21-May-2019 (Tue)
 
 
 
കഞ്ചാവ് കേസിലെ പ്രതി വീണ്ടും പോലീസിന്റെ പിടിയിലായി
മുക്കം: കഞ്ചാവ് കേസിലെ പ്രതി അരക്കിലോ കഞ്ചാവുമായി പോലീസിന്റെ പിടിയിലായി. മുക്കംവലിയപറമ്പ് പെരിലക്കാട് അബ്ദുറഹ്മാന്‍ എന്ന അബ്ദു(55) ആണ് മുക്കം എസ് ഐ. കെ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. താമരശ്ശേരി ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സംഘം നടത്തിയ നീക്കത്തിലാണ് അബ്ദു പിടിയിലായത്. മുക്കം മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ഇയാള്‍ നേരത്തെ നിരവധി കഞ്ചാവു കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
 
പ്രളയബാധിതര്‍ക്കുള്ള കിറ്റുകള്‍ സൂക്ഷിച്ചത് വിവാദത്തില്‍
കാരശ്ശേരി: പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാനുള്ള കിറ്റുകള്‍ സാംസ്‌കാരിക നിലയങ്ങളില്‍ സൂക്ഷിച്ചത് വിവാദത്തില്‍. കാരശ്ശേരി, കറുത്തപറമ്പ് സാസംകാരിക നിലയങ്ങളിലാണ് ഇരുനൂറോളം കിറ്റുകള്‍ സൂക്ഷിച്ചതായി കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ അടങ്ങിയ ഇരുനൂറോളം കിറ്റുകളാണ് കെട്ടിക്കിടക്കുന്നത്. വിവരം അറിഞ്ഞ യു ഡി എഫ് പ്രവര്‍ത്തകര്‍ സംഘടിക്കുകയും വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു. കറുത്ത പറമ്പിലെ സാംസ്‌കാരിക നിലയത്തില്‍ വാര്‍ഡ് മെമ്പറേയും മറ്റൊരാളെയും കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടൈത്തിയതെന്നും ഇത് ഇഷ്ടക്കാര്‍ക്ക് മാത്രം വിതരണം ചെയ്യാനായി പൂഴ്ത്തിവെച്ചതാണെന്നുമാണ് യു ഡി എഫ് ആരോപിക്കുന്നത്.
 
നിരാലംബ കുടുംബത്തിന് കനിവ് ഗ്രാമം വീടൊരുക്കി
കട്ടിപ്പാറ: കനിവ് ഗ്രാമത്തിന്റെ ആഭിമുഖ്യത്തില്‍ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കോളിക്കല്‍ ഈന്തോലങ്കണ്ടിയിലെ നിരാലംബ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി. വീടിന്റെ താക്കോല്‍ദാനം മുന്‍ എം എല്‍ എ. വി എം ഉമ്മര്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. അന്യരുടെ പ്രയാസങ്ങള്‍ ദുരീകരിക്കുന്നതിന് ഇറങ്ങിപ്പുറപ്പെടുന്നവരെയാണ് കാലം തേടുന്നതെന്നും ഈ രംഗത്ത് നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരെ സമൂഹം എക്കാലവും ഓര്‍ത്തുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് താക്കോല്‍ ഏറ്റുവാങ്ങി. ചേന്ദമംഗല്ലൂരിലെ ഇ പി കുടുംബമാണ് വീട് നിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായം നല്‍കിയത്. പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് വി പി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. വീട് പണി പെട്ടന്ന് പൂര്‍ത്തീകരിക്കുന്നതിന് നേതൃത്വം നല്‍കിയ എഞ്ചിനീയര്‍ മുഹമ്മദ്‌സഫീറിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റംല ഒ കെ എം ഉപഹാരം നല്‍കി. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി, വാര്‍ഡ് മെമ്പര്‍ മുഹമ്മദ് രിഫായത്ത്, പി സി മുഹമ്മദ് കുട്ടി, കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ജന. സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ എം അബ്ദുല്‍ മജീദ്, സി കെ അബ്ദുറഹിമാന്‍, മുഹമ്മദ് മോയത്ത്, എം എ യൂസുഫ് ഹാജി എന്നിവര്‍ സംസാരിച്ചു. കനിവ് ഗ്രാമം വൈസ് പ്രസിഡന്റ് ആര്‍ കെ അബ്ദുല്‍ മജീദ് സ്വാഗതവും നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ ഷമീര്‍ മോയത്ത് നന്ദിയും പറഞ്ഞു.
 
ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ഫൗണ്ടേഷന്‍ ചാരിറ്റബില്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു
താമരശേരി: താമരശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ദിവംഗതനായ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ സ്മരണാര്‍ത്ഥം രൂപീകരിച്ച ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. താമരശേരി രൂപത ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചാനിയില്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ മാര്‍ട്ടിന്‍ തോമസ്, മുന്‍ എം എല്‍ എമാരായ സി മോയിന്‍കുട്ടി, വി എം ഉമ്മര്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി ഡി ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ സരസ്വതി, ഫാ. മാത്യുമാവേലി, ഫാ. ജോസഫ് കീലത്ത്, ഫാ. തോമസ് നാഗപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. ചാക്കോ കാളംപറമ്പില്‍, ടി കെ തങ്കപ്പന്‍, കെ പ്രഭാകരന്‍ നമ്പ്യാര്‍, എം എം യൂസഫ് ഹാജി, ബാബു നമ്പൂതിരി, വി എല്‍ സെബാസ്റ്റ്യന്‍, അമീര്‍ മുഹമ്മദ് ഷാജി, സണ്ണി മാത്യു, ടി ആര്‍ ഓമനകുട്ടന്‍, അഡ്വ. ബെന്നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ആദ്യ സഹായങ്ങള്‍ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും ജോസ് കൈനടിയും വിതരണം ചെയ്തു.
 
കട്ടിപ്പാറയില്‍ പാലിയേറ്റീവ് കുടുംബ സംഗമം
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൂട്ട് 2018 പാലിയേറ്റിവ് കുടുംബ സംഗമം സംഘടിപ്പിച്ചു. പുല്ലാഞ്ഞിമേട് ഹെബ്രോണില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിലെ കിടപ്പ് രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്തു. കൂട്ട് 2018 പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി സി തോമസ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ മദാരി ജുബൈരിയ, ബേബി ബാബു, വാര്‍ഡ് മെമ്പര്‍മാരായ എ ടി ഹരിദാസന്‍, എ വി ലോഹിദാക്ഷന്‍, ഇന്ദിരാ ശ്രീധരന്‍, മേരി കുര്യന്‍, വത്സല കനകദാസ്, ടി പി മുഹമ്മദ് ഷാഹിം, പി സുബൈദ, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ ആര്‍ രാജന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ കെ പി ഷൈനി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫെസിന ഹസന്‍, ഹെബ്രോണ്‍ ഡയറക്ടര്‍ പാസ്റ്റര്‍ ജെംയിസ് ജോണ്‍, എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണാനന്ദന്‍ നന്ദി രേഖപ്പെടുത്തി. ഭിന്നശേഷിക്കാരിയായ നൂര്‍ ജലീല്‍ വിശിഷ്ടാതിഥിയായി. തുടര്‍ന്ന് പാലിയേറ്റിവ് കുടുംബാംഗങ്ങളുടെ കലാപരിപാടിയും നടന്നു.
 
വയനാട് ചുരത്തില്‍ ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
അടിവാരം: ചുരം ഒന്നാം വളവില്‍ ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വയനാട് ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പാര്‍സലുമായി പോവുകയായിരുന്ന ചരക്കു ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറി ഡ്രൈവര്‍ കൊടുവള്ളി പറമ്പത്ത്കാവ് സ്വദേശി എ പി അഷ്‌റഫ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ലോറിയിലുണ്ടായിരുന്ന പാര്‍സലുകള്‍ മാറ്റി കയറ്റിയ ശേഷം രാത്രിയോടെ ലോറി നീക്കം ചെയ്തു. അടിവാരം ഔട് പോസ്റ്റില്‍ നിന്നുള്ള പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
 
കരിപ്പൂരില്‍ വനിതാ ഹാജിമാര്‍ക്കായി പ്രത്യേക ബ്ലോക്ക് നിര്‍മ്മാണം ഉടന്‍
ബാലുശ്ശേരി: സംസ്ഥാനത്തെ ഹാജിമാരില്‍ വനിതകള്‍ക്ക് മാത്രമായി പ്രത്യേക കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. കിനാലൂര്‍ നടക്കുന്ന അബ്ദുറഷീദ് സഖാഫി കുറ്റ്യാടിയുടെ എട്ടാമത് നൂറെ മദീന നബി സ്‌നേഹപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂര്‍ ഹജ്ജ് ഹൗസിനു സമീപത്തായി ഹാജിമാരായ വനിതകള്‍ക്ക് മാത്രമായി പ്രത്യേക ബ്ലോക്ക് നിര്‍മ്മിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ കെട്ടിടം നിര്‍മിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ഇതിന്റെ നിര്‍മ്മാണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിക്കഴിഞ്ഞു. അഞ്ഞൂറോളം സ്ത്രീകള്‍ക്ക് ഉള്‍കൊള്ളാവുന്ന സൗകര്യങ്ങളോടുകൂടിയ കെട്ടിടം ഏഴു കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഈ വര്‍ഷം മുതല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ സൗകര്യം കരിപ്പൂരില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ നിന്നും ഉണ്ടായിരിക്കും. സംസ്ഥാനത്തെ മൊത്തം ഹാജിമാരില്‍ ബഹുഭൂരിഭാഗവും കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്. കരിപ്പൂരില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുന്നതോടെ ഹാജിമാരുടെ യാത്രാദുരിതങ്ങള്‍ക്ക് ഏറെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപ്പല്‍ വഴിയുള്ള യാത്രക്ക് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും വിമാന സര്‍വ്വീസിനേക്കാള്‍ ചിലവ് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു. കെ എച്ച് കോയ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് സഖാഫി കുറ്റ്യാടി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദലി കിനാലൂര്‍ സ്വാഗതവും യാസീന്‍ നന്ദിയും പറഞ്ഞു.
 
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇനി സൗജന്യ ഉച്ചഭക്ഷണം
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജനകീയപിന്തുണയോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെയും ഊട്ടുപുരയുടെയും ഉദ്ഘാടനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പേരാമ്പ്ര മേഴ്സി കോളജ് ആണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരുമാസത്തെ ഭക്ഷണം നല്‍കാനുള്ള തുക നല്‍കുന്നത്. പിന്നീടുള്ള തുക സംഭാവനയായി കണ്ടെത്തും. മേഴ്സി കോളജിലെ അധ്യാപകരും രക്ഷിതാക്കളും മനുഷ്യസ്നേഹപരമായ ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്നും ഇവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മേഴ്സി കോളജ് എം ഡി. ഡോ. രമ ബാലന്‍ ഒരു മാസത്തേക്കുള്ള ഭക്ഷണം നല്‍കുന്നതിനുള്ള തുകയുടെ ചെക്ക് മന്ത്രിക്കു കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സുനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ കെ ബാലന്‍, വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം കുഞ്ഞമ്മദ് മാസ്റ്റര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ നാരായണക്കുറുപ്പ്, മെമ്പര്‍ ജിതേഷ് മുതുകാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഗംഗാധരന്‍ മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ രതി രാജീവ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാമിന്‍ എന്നിവര്‍ സംസരിച്ചു. ഭക്ഷണവിതരണത്തിനായി 35 ലക്ഷം രൂപ ചെലവില്‍ ആണ് താലൂക്ക് ആശുപത്രി കോംപൗണ്ടില്‍ ഊട്ടുപുര നിര്‍മിച്ചിരിക്കുന്നത്. ഇവിടെ അടിസ്ഥാന സൗകര്യം ബ്ലോക്ക് പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റിനെയാണ് പാചക ചുമതല ഏല്‍പിച്ചിരിക്കുന്നത്. പേരാമ്പ്ര ധീര ഗ്യാസ് ഏജന്‍സി ആണ് ഗ്യാസ് കണക്ഷനും സ്റ്റൗവും നല്‍കിയത്.
 
സൈക്കിള്‍ സവാരിക്കിടെ കാറിടിച്ച് മരിച്ചു.
പുതുപ്പാടി: സൈക്കിള്‍ സവാരിക്കിടെ കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. പുതുപ്പാടി കാവുംപുറം കിളയില്‍ വളപ്പന്‍ അബ്ദുറഹ്മാന്‍(60) ആണ് മരിച്ചത്. കാര്‍ യാത്രക്കാരായ വയനാട് മേപ്പാടി സ്വദേശികളായ താഴേ അരപ്പറ്റ രവി (38), ദേവകി(65), നെടുംപാല വാസുവിന്റെ ഭാര്യ ബിലച്ച(62), പുതുക്കുടി സശിധരന്റെ മകന്‍ ശ്രീജില്‍(24) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ പുതുപ്പാടി മലപുറം അങ്ങാടിയിക്ക് സമീപത്തായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന കാറ് അബ്ദുറഹിമാന്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിക്കുകയായിരുന്നു. അബ്ദുറഹിമാനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച അബ്ദുറഹിമാന്‍. ഭാര്യ: ഖദീജ. മക്കള്‍: മുജീബ്, ജംഷാദ്. മരുമക്കള്‍: സബീന, ജസ്നിയ. സഹോദരങ്ങള്‍: മുഹമ്മദ്, സൈതലവി, ഇബ്രാഹിം, സുലൈമാന്‍, പാത്തുമ്മ, കദീജ.
 
ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു
അടിവാരം: വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്നും വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന കണ്ടയ്‌നര്‍ ലോറിയാണ് കത്തി നശിച്ചത്. ചുരം ഒന്നാം വളവിനു സമീപം ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. ലോറിയുടെ കാബിനില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ െ്രെഡവര്‍ ലോറി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ വന്‍ ശബ്ദത്തോടെ തീ ആളി പടര്‍ന്നു. മുക്കത്ത് നിന്നുമ 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഇതേ തുടര്‍ന്ന് ഒന്നര മണിക്കൂറോളം ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. അടിവാരം ഔട്ട് പോസ്റ്റില്‍ നിന്നുള്ള പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies