21-May-2019 (Tue)
 
 
 
കോഴിക്കോട്: ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും, വി വി പാറ്റ് മെഷീനുകളുടേയും പ്രവര്‍ത്തനം സംബന്ധിച്ച ജില്ലാ തല പരിശീലന പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അസിസ്റ്റന്റ് കലക്ടര്‍ അഞ്ജു കെ എസ് ഉദ്ഘാടനം ചെയ്തു. എ ഡി എം റോഷ്‌നി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) സജീവ് ദാമോദര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) ബിജു സി, ജില്ലാ നോഡല്‍ ഓഫീസര്‍ (തഹസില്‍ദാര്‍) അനിതകുമാരി ഇ, നോഡല്‍ ഓഫീസര്‍ (സ്‌പെഷ്യല്‍ തഹസില്‍ദാര്‍) ലാല്‍ചന്ദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കലക്ടറേറ്റിലെ ജീവനക്കാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. സ്‌റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പരിശീലനം നല്‍കി. പരിശീലന പരിപാടിയുടെ തുടര്‍ച്ചയായി ജില്ലയിലെ വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വേണ്ടി ഇ വി എം & വി വി പാറ്റ് സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കി.
 
മലയോര മേഖലകളില്‍ വ്യാജ ചാരായ വാറ്റ് വ്യാപകം: രണ്ടുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: മലയോര മേഖലകളില്‍ വ്യാപകമാവുന്ന വ്യാജ ചാരായ വാറ്റിനെതിരെ എക്‌സൈസ് നടപടി ശക്തമാക്കി. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളില്‍ താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയില്‍ 22 ലിറ്റര്‍ ചാരായവും 175 ലിറ്റര്‍ വാഷും പിടിച്ചെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
 
നെഹ്രു യുവകേന്ദ്ര യുവജന വാരാഘോഷം സംഘടിപ്പിച്ചു
കോഴിക്കോട്: ദേശീയ യുവജന വാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നെഹ്രുയുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യുവജന വാരാഘോഷം സംഘടിപ്പിച്ചു. ജില്ലാ ആസുത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. മുന്നോട്ടു നടന്ന കേരള സമൂഹത്തെ ജാതീയമായും സാംസ്‌കാരികമായും പിന്നോട്ട് വലിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും സാമൂഹ്യനീതിയെ ചോദ്യം ചെയ്യുന്ന ദുഷ്ടശക്തികളെ യുവജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ അഞ്ജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, പ്രോവിഡന്‍സ് കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഷിജി പി എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ മികച്ച യുവജന ക്ലബ്ബിനുള്ള പുരസ്‌കാരം അസിസ്റ്റന്റ് കലക്ടര്‍ അഞ്ജു കുറുന്തോടി തുഞ്ചന്‍ സ്മാരക വയനാശാലക്ക് നല്‍കി.
 
കിടപ്പുരോഗികള്‍ക്ക് പേപ്പര്‍പേന നിര്‍മാണ പരിശീലനം
താമരശ്ശേരി: കിടപ്പുരോഗികള്‍ക്ക് നിത്യവൃത്തിക്കുള്ള വരുമാനം കണ്ടെത്താന്‍ പേപ്പര്‍പേന നിര്‍മാണത്തില്‍ പരിശീലനം നല്‍കി. തന്റേതല്ലാത്ത കാരണത്താല്‍ വീല്‍ ചെയറുകളില്‍ ജീവിതം തള്ളിനീക്കേണ്ട വന്ന ഹതഭാഗ്യര്‍ക്ക് സാന്ത്വനമേകുന്നതിന്നായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്ന താമരശ്ശേരി താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലാണ് പേപ്പര്‍ പേന നിര്‍മാണത്തില്‍ പരിശീലനം നല്‍കിയത്. നേരത്തെ പരിശീനം നേടിയ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് പേപ്പര്‍ പേന നിര്‍മാണം പരിശീലിപ്പിക്കുന്നത്.
 
എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം വ്യായാഴ്ച
എളേറ്റില്‍: എം ജെ ഹയര്‍ സെക്കന്റെറി സ്‌കൂള്‍ സ്ഥാപക മാനേജര്‍ പി പി അബ്ദു റഹിമാന്‍ മാസ്റ്ററുടെ നാമധേയത്തില്‍ നിര്‍മ്മിച്ച പുതിയ ഹയര്‍ സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. 20,000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച ബ്ലോക്കില്‍ 12 ഹൈടെക് ക്ലാസ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, വിപുലമായ വായനാമുറി, ഓഫീസ്, പ്രിന്‍സിപ്പല്‍ കാബിന്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്ററിയില്‍ അഞ്ച് ബാച്ചുകളിലായി 600 വിദ്യത്ഥികളും, ഹൈസ്‌കൂളില്‍ 3000 വിദ്യസ്ഥികളും പഠിക്കുന്നുണ്ട്. രാവിലെ പത്ത് മണിക്ക് നടക്കുന്ന പി പി അബ്ദുറഹിമാന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടി പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ഹൈസ്‌കൂള്‍ വിഭാഗത്തിലെ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടക്കും. എം എല്‍ എമാരായ കാരാട്ട് റസാഖ്, പി ടി എ റഹീം, എം കെ രാഘവന്‍ എം പി, എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍, കോഴിക്കോട് ആര്‍ ഡി ഡി ഗോകുല്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാത്ഥി സംഗമം, കലാപരിപാടി എന്നിവയും നടക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ മാനേജര്‍ പി പി ഹബീബ് റഹ്മാന്‍, ട്രസ്റ്റ് ചെയര്‍മാന്‍ സി പോക്കര്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എം മുഹമ്മദലി, പ്രധാന അധ്യാപകന്‍ തോമസ് മാത്യു, പബ്ലിസിറ്റി കണ്‍വീനര്‍ എ കെ കൗസര്‍, മീഡിയ കണ്‍വീനര്‍ മുജീബ് ചളിക്കോട് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 
സിറാജ് വളവിലെ തുടര്‍ച്ചയായ അപകടം: നടപടി സ്വീകരിക്കാന്‍ കാരാട്ട് റസാക്ക് എം എല്‍ എയുടെ നിര്‍ദ്ദേശം
കൊടുവള്ളി: അപകടങ്ങള്‍ തുടര്‍ച്ചയായ ദേശീയപാതയിലെ സിറാജ് വളവില്‍ അപകടം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കാരാട്ട് റസാക്ക് എം എല്‍ എ നിര്‍ദ്ദേശം നല്‍കി. പോലീസ്, ആര്‍ ടി ഒ, ദേശീയപാത എന്നീ വിഭാഗം ഉദ്യോഗസ്ഥരോടൊപ്പമാണ് എം എല്‍ എ സ്ഥലം സന്ദര്‍ശിച്ചത്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സിറാജ് വളവ് അപകട മേഖലയാണെന്ന് കാണിച്ച് ദേശീയപാത വിഭാഗത്തിന് കത്ത് നല്‍കണമെന്ന് എം എല്‍ എ നിര്‍ദ്ദേശിച്ചു. വളവ് നിവര്‍ത്തുക, നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, ക്യമറകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എം എല്‍ എ നല്‍കി. കൊടുവള്ളി ടൗണിലെ ഗതാഗത കുരുക്ക് പരിഹാരവുമായി ബന്ധപ്പെട്ട് സിഗ്‌നലുകള്‍ സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകളോട് സംയുക്തമായി പ്രവര്‍ത്തിക്കാനും എം എല്‍ എ നിര്‍ദ്ദേശിച്ചു. എം എല്‍ എയുടെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍ ഒ പി റസാക്ക്, കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍, കൊടുവള്ളി ജോയിന്റ് ആര്‍ ടി ഒ എസ് മനോജ്, ദേശീയപാത വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജമാല്‍ മുഹമ്മദ്, അസി. എന്‍ജിനീയര്‍ ഉബൈദ തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
 
സിറാജ് മേല്‍പ്പാലം; വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു
കൊടുവള്ളി: സിറാജ് മേല്‍പ്പാലം നിര്‍മ്മാണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കാരാട്ട് റസാക്ക് എം എല്‍ എയുടെ സാന്നിധ്യത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ആര്‍ ബി ഡി സി, പൊതുമരാമത്ത്, റവന്യൂ, ദേശീയപാത എന്നീ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്ഥലം സന്ദര്‍ശിച്ചത്. സിറാജ് ബൈപ്പാസ് കടന്നു പോകുന്നത് കൊടുവള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനും യത്തീംഖാന പള്ളിയുടെ മിനാരവും ഉള്‍പ്പെട്ട തരത്തിലുള്ള അലൈമെന്റായിരുന്നു നേരത്തെയുള്ളത്.
 
അമ്പായത്തോട് മിച്ചഭൂമിയിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ നീക്കം: കെ എസ് കെ ടി യു താമരശ്ശേരി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമിയിലെ കുടിയേറ്റക്കാരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ കെ എസ് കെ ടി യു വിന്റെ ആഭിമുഖ്യത്തില്‍ താമരശ്ശേരി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ നല്‍കിയതാണെന്നും കോടതിയില്‍ വ്യാജ രേഖകള്‍ ഹാജറാക്കിയാണ് ഒഴിപ്പിക്കാനുള്ള ഉത്തരവ് നേടിയതെന്നും അദ്ധേഹം പറഞ്ഞു. കെ കെ അപ്പുക്കുട്ടി അധ്യക്ഷത വഹിച്ചു. ജോര്‍ജ് എം തോമസ് എം എല്‍ എ, കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി കെ കെ ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. എ പി സജിത്ത് സ്വാഗതവും എ ടി ഹരിദാസന്‍ നന്ദിയും പറഞ്ഞു.
 
മലയോര മഹോത്സവം: കുടുംബശ്രീ മേളക്ക് തുടക്കമായി
തിരുവമ്പാടി: മലയോര മഹോത്സവത്തിന്റെ ഭാഗമായുള്ള കുടുംബശ്രീ മേളക്ക് തുടക്കമായി. മേള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കലാമേള, കലാമത്സരം, ഫുഡ്‌കോര്‍ട്ട്, വിപണനമേള എന്നിവയാണ് കുടുംബശ്രീ ഒരുക്കുന്നത്. കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു.
 
തെങ്ങില്‍നിന്ന് വീണ് കിടപ്പിലായ ഹസ്സനും കുടുംബത്തിനും സ്‌നേഹ ഭവനം
ഓമശ്ശേരി: തെങ്ങില്‍നിന്ന് വീണ് കിടപ്പിലായ ഗൃഹനാഥനും കുടുംബത്തിനും വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഓമശ്ശേരി പൂളപ്പൊയിലില്‍ താമസിക്കുന്ന പുതുപ്പാടി സ്വദേശി വാരിയത്ത് ഹസ്സന് മുസ്ലിംലീഗ് റിലീഫ് കമ്മിറ്റിയും ഗ്രെയ്‌സ് പാലിയേറ്റീവ് കെയറും സംസയുക്തമായാണ് വീട് നിര്‍മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ദാനം പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies