്നത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ജിം ഒരുക്കുക. സാക്ഷരതയിലും ആരോഗ്യമേഖലയിലും എറെ മുന്നിലായ നമ്മള്‍ അനുദിനം ജീവിതശൈലീരോഗ ബാധിതരായിക്കൊണ്ടിരിക്കുകയാണ്. ഇതിനൊരു മുന്‍കരുതലെന്ന നിലയിലാണ് വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി സിവില്‍സ്റ്റേഷനില്‍ ഓപ്പണ്‍ ജിം സ്ഥാപിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി ജയശ്രീ പറഞ്ഞു. കലക്ടറേറ്റ് ഡി ബ്ലോക്കിന് സമീപം പോസ്റ്റോഫീസിന് മുന്‍വശത്താണ് ഓപ്പണ്‍ ജിം വരുന്നത്. നിര്‍മ്മിതി കേന്ദ്രയാണ് പ്രവൃത്തി എറ്റെടുത്ത് നടത്തുന്നത്.
 
താമരശ്ശേരി പോലീസ് സ്‌റ്റേഷനിലും താലൂക്ക് ആശുപത്രിയിലും കൈ കഴുകല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു
താമരശ്ശേരി: കേരള മുസ്ലിം ജമാഅത്തും അണ്ടോണ യൂത്ത് വിങ്ങും സംയുക്തമായി താമരശ്ശേരി പോലീസ് സ്‌റ്റേഷനിലും താലൂക്ക് ആശുപത്രിയിലും അണ്ടോണ ഹിദായ മസ്ജിദ് പരിസരത്തും കൈ കഴുകല്‍ കേന്ദ്രങ്ങള്‍ ഒരുക്കി. സംസ്ഥാന സര്‍ക്കാറിന്റെ ബ്രൈക്ക് ദി ചെയിന്‍ പദ്ധതിയുടെ ഭാഗമായാണ് ഹാന്റ് വാ്ഷ് ഉപയോഗിച്ച് കൈ കഴുകുന്നതിന് സംവിധാനം ഒരുക്കിയത്.
 
പ്രകൃതി ദുരന്തം ദുരിതം വിതച്ച കരിഞ്ചോലയില്‍ മടവൂര്‍ സി എം സെന്ററിന്റെ കുടിവെള്ള പദ്ധതി
കട്ടിപ്പാറ: പ്രകൃതി ദുരന്തം ദുരിതം വിതച്ച കരിഞ്ചോലയില്‍ മടവൂര്‍ സി എം സെന്ററിന്റെ കുടിവെള്ള പദ്ധതി. സെന്ററിന്റെ മുപ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രയാസമനുഭവിക്കുന്ന പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന മുപ്പതോളം കിണറുകളില്‍ ഉള്‍പ്പെടുത്തിയാണ് കരിഞ്ചോലയില്‍ നിര്‍മിച്ച രണ്ടാമത്തെ കിണര്‍ ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം ഉദ്ഘാടനം ചെയ്തു. സി എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുറഹ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് എന്‍ കെ അഹ്മദ് ഹാജി, സെക്രട്ടറി പി സി സൈദൂട്ടി ഹാജി, കേരളാ മുസ്ലിം ജമാഅത്ത് താമരശ്ശേരി സോണ്‍ പ്രസിഡണ്ട് അന്‍വര്‍ സഖാഫി, എസ് വൈ എസ് കട്ടിപ്പാറ സര്‍ക്കിള്‍ പ്രസിഡണ്ട് അബ്ദുറഹീം സഖാഫി, പി എസ് ഷാജഹാന്‍ ലത്വീഫി സംബന്ധിച്ചു.
 
സാനിറ്റൈസറിന്റെ ക്ഷാമം അകറ്റാന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ
താമരശ്ശേരി: നാട്ടിന്‍ പുറങ്ങളില്‍ സാനിറ്റൈസറിനുള്ള ക്ഷാമം പരിഹരിക്കാന്‍ ശാസ്ത്രീയ രീതിയില്‍ സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്ത് വിദ്യാര്‍ത്ഥി കൂട്ടായ്മ. താമരശ്ശേരി ഐ എച് ആര്‍ ഡി കോളേജിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകരുടെ സഹായത്തോടെ സാനിറ്റൈസര്‍ നിര്‍മിച്ച് സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നത്. കോവിഡ് ഭീതി വര്‍ധിച്ചതോടെ മെഡിക്കല്‍ ഷോപ്പുകളില്‍ സാനിറ്റൈസര്‍ കിട്ടാനില്ലാതാവുകയും ഉള്ളതിനാണെങ്കില്‍ പലരും ഭീമമായ സംഖ്യ ഈടാക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും സാനിറ്റൈസര്‍ നിര്‍മിച്ച് സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നത്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് കോളേജ് കാമ്പസില്‍വെച്ചു തന്നെ സാനിറ്റൈസര്‍ നിര്‍മിക്കുന്നത്. 32 രൂപ നിര്‍മാണ ചെലവ് വരുന്ന സാനിറ്റൈസര്‍ 20 രൂപ മാത്രം ഈടാക്കിയാണ് താമരശ്ശേരി ബസ്റ്റാന്റില്‍ വില്‍പ്പന നടത്തുന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സാനിറ്റൈസര്‍ സൗജന്യമായി നിര്‍മിച്ചു നല്‍കും. സാനിറ്റൈസര്‍ വിതരണത്തിന്റെ ഉദ്ഘാടനം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബഷീറിന് നല്‍കിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊലരുകണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, പഞ്ചായത്ത് അംഗങ്ങളായ പി എം ജയേഷ്, എ പി മുസ്തഫ, പ്രിന്‍സിപ്പള്‍ ഡോ. കെ എം രാധിക, വൈസ് പ്രിന്‍സിപ്പാള്‍ ദിനേശ് കുമാര്‍, കോളേജ് യൂണിയന്‍ അംഗങ്ങളായ ബി സി അനുജിത്ത്, നിപുണ്‍ ഗണേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
 
കോവിഡ് ഭീതി മറികടക്കാന്‍ പുതുപ്പാടിയില്‍ 24 മണിക്കൂറും ഹൈവെ സ്‌ക്രീനിംഗ്
പുതുപ്പാടി: കോവിഡ് ഭീതി മറികടക്കാന്‍ പുതുപ്പാടിയില്‍ 24 മണിക്കൂറും ഹൈവെ സ്‌ക്രീനിംഗ്. അടിവാരം, ചുരം മേഖലയിലാണ് 24 മണിക്കൂറും പ്രത്യേക പരിശോധന നടത്തുന്നത്. ഇതിനായി നരിക്കുനി സി എച് സി പരിധിയില്‍ നിന്നും 20 ജെ എച് ഐ മാരെയും 3 ആര്‍ ബി എസ് കെ നേഴ്‌സുമാരെയും 3 നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെയും നിയമിച്ചു. കര്‍ണാടകയില്‍ നിന്നും വയനാട്ടില്‍ നിന്നും വരുന്ന ബസ്സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പോലീസ് ഉള്‍പ്പെടെയുള്ള സംഘം പരിശോന നടത്തുന്നുണ്ട്. ചുരം സന്ദര്‍ശനത്തിന് എത്തുന്നവരെയും പ്രത്യേകം നിരീക്ഷിക്കും. ചുരത്തില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണവും ശക്തമാക്കി.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16
 
 
 

All rights reserved | Website developed and maintained by Zyonz Technologies