24-Mar-2019 (Sun)
 
 
 
കട്ടിപ്പാറയില്‍ പുനര്‍ജനി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
കട്ടിപ്പാറ: മഹാപ്രളയം മൂലം തകര്‍ന്ന കാര്‍ഷികമേഖലയെ ശാസ്ത്രീയ സമീപനത്തോടെ വീണ്ടെടുക്കുന്ന പുനര്‍ജനി പ്രവര്‍ത്തനങ്ങള്‍ക്ക് കട്ടിപ്പാറയില്‍ തുടക്കമായി. പ്രളയത്തില്‍ തകര്‍ന്ന കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂളിലെ പച്ചക്കറിത്തോട്ടം നിലമൊരുക്കല്‍ പ്രവൃത്തിയുടെ ഉദ്ഘടാനം ശ്രീ കാരാട്ട് റസാക്ക് എം എല്‍ എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റുമായി ചേര്‍ന്നാണ് പുനര്‍ജനി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം വാര്‍ഡിലെ എല്ലാ വീടുകളിലും അടുക്കളത്തോട്ടം നിര്‍മ്മിക്കും. ഇതിനുള്ള തൈകള്‍ ഗ്രാമ പഞ്ചായത്ത് സൗജന്യമായി നല്‍കിയിട്ടുണ്ട്. എന്‍ എസ് എസ് വിദ്യാര്‍ത്ഥിനികള്‍ വീടുകളിലെത്തി അടുക്കളത്തോട്ടം നിര്‍മ്മിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിധിഷ് കല്ലുള്ളതോട്, കാരുണ്യതീരം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭവ്യ സി പി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ടി വി സീന, കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂള്‍ ജനറല്‍ സെക്‌റട്ടറി ഷമീര്‍ ബാവ, ജനറല്‍ കണ്‍വീനര്‍ ബാബു കുടുക്കില്‍, ഹക്കീം പൂവക്കോത്ത്, കെ ആര്‍ സ്വാബിര്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ കെ കെ മുഹമ്മദ് ഫൈസല്‍ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ ടി കെ രിഫായത്ത് മുഖ്യപ്രഭാഷണം നടത്തി. അസി. കൃഷി ഓഫീസര്‍ കെ എസ് ബിജു നന്ദി പറഞ്ഞു.
 
ഗുണ നിലവാരമുള്ള വിദ്യാഭ്യാസം മത്സരാതിഷ്ടിത ലോകത്ത് അനിവാര്യം: രമേശ് ചെന്നിത്തല
കട്ടിപ്പാറ:ഗുണ നിലവാരമുള്ള വിദ്യാഭ്യാസമാണ് മത്സരാതിഷ്ടിത ലോകത്ത് അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കട്ടിപ്പാറ അല്‍-ഇഹ്സാന്‍ സില്‍വര്‍ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പുതിയ കാലത്ത് വിദ്യാഭ്യാസം കൂടാതെ കഴിയില്ല. അല്‍-ഇഹ്സാന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണ്. ഈ ഇടപെടല്‍ കൂടുതല്‍ മികവുള്ളതാക്കാന്‍ ഇനിയും അല്‍-ഇഹ്സാന് സാധിക്കട്ടെയെന്ന് അദ്ധേഹം ആശംസിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അല്‍-ഇഹ്സാന്‍ സ്റ്റുഡന്‍സ് വിംഗ് സാഇഖ് ഏര്‍പ്പെടുത്തിയ സില്‍വര്‍ ജൂബിലി ഉപഹാരം താമരശ്ശേരി ഗവ. താലുക്ക് ആശുപത്രിയിലേക്കുള്ള വില്‍ചെയര്‍ പ്രതിപക്ഷ നേതാവ് എസ് വൈ സ് സാന്ത്വനം കണ്‍വീനര്‍ ലുഖ്മാന്‍ ഹാജിക്ക് നല്‍കി. കാരാട്ട് റസാഖ് എം ല്‍ എ, വി എം ഉമ്മര്‍, നിധീഷ് കല്ലുള്ളതോട്, മജീദ് കക്കാട്, എന്നിവര്‍ സംബന്ധിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക ഘോഷയാത്ര പ്രൗഢമായി. പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തി.
 
ചേരിതിരിവും ഭിന്നിപ്പും മതേതര കേരളത്തിന് പ്രത്യാഘാതമുണ്ടാക്കും: രമേശ് ചെന്നിത്തല
താമരശ്ശേരി: സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കി മതപരമായി ഭിന്നിപ്പുണ്ടാക്കിയാല്‍ മതേതര കേരളത്തിന് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താമരശ്ശേരിയില്‍ നവീകരിച്ച കോണ്‍ഗ്രസ്സ് ഭവന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു ഖജനാവില്‍ നിന്ന് പണം ഉപയോഗിച്ച് വര്‍ഗ്ഗീയ മതില്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്‍മാറണമെന്നും ഇതിനെതിരെ യു ഡി എഫ് ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി ജനറല്‍ സെക്രട്ടറി പി സി ഹബീബ് തമ്പി അധ്യക്ഷത വഹിച്ചു. രാഷട്രീയ കാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, എന്‍ സുബ്രഹ്മണ്യന്‍, സി മോയിന്‍കുട്ടി, എന്‍ കെ അബ്ദുറഹ്മാന്‍, ബാബു പൈക്കാട്ട്, എം എം വിജയകുമാര്‍, പി കെ സുലൈമാന്‍, നവാസ് ഈര്‍പ്പോണ, എ പി ഉസ്സയിന്‍, ടി ആര്‍ ഓമന കുട്ടന്‍, വി പി ഗോപാലന്‍കുട്ടി, അഡ്വ. ജോസഫ് മാത്യു, വി കെ എ കബീര്‍, സുമേഷ്, കെ സരസ്വതി, സി ഉസ്സയിന്‍, സി മുഹ്‌സിന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍ നിര്‍മിക്കാന്‍ കൈകോര്‍ത്ത് മഹല്ല് കമ്മിറ്റിയും ക്രൈസ്തവ മിഷനും
കട്ടിപ്പാറ: പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍ നിര്‍മിക്കാന്‍ മഹല്ല് കമ്മിറ്റിക്ക് ക്രൈസ്തവ മിഷന്റെ സഹായം. കട്ടിപ്പാറ ചമല്‍ കാരപ്പറ്റ അബ്ദുസ്സലീമിനും കുടുംബത്തിനും വീട് നിര്‍മിച്ചു നല്‍കാന്‍ ചമല്‍ ബദ്‌രിയ്യ മഹല്ല് കമ്മിറ്റിക്കൊപ്പം പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമവും അധികൃതരുമാണ് കൈ കോര്‍ത്തത്. സലീമിന്റെ വികലാംഗയായ മാതാവും ഓട്ടിസം ബാധിച്ച സഹോദനും ഉള്‍പ്പെടെ താമസിച്ചിരുന്ന വീട് തകര്‍ന്നതോടെ കുടുംബം വാടക വീട്ടിലേക്ക് മാറുകയായിരുന്നു. മാതാവിനും സഹോദരനും ജില്ലാ കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സന്നദ്ധ സംഘടന വീടു വെച്ചുനല്‍കാമെന്ന് ഏറ്റിരുന്നുവെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. സലീമിന്റെ ഭാര്യയുടെ സ്വര്‍ണം ഉള്‍പ്പെടെ വില്‍പ്പന നടത്തിയും മറ്റും വാങ്ങിയ വീട് തകര്‍ന്നെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ചമല്‍ ബദരിയ്യ മഹല്ല് ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. വിവരം അറിഞ്ഞ പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം അധികൃതര്‍ പിന്തുണയുമായി എത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. ആശ്രമം അധികൃതരും മഹല്ല് കമ്മിറ്റിയും രണ്ടര ലക്ഷം രൂപ വീതം ചെലവഴിച്ചാണ് സ്‌നേഹ വീട് നിര്‍മിക്കുന്നത്. വീടിന്റെ തറക്കല്ലിടല്‍ ഫാ. കെ ഐ ഫിലിപ്പ് റമ്പാനും മഹല്ല് ഖത്തീബ് ബഷീര്‍ സഖാഫിയും ചേര്‍ന്ന് നിര്‍വഹിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം ബീന ജോര്‍ജ്, മഹല്ല് കമ്മിറ്റി പ്രസിഡന്റ് സി സെയ്ദ് ഹാജി, സെക്രട്ടറി കെ പി ഉമ്മര്‍, വീട് നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം മണക്കടവന്‍, കണ്‍വീനര്‍ ഫാ. എ ഡി പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.
 
വിദേശങ്ങളില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങളോട് നീതി കാണിക്കണം: അല്‍ ഇഹ്‌സാന്‍ പ്രവാസി സംഗമം
കട്ടിപ്പാറ: വിദേശങ്ങളില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമങ്ങള്‍ സുതാര്യവും ലളിതവും ആക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് അല്‍ഇഹ്‌സാന്‍ പ്രവാസി സംഗമം ആവിശ്യപ്പെട്ടു. നിലവിലുള്ള നിയമം ഏറെ സങ്കീര്‍ണ്ണവും മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന തരത്തിലുമാണ്. സ്വന്തം കുടുംബത്തിനും നാടിനും വേണ്ടി വിദേശത്ത് കഷ്ടപ്പെട്ട് ജോലി ചെയ്ത് മരണം വിധിക്കപ്പെടുമ്പോള്‍ അവഗണന കാണിക്കുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല. കട്ടിപ്പാറ അല്‍ ഇഹ്‌സാന്‍ സില്‍വര്‍ ജൂബിലിയോട്‌നുബന്ധിച്ചു നടന്ന പ്രവാസി സംഗമത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. എ കെ കട്ടിപ്പാറ അദ്ധ്യക്ഷത വഹിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, മുഹമ്മദലി ബാഖവി തച്ചംപൊയില്‍ ജിദ്ദ, മജീദ് മാസ്റ്റര്‍ വീര്യമ്പ്രം, റഊഫ് പൂനൂര്‍, ശംസുദ്ദീന്‍ സഅദി കൂരാച്ചുണ്ട് എന്നിവര്‍ സംബന്ധിച്ചു.
 
സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ സോളാര്‍ പാനല്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച സോളാര്‍ പാനല്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സെന്ററിലെ അധ്യാപകനായ അരുണിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് സോളാര്‍ പാനല്‍ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ബാറ്ററി ആവശ്യമില്ലാത്ത, കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവുന്ന ഗ്രിഡ് കണക്ഷന്‍ സോളാര്‍ പാനലാണ് നിര്‍മിച്ചത്. വൈദ്യുതി ഉത്പാദിപ്പിച്ച് ശേഖരിച്ചു വെക്കുന്നതിന് പകരം ഉത്പാദിപ്പിക്കുന്ന വെദ്യുതി നേരിട്ട് കെ എസ് ഇ ബി ലൈനിലേക്ക് പോകുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. വൈദ്യുതി ഉത്പാദനത്തിന്റെ അളവ് സംബന്ധിച്ച് കാര്യങ്ങള്‍ മനസിലാക്കാനാകുന്ന തരത്തില്‍ മൊബൈല്‍ ആപ്പുമായി ഘടിപ്പിച്ച് പാനല്‍ പ്രവര്‍ത്തിപ്പിക്കാനാകും. സൂര്യപ്രകാശം ലഭിക്കാത്ത സമയത്തും 50 ശതമാനം വൈദ്യതി ഉത്പാദനം പാനല്‍ ഉറപ്പാക്കും. സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ നടന്ന പരിപാടിയില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോര്‍ജ് മാസ്റ്റര്‍, സുജാത മനക്കല്‍, സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ പ്രൊഫസര്‍ കെ ശ്രീധരന്‍, സെന്റര്‍ ഇന്‍സ്ട്രക്ടര്‍ പി എം അരുണ്‍, സെക്രട്ടറി പി ഡി ഫിലിപ്പ്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു.
 
കോഴിക്കോട്: കോഴിക്കോട് പി വി എസ് ആശുപത്രിക്ക് സമീപം എ കെ ജി റെയില്‍വേ മേല്‍ പാലത്തിനടിയില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കോഴിക്കോട് കോര്‍പ്പറേഷന്‍ അനുവദിച്ച എബിലിറ്റി പേ ആന്‍ഡ് പാര്‍ക്കിംങ് സംവിധാനം ആരംഭിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പാര്‍ക്കിംഗ് ചാര്‍ജ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട പരിശീലനം നേടിയ പത്ത് പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പാര്‍ക്കിങ് കാര്യങ്ങളുടെ ചുമതല. പിന്നീട് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കും. റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ ടാറിംഗ് പ്രവൃത്തിയും ആവശ്യമായ സൗകര്യങ്ങളും ചെയ്തു നല്‍കും. കൂടാതെ ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് വെള്ളിമാടുകുന്ന് മള്‍ട്ടിപര്‍പ്പസ് കോപ്ലക്‌സ് സ്ഥാപിക്കുമെന്നും മേയര്‍ പറഞ്ഞു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് അന്‍സാരി പാര്‍ക്ക്, എബിലിറ്റി കഫെ, സ്‌കോളര്‍ഷിപ്പ്, ആനുകൂല്യങ്ങളും ഉപകരണങ്ങളും എന്നിവക്ക് പുറമെയാണ് ഈ എബിലിറ്റി പേ ആന്‍ഡ് പാര്‍ക്ക് നല്‍കിയിട്ടുള്ളത്. പാര്‍ക്കിംങ് സെന്ററിലെ ജീവനക്കാരുടെ ആദ്യ ശമ്പളവും ബാഗും മേയര്‍ വിതരണം ചെയ്തു. കോഴിക്കോട് പരിവാര്‍, നാഷണല്‍ ട്രസ്റ്റ് ജില്ലാതല കമ്മിറ്റി, ലീഗല്‍ സര്‍വീസസ് അതോറിറ്റി, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് എബിലിറ്റി പേ & പാര്‍ക്കിങ് പദ്ധതി നടപ്പിലാക്കുന്നത്. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് മുഖ്യാതിഥിയായി. പരിവാര്‍ ജില്ലാ പ്രസിഡന്റ് കെ കോയട്ടി, കണ്‍വീനര്‍ പി സിക്കന്തര്‍, കൗണ്‍സിലര്‍മാരായ അഡ്വ. പി എം നിയാസ്, എം പി രാധാകൃഷ്ണന്‍, ഷെമീല്‍ തങ്ങള്‍, അഡ്വ. സീനത്ത്, പരിവാര്‍ സംസ്ഥാന പ്രസിഡന്റ് എം പി കരുണാകരന്‍, സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് പി പരമേശ്വര്‍, പി മമ്മദ്‌കോയ, ഒ മമ്മുദു തുടങ്ങിയവര്‍ സംസാരിച്ചു. പരിവാര്‍ ജില്ലാ സെക്രട്ടറി തെക്കേയില്‍ രാജന്‍ സ്വാഗതവും പി കെ എം സിറാജ് നന്ദിയും പറഞ്ഞു.
 
അല്‍ ഇഹ്സാന്‍ സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന് പ്രൗഢമായ തുടക്കം
കട്ടിപ്പാറ: കട്ടിപ്പാറ അല്‍ ഇഹ്സാന്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനത്തിന് പ്രൗഢമായ തുടക്കം. ആദ്യ ദിവസം നടന്ന പ്രാര്‍ത്ഥനാ സംഗമത്തിന് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. സയ്യിദ് അബ്ദുല്‍ ലത്തീഫ് അഹ്ദല്‍ പതാക ഉയര്‍ത്തി. ഈജിപ്ത് കള്‍ച്ചറല്‍ ആന്റ് എജുക്കേഷനല്‍ കൗണ്‍സിലര്‍ ഡോ. മുഹമ്മദ് ശുക്ര് നദ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുഡാന്‍ റിപബ്ലിക് ഡെപ്യൂട്ടി അംബാസിഡര്‍ ഡോ. ഉസ്മാന്‍ മുഹമ്മദ് അല്‍-ബഷീര്‍ മുഖ്യാതിഥിയായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍ ആത്മീയ സദസ്സിന് നേതൃത്യം നല്‍കി. സയ്യിദ് അന്‍സാര്‍ അഹ്ദല്‍ അവേലം ആശിഖ് മിനാ ഗോള്‍ഡിന് സുവനീര്‍ നല്‍കി പ്രകാശനം ചെയ്തു.
 
ക്ഷേത്ര വളപ്പില്‍ നിന്നും ചന്ദനത്തടി മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: ക്ഷേത്ര വളപ്പില്‍ നിന്നും ചന്ദനത്തടികള്‍ മോഷ്ടിച്ച് കടത്തിയ മൂന്നുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കിഴക്കോത്ത് കച്ചേരിമുക്ക് ചാലില്‍ അബ്ദുല്‍ അസീസ്(34), കൂടത്തായി അമ്പലക്കുന്ന് എസ് അഖിനീഷ്(21), താമരശ്ശേരി അരയറ്റകുന്നുമ്മല്‍ എ കെ അബ്ദുസ്സലാം(28) എന്നിവരെയാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുരുവട്ടൂര്‍ അങ്ക്രകുന്ന് കരിയാത്തന്‍കാവ് ക്ഷേത്ര വളപ്പില്‍ നിന്നും 6 ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. ഇരുപതോളം ചന്ദന മുട്ടികളും ചന്ദനം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 56 ഡി 8206 നമ്പര്‍ കാറും ഫോറസ്റ്റ് സംഘം പിടിച്ചെടുത്തു. ഈ മാസം 12, 15 തിയ്യതികളിലായാണ് ക്ഷേത്ര വളപ്പില്‍ നിന്നും ചന്ദന തടികള്‍ മുറിച്ചു കടത്തിയത്. ചന്ദന തടികള്‍ വില്‍പ്പന നടത്തുന്നുണ്ടോ എന്നു ചോദിച്ച് കച്ചേരിമുക്ക് സ്വദേശിയായ അസീസ് എത്തിയിരുന്നതായി ക്ഷേത്ര ഭാരവാഹികള്‍ മൊഴി നല്‍കിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് വഴി തെളിച്ചത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. പ്രതികള്‍ ചന്ദനം മുറിച്ച് കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് സൂചന ലഭിച്ചതായും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അബ്ദുല്ലത്തീഫ് പറഞ്ഞു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ പി അബ്ദുല്‍ ഗഫൂര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി അസ് ലം, പി ജലീസ്, ഡ്രൈവര്‍ ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് ചന്ദന മോഷ്ടാക്കളെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
 
ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കാന്‍ എത്തിച്ച എല്‍ എസ് ഡി സ്റ്റാമ്പ് ശേഖരവുമായി യുവാവ് പിടിയില്‍
മുക്കം: ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്ക് ലഹരി പകരാനായി എത്തിച്ച 35 എല്‍ എസ് ഡി സ്റ്റാമ്പുകളുമായി മുക്കം കൊടിയത്തൂര്‍ പുളിക്കല്‍മുക്കത്ത് യമു എന്നറിയപ്പെടുന്ന ബാദുഷ(24) മുക്കം പോലീസിന്റെ പിടിയിലായി. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ജി ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡി വൈ എസ് പി. പി ബിജുരാജിന്റെ നിര്‍ദ്ദേശപ്രകാരം മുക്കം എസ് ഐ. കെ പി അഭിലാഷും ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. പിടികൂടിയ സ്റ്റാമ്പിന് വിപണിയില്‍ ഒരു ലക്ഷം രുപയിലധികം വിലവരും. മുമ്പ് നിരവധി തവണ ലഹരിമരുന്നു കേസില്‍ ഇയാള്‍ പോലീസ് പിടിയിലായിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മലയോര മേഖലകളിലെ ക്യാമ്പസുകളിലടക്കം ഡി ജെ പാര്‍ട്ടികള്‍ സംഘടിപ്പിന്നതായും അതിനായി വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തിക്കാന്‍ സാധ്യതയുള്ളതായും രഹസ്യവിവരം ലഭിച്ചിരുന്നു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies