17-Nov-2019 (Sun)
 
 
 
വട്ടിക്കുന്നാം പൊയില്‍- പാലക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു
ഈര്‍പ്പോണ: നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ച വട്ടിക്കുന്നാം പൊയില്‍- പാലക്കണ്ടി റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മൈമൂന ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം എ ഗഫൂര്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. പി കെ അഹമ്മദ് കുട്ടി മാസ്റ്റര്‍, പി പി പോക്കര്‍ മാസ്റ്റര്‍, വി കെ എ കബീര്‍, അബ്ദുല്‍ മജീദ്, വി കെ ഫസല്‍, എ കെ കാസിം മാസ്റ്റര്‍, ബാലന്‍ വി കെ, ഷാനവാസ് പി കെ, നൗഷാദ് എം കെ, വി കെ മുനീര്‍, വി കെ ഉണ്ണിമോയി, കുഞ്ഞി മുഹമ്മദ്, ലത്തീഫ് കെ ടി, ഷംസീര്‍ വി കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂളില്‍ വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിക്ക് തുടക്കമായി
കോടഞ്ചേരി: പൊതു വിദ്യാഭ്യാസവകുപ്പ് രൂപം നല്‍കിയ വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കുന്നത്ത് മത്തായി സാറിനെ അദ്ദേഹത്തിന്റെ ഭവനത്തില്‍ വെച്ച് പൊന്നാട അണിയിക്കുകയും ആഭിമുഖം നടത്തുകയും ചെയ്തു. സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയും കോടഞ്ചേരിയിലെ ആദ്യ കായിക അദ്ധ്യാപകനായി സേവനം അനുഷ്ടിച്ച വ്യക്തിയുമായിരുന്നു അദ്ദേഹം. കായിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത, അവ ബുദ്ധിയുടെ വികസനത്തിന് നല്‍കുന്ന പ്രാധാന്യം, ആരോഗ്യമുള്ള വ്യക്തിയായി മാറാന്‍ എന്തൊക്കെ ചെയ്യണം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ കുട്ടികളും മത്തായി സാറും തമ്മില്‍ ചര്‍ച്ച നടത്തി. കഴിവും പരിശ്രമവും മറ്റുള്ളവരുടെ പിന്തുണയും ലഭിക്കുന്നവര്‍ക്ക് പ്രതിഭകള്‍ ആകാമെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഹെഡ്മാസ്റ്റര്‍ കെ സി തങ്കച്ചന്‍, അദ്ധ്യാപകരായ ബിനു, എം സെബാസ്റ്റ്യന്‍, പ്രിന്‍സി സെബാസ്റ്റ്യന്‍, ഷിജോ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
 
കേരളോത്സവം വോളി: കൊടുവള്ളി ബ്ലോക് തലത്തില്‍ താമരശ്ശേരി പഞ്ചായത്ത് ജേതാക്കള്‍
താമരശ്ശേരി: കോടഞ്ചേരിയില്‍ വെച്ച് നടന്ന കൊടുവള്ളി ബ്ലോക് ലെവല്‍ കേരളോത്സവം വോളിബോള്‍ മത്സരത്തില്‍ താമരശ്ശേരി പഞ്ചായത്ത് ടീം മടവൂരിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. താമരശ്ശേരിക്ക് വേണ്ടി ഷനീത്, ഷോബിന്‍, ബില്‍ജിന്‍, അഭിജിത്ത്, ഫായിസ്, അനു ഫിയാസ്, വിഷ്ണു, സഫീര്‍, അശ്വിന്‍, നവീന്‍, ഷമീര്‍ എന്നിവരാണ് കളത്തിലറങ്ങിയത്. ജില്ലാ കേരളോത്സവത്തില്‍ കൊടുവള്ളി ബ്ലോക് പഞ്ചായത്തിനെ ഇനി ഇവര്‍ നയിക്കും.
 
വെളിമണ്ണ ജി എം യു പി സ്‌കൂളില്‍ വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിക്ക് ഉജ്ജ്വല തുടക്കം
ഓമശ്ശേരി: പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതി വെളിമണ്ണ ജി എം യു പി സ്‌കൂളില്‍ കൊടുവള്ളി സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ മുരളീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിന്റെ ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത മാപ്പിള കലാകാരനുമായ കൊഴിലാട്ട് സയ്യിദ് കുഞ്ഞു സീതിക്കോയ തങ്ങള്‍ളെ എ ഇ ഒ, ഹെഡ്മാസ്റ്റര്‍, അധ്യാപകര്‍ എന്നിവരോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ എന്നിവര്‍ സന്ദര്‍ശിച്ച് ആദരിച്ചു.
 
ഈങ്ങാപ്പുഴയില്‍ പ്ലാസ്റ്റിക് ബോട്ടില്‍ കളക്ഷന്‍ ബൂത്ത് സ്ഥാപിച്ചു
ഈങ്ങാപ്പുഴ: മാലിന്യ രഹിത ബസ്സ്സ്റ്റാന്റ് എന്ന സന്ദേശം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ 18-ാം വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം ഈങ്ങാപ്പുഴ ബസ്സ്സ്റ്റാന്റില്‍ പ്ലാസ്റ്റിക് ബോട്ടില്‍ കളക്ഷന്‍ ബൂത്ത് സ്ഥാപിച്ചു. സ്റ്റാന്റിന്റെ തൊട്ടു പുറകിലുള്ള പുഴയിലേക്ക് കുപ്പികള്‍ വലിച്ചെറിയുന്ന പ്രവണത ഇതിലൂടെ തടയപ്പെടും. കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനകരമാണിത്. വാര്‍ഡ് മെമ്പര്‍ റീന ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം സി ബഷീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷാഫി വളഞ്ഞപാറ, വി എന്‍ എ നൗഷാദ്, വി കെ മൊയ്തു മുട്ടായി, ബഷീര്‍ മുതുവാടന്‍, കെ സി മുഹമ്മദ്, ബിന്ദു ഉണ്ണി എന്നിവര്‍ സംസാരിച്ചു. നാസര്‍ കാക്കോഞ്ഞി സ്വാഗതവും നദീറ നന്ദിയും പറഞ്ഞു.
 
ശിശുദിനത്തില്‍ 1000 കുട്ടികള്‍ക്ക് മധുരവിതരണം നടത്തി ജെ സി ഐ താമരശ്ശേരി
താമരശ്ശേരി: ശിശുദിനത്തോടനുബന്ധിച്ച് ജെ സി ഐ താമരശ്ശേരി ചാപ്റ്റര്‍ 1000 വിദ്യാര്‍ത്ഥികള്‍ക്ക് ആശംസാകാര്‍ഡും മധുരവിതരണവും നടത്തി. ജെ സി ഐ താമരശ്ശേരി ചാപ്റ്റര്‍ പ്രസിഡണ്ട് ജെ സി ജെയ്‌സണ്‍ മാത്യു, സെക്രട്ടറി അനില ജോണി, ട്രഷറര്‍ ബെല്‍ബിന്‍ തോമസ്, ജെ സി ഐ സെന്‍ ആന്റണി ജോയ്, പ്രോഗ്രാം ഡയറക്ടര്‍ ജെ സി ബിജു സേവ്യര്‍, മൗനാക്ഷരങ്ങള്‍ സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടര്‍ ജെ സി ബവീഷ് ബാല്‍, മറ്റു ജെ സി ഐ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ താമരശ്ശേരി ബസ് സ്റ്റാന്റിലും ടൗണിലും നടത്തിയ മധുരവിതരണത്തില്‍ പങ്കെടുത്തു.
 
കാരുണ്യ ദിനത്തില്‍ അധ്യാപക ദമ്പതിമാരെ ആദരിച്ച് എം ഇ എസ് വിദ്യാര്‍ത്ഥികള്‍
കൈതപ്പൊയില്‍: 1950 കളില്‍ വിദ്യഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന കൈതപ്പൊയില്‍ ജി എം യു പി സ്‌കൂളില്‍ അധ്യാപകരായി നാല് തലമുറകള്‍ക്ക് അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്ന് നല്‍കിയ വെസ്റ്റ് കൈതപ്പൊയില്‍ സ്വദേശികളായ അറക്കല്‍ മാണിസാറിനേയും ഭാര്യ അന്നമ്മ ടീച്ചറേയും വിദ്യാര്‍ത്ഥികള്‍ ആദരിച്ചു. 94 വയസ്സിലും പൂര്‍ണ ആരോഗ്യത്തോടെ ദിനചര്യകള്‍ ചെയ്ത് വരുന്ന ദമ്പതിമാര്‍ കഴിഞ്ഞകാല കലാലയ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. കൈതപ്പൊയില്‍ എം ഇ എസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അവരുടെ ഭവനത്തില്‍ ഈ പ്രത്യേക പരിപാടി സങ്കടിപ്പിച്ചത്. 35 വര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്ത ഈ അധ്യാപക ദമ്പതികളുടെ മകന്‍ ഈ വര്‍ഷം റിട്ടയര്‍ ചെയ്യുകയാണ്. ലോക കാരുണ്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിന്‍ കെ എം ഡി മുഹമ്മദ്, എ സി അബ്ദുള്‍ അസീസ് മുഹമ്മദ്, മുഹമ്മദലി, മനോജ് പി മാത്യു, ജോണ്‍സണ്‍, അജ്‌ലാന്‍ മുഹമ്മദ്, ഷാമില്‍ സി ടി, മുഹമ്മദ് ഷാന്‍, ഹുസ്‌ന, നാദിയ, റിഫാന തുടങ്ങിയവര്‍ പങ്കെടുത്തു.
 
താമരശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവം സമാപിച്ചു
താമരശ്ശേരി: രണ്ട് ദിവസങ്ങളിലായി ഈങ്ങാപ്പുഴ എം ജി എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന താമരശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവം സമാപിച്ചു. എല്‍ പി ജനറല്‍ വിഭാഗത്തില്‍ സെന്റ് ആന്റണീസ് യു പി സ്‌കൂള്‍ കണ്ണോത്ത് 63 പോയിന്റോടെ ഓവറോള്‍ ഒന്നാം സ്ഥാനവും കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി എസ് രണ്ടാം സ്ഥാനവും നേടി. യു പി ജനറല്‍ വിഭാഗത്തില്‍ സെന്റ് ജോസഫ് എച്ച് എസ് എസ് കോടഞ്ചേരി, സെന്റ് ആന്റണീസ് യു പി എസ് കണ്ണോത്ത് എന്നിവര്‍ 74 പോയിന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു. നസ്റത്ത് യു പി സ്‌കൂള്‍ കട്ടിപ്പാറ 72 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. എച്ച് എസ് വിഭാഗത്തില്‍ സെന്റ് ജോസഫ് എച്ച് എസ് എസ് കോടഞ്ചേരി ഒന്നാം സ്ഥാനവും വേളംകോട് എച്ച് എസ് എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എച്ച് എസ് എസ് വിഭാഗത്തില്‍ ജി വി എച്ച് എസ് എസ് താമരശ്ശേരി 235 പോയിന്റോടെ ചാമ്പ്യന്‍മാരായി. സെന്റ് ജോസഫ് എച്ച് എസ് എസ് കോടഞ്ചേരിക്കാണ് രണ്ടാം സ്ഥാനം. സംസ്‌കൃതോത്സവം യു പി വിഭാഗത്തില്‍ സെന്റ് ആന്റണീസ് കണ്ണോത്ത്, നിര്‍മ്മല യു പി എസ് ചമല്‍ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. നസറത് യു പി എസ് കട്ടിപ്പാറക്കാണ് രണ്ടാം സ്ഥാനം. എച്ച് എസ് വിഭാഗത്തില്‍ ജി വി എച്ച് എസ് എസ് താമരശ്ശേരി ഒന്നാം സ്ഥാനം നേടി. അറബിക് കലോത്സവം യു പി വിഭാഗത്തില്‍ സെന്റ് ആന്റണീസ് യു പി സ്‌കൂള്‍, എ എം എല്‍ പി എസ് അണ്ടോണ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ജി എം യു പി സ്‌കൂള്‍ പള്ളിപ്പുറം രണ്ടാം സ്ഥാനം നേടി. എച്ച് എസ് വിഭാഗത്തില്‍ പരപ്പന്‍പൊയില്‍ നുസ്‌റത് ഒന്നാം സ്ഥാനവും ഹോളി ഫാമിലി കട്ടിപ്പാറ രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മൈമൂന ഹംസ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ചാക്കോ അധ്യക്ഷത വഹിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുട്ടിയമ്മ മാണി, ജില്ലാ പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐബി റജി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് ഒതയോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുത്തു അബ്ദുസ്സലാം, സലോമി സലാം, ഗീത കെ ജി, റീന ബഷീര്‍, എ ഇ ഒ മുഹമ്മദ് അബ്ബാസ് എന്‍ പി, പ്രിന്‍സിപ്പാള്‍ ഡോ. ജേക്കബ് എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.
 
കര്‍ഷകര്‍ക്ക് ആശ്രയം സഹകരണ ബാങ്കുകള്‍: മന്ത്രി ടി പി രാമകൃഷ്ണന്‍
കൂടരഞ്ഞി: കേരളത്തിലെ കര്‍ഷകര്‍ക്ക് ഏറ്റവും സഹായം ചെയ്തു വരുന്നത് സഹകരണ മേഖലയാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കൂടരഞ്ഞി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പ്രകൃതി ക്ഷോഭവും ഉരുള്‍ പൊട്ടലും ഉണ്ടായപ്പോള്‍ സഹകരണ മേഖല കൈത്താങ്ങായി പ്രവര്‍ത്തിച്ചു. കാര്‍ഷികമേഖലയില്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്നത് സഹകരണ സംഘങ്ങളാണെന്നും മന്ത്രി പറഞ്ഞു. എം പി വീരേന്ദ്രകുമാര്‍ എം പി മുഖ്യാതിഥിയായിരുന്നു. ജോര്‍ജ് എം തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ, പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്, ഡി സി സി വൈസ് പ്രസിഡന്റ് എം ടി അഷറഫ്, എല്‍ ജെ ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ഫാ. റോയി തേക്കുംകാട്ടില്‍, വി എ നസീര്‍, കാരശ്ശേരി സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍ കെ അബ്ദുറഹിമാന്‍, ബാങ്ക് പ്രസിഡന്റ് പി എം തോമസ്, വൈസ് പ്രസിഡന്റ് ജോസ് തോമസ് മാവറ, സെക്രട്ടറി ജിമ്മി ജോസ് എന്നിവര്‍ സംസാരിച്ചു.
 
സുവര്‍ണ്ണ താരങ്ങള്‍ക്ക് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ സ്വീകരണം
കട്ടിപ്പാറ: കോഴിക്കോട് റവന്യൂ ജില്ലാ കായിക മേളയില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച് തിരിച്ചെത്തിയ കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി താരങ്ങളെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ള തോട്, പി സി തോമസ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. 17 സ്വര്‍ണ്ണവും 11 വെള്ളിയും 6 വെങ്കലവും നേടിയാണ് സുവര്‍ണ്ണ താരങ്ങള്‍ നാടിന്റെ യശസ്സുയര്‍ത്തിയത്. സ്‌നോബിന്‍ ബെന്നി, സനിക കെ പി, മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ മേളയില്‍ വ്യക്തിഗത ചാമ്പ്യന്മാരായി. നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറിയ താരങ്ങള്‍ വിദ്യാലയത്തിന് രണ്ടാംസ്ഥാനം നേടിത്തന്നു. ജില്ലയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന താമരശ്ശേരി സബ്ജില്ലയുടെ മുഴുവന്‍ പോയിന്റും ഹോളി ഫാമിലിയുടേതാണ്. സംസ്ഥാന കായിക മേളയില്‍ കഴിഞ്ഞ വര്‍ഷത്തെ വിജയം ആവര്‍ത്തിക്കുക എന്നതു മാത്രമല്ല പത്തു മടങ്ങായി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കായികാധ്യാപകന്‍ മിനീഷ് വി ടി പറഞ്ഞു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies