21-May-2019 (Tue)
 
 
 
ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു
അടിവാരം: വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്നും വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന കണ്ടയ്‌നര്‍ ലോറിയാണ് കത്തി നശിച്ചത്. ചുരം ഒന്നാം വളവിനു സമീപം ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. ലോറിയുടെ കാബിനില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ െ്രെഡവര്‍ ലോറി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ വന്‍ ശബ്ദത്തോടെ തീ ആളി പടര്‍ന്നു. മുക്കത്ത് നിന്നുമ 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഇതേ തുടര്‍ന്ന് ഒന്നര മണിക്കൂറോളം ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. അടിവാരം ഔട്ട് പോസ്റ്റില്‍ നിന്നുള്ള പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
 
കിത്താബ് നാടകം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കാനില്ലെന്ന് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍
വടകര: ഇസ്ലാമിനെ അവഹേളിക്കുന്നുവെന്ന പരാതി ഉയര്‍ന്ന കിത്താബ് നാടകം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കാനില്ലെന്ന് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധികൃതര്‍. വടകരയില്‍ നടന്ന ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചെങ്കിലും നാടകത്തിലെ ഉള്ളടക്കത്തിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് സ്‌കൂള്‍ അധികൃതര്‍ പിന്‍മാറിയത്. റഫീഖ് മംഗലശ്ശേരി രചിച്ച നാടകത്തിനെതിരെ കലോത്സവ വേദിയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.
 
റെയില്‍വെ ക്വാട്ടേഴ്‌സ് പരിസരം അടിയന്തിരമായി വൃത്തിയാക്കണം: ജില്ലാ കലക്ടര്‍
കോഴിക്കോട്: റെയില്‍വെ ക്വാട്ടേഴ്‌സ് പരിസരം അടിയന്തിരമായി കാട് വെട്ടിമാറ്റി വൃത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു റെയില്‍വെ സ്‌റ്റേഷന്‍ മാനേജര്‍ കെ വി വിജയകുമാറിന് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം പ്രദേശത്ത് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്. 1.8 ഏക്കര്‍ വരുന്ന പ്രദേശത്ത് പതിനഞ്ച് ക്വാട്ടേഴ്‌സില്‍ നിലവില്‍ ആറെണ്ണം ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ സമൂഹവിരുദ്ധര്‍ താവളമാക്കുകയാണെന്ന് പരാതി വ്യാപകമായ സാഹചര്യത്തില്‍ ക്വാട്ടേഴ്‌സ് പരിസരത്ത് രണ്ട് സുരക്ഷാ ജീവനക്കാരെ നിയമിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. ക്വാട്ടേഴ്‌സ് പരിസരം അസിസ്റ്റന്റ് കലക്ടര്‍ കെ എസ് അഞ്ജുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് റെയില്‍വെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തഹസില്‍ദാര്‍ എന്‍ പ്രേമചന്ദ്രന്‍, ടൗണ്‍ സി ഐ. സുഭാഷ് ചന്ദ്രന്‍, വില്ലേജ് ഓഫീസര്‍ (ടൗണ്‍) ഒ ഉമാകാന്ത്, ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
മലാപറമ്പ്: ലോക എയ്ഡ്‌സ് ദിനത്തിനോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ തെരുവ് നാടക മത്സരത്തിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ. എം സുജാത നിര്‍വഹിച്ചു. കേരള എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മനുഷ്യവിഭവ ശേഷിയെയും സാമൂഹ്യബന്ധങ്ങളുടെ കെട്ടുറപ്പിനെയും ബാധിക്കുന്ന എയ്ഡ്‌സിനെതിരെയുള്ള സന്ദേശം വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലെത്തിക്കുയാണ് പരിപാടിയുടെ ലക്ഷ്യം. മലാപറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് എഡുക്കേഷന്‍ ഓഫീസര്‍ കെ പി സാദിഖ് അലി, എന്‍ എച്ച് എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് സി ദിവ്യ, കൗണ്‍സിലര്‍ ശ്രീബേഷ് തുടങ്ങിയവര്‍ സംസാരിച്ചു. തെരുവ് നാടക മത്സരത്തില്‍ ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രം മലാപറമ്പ് ഒന്നാം സ്ഥാനവും, ഗുരുവായൂരപ്പന്‍ കോളേജ് രണ്ടാം സ്ഥാനവും, ഗവ. നഴ്‌സസ് സ്‌കൂള്‍ ബീച്ച്, പ്രൊവിഡന്‍സ് വുമണ്‍സ് കോളേജ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
കോഴിക്കോട്: കേരള നവോത്ഥാനം പ്രമേയമാക്കി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പ് മാനാഞ്ചിറ മൈതാനത്തിനോട് ചേര്‍ന്നുള്ള അന്‍സാരി പാര്‍ക്കില്‍ ആരംഭിച്ചു. അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ കരിവെള്ളൂര്‍ മുരളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അക്കാദമി നിര്‍വ്വാഹകസമിതി അംഗം പോള്‍ കല്ലാനോട് അധ്യക്ഷത വഹിച്ചു. നിര്‍വ്വാഹക സമിതി അംഗം എബി എന്‍ ജോസഫ്, മാനേജര്‍ എ എസ്, സുഗതകുമാരി എന്നിവര്‍ സന്നിഹിതരായിരുന്നു. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നവോത്ഥാന മൂല്യങ്ങളുടെ മഹിമ ചോരാതെ ജനങ്ങളെ ഉണര്‍ത്താനും ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ച് സമൂഹത്തെ മുന്നോട്ട് നയിക്കാനും ചിത്രകലയ്ക്കാകുമെന്ന ആശയത്തെ തുടര്‍ന്നാണ് അക്കാദമി സംസ്ഥാനതല ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രശാന്ത് ഒളവിലം, തങ്കരാജന്‍ വി വി, ബിനുകുമാര്‍ വി, ശരവണ്‍ ബോധി, റോയ് കെ ജോണ്‍, ടിനു കെ ആര്‍, ഷാജി സി കെ, ഉത്തര രമേഷ്, രമേശന്‍ എം, പ്രസന്നന്‍ സി പി, നന്ദു കൃഷ്ണ പി, രാമചന്ദ്രന്‍, ശെല്‍വന്‍ മേലൂര്‍, ജീവന്‍ചി, രാജേഷ് മണിമല, ജെയിന്‍ ജോസഫ്, സത്യനാഥ് എ, രാജേഷ് ട്വിങ്കിള്‍, ബിജുകുമാര്‍ ആര്‍, ഗോവിന്ദന്‍ കണ്ണപുരം എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് ഡിസംബര്‍ ഒന്നിന് സമാപിക്കും.
 
വൈദികന്റെ വൈരക്കല്ല് തട്ടിപ്പിനിരയായ വ്യവസായി കടക്കെണിയില്‍
തിരുവമ്പാടി: തിരുവമ്പാടി പുല്ലൂരാംപാറയില്‍ വൈദികന്റെ വൈരക്കല്ല് തട്ടിപ്പിനിരയായ വ്യവസായി കടക്കെണിയിലായി. പുല്ലൂരാംപാറ പ്ലാത്തോട്ടത്തില്‍ അബ്രഹാം ആണ് കോടഞ്ചേരി നെല്ലിപ്പൊയില്‍ സ്വദേശിയും താമരശ്ശേരി രൂപതിയിലെ വികാരിയുമായ ഫാ. ജോസഫ് പാംപ്ലാനിയുടെ തട്ടിപ്പിനിരയായി പെരുവഴിയിലായത്. കണ്ണൂര്‍ ആലക്കോട് ഉദയഗിരി സ്വദേശിയായ ജോയിയുടെ കയ്യില്‍ 200 കോടി വില വരുന്ന വൈരക്കല്ലുണ്ടെന്നും ഒരു കോടി രൂപ നല്‍കിയാല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നും അറിയിച്ചാണ് തിരുവമ്പാടി പുന്നക്കല്‍ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് വികാരിയായിരുന്ന ഫാ. ജോസഫ് പാംപ്ലാനിയും സഹോദരന്‍ സെബാസ്റ്റിയനും അബ്രഹാമിനെ സമീപിച്ചത്. 2014 ജൂണിലായിരുന്നു സംഭവം. കണ്ണൂരിലെ വീട്ടിലെത്തിച്ച് വൈരക്കല്ലെന്ന് തോന്നിപ്പിക്കുന്ന വസ്തു കാണിച്ചു കൊടുക്കുകയും ഒരു കോടി മുടക്കിയാല്‍ 25 കോടി തിരിച്ചു കിട്ടുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് പലപ്പോഴായി വൈദികന്‍ 89.5 ലക്ഷം രൂപ വാങ്ങിയെടുത്തുവെന്നും രണ്ട് വര്‍ഷം കഴിഞ്ഞും മുടക്കുമുതല്‍ പോലും ലഭിക്കാതിരുന്നതോടെ പണം തിരികെ ചോദിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായതെന്നും അബ്രഹാം പറയുന്നു. വിശ്വാസം മുതലെടുത്താണ് പണം കൈക്കലാക്കിയത്. വീട്ടില്‍ വന്ന് പണം വാങ്ങുമ്പോഴെല്ലാം യേശുവിന്റെ രൂപത്തിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ച് വിശ്വാസം നേടിയെടുക്കുകയായിരുന്നു. പലപ്പോഴായി താമരശ്ശേരി രൂപതാ അധ്യക്ഷന്‍ റെമിജിയോസ് ഇഞ്ചനാനിയലിനെ സമീപിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് 18 ലക്ഷം രൂപ തിരിച്ചു നല്‍കി. ബിസിനസിന് ഉപയോഗിച്ചിരുന്ന പണത്തിന് പുറമെ വിവിധ ബേങ്കുകളില്‍നിന്നും ലോണെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് പണം നല്‍കിയത്. ഇതോടെ നിലവിലുണ്ടായിരുന്ന ബിസിനസും തകര്‍ന്നു. പോലീസില്‍ പരാതിപ്പെടരുതെന്നും പണം വാങ്ങിത്തരാമെന്നുമുള്ള ബിഷപ്പിന്റെ ഉറപ്പിന്‍മേലാണ് രണ്ട് വര്‍ഷം കാത്തിരുന്നതെന്നും ബേങ്കുകളില്‍ നിന്നും ജപ്തി നോട്ടീസുകളും വരാന്‍ തുടങ്ങിയതോടെമറ്റു മാര്‍ഗ്ഗങ്ങളില്ലാതെയാണ് പരാതി നല്‍കിയതെന്നും അബ്രഹാം പറയുന്നു. സംഭവത്തില്‍ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ വൈദികനും സഹോദരനും ഒളിവില്‍ പോയി. കോഴിക്കോട് സെഷന്‍ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടെ കൂടുതല്‍ പേര്‍ വൈദികന്റെ തട്ടിപ്പിനിരയായതായും സൂചനയുണ്ട്. വൈദികര്‍ പോലും ഇക്കൂട്ടത്തിലുണ്ടെന്നാണ് സംസാരം. മാനഹാനി ഭയന്നാണ് പലരും പരാതിപ്പെടാത്തതെന്നും രഹസ്യമായി പണം വാങ്ങിയെടുക്കാനുള്ള ശ്രമങ്ങല്‍ നടത്തുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
 
വിവാദങ്ങള്‍ക്കൊടുവില്‍ മുക്കം സര്‍വ്വീസ് സഹകരണ ബേങ്ക് ഭരണസമിതി അധികാരമേറ്റു
മുക്കം: വിവാദങ്ങള്‍ക്കൊടുവില്‍ മുക്കം സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേറ്റു. ഒരു മാസത്തോളം നീണ്ടു നിന്ന വിവാദങ്ങള്‍ക്കും കോടതി നടപടികള്‍ക്കുമൊടുവിലാണ് യു ഡി എഫ് നേതൃത്വത്തിലുള്ള ഭരണ സമിതി അധികാരമേറ്റത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതലുള്ള വിവാദങ്ങളും സംഘര്‍ഷങ്ങളും മുന്‍ നിര്‍ത്തി വന്‍ പോലീസ് കാവലിലാണ് ചടങ്ങുകള്‍ നടന്നത്. റിട്ടേണിംഗ് ഓഫീസറായ കെ എം അഭിലാഷാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്. പ്രസിഡന്റായി കോണ്‍ഗ്രസിലെ ബാലനും വൈസ് പ്രസിഡന്റായി മുസ്ലിം ലീഗിലെ ഷറഫുദ്ധീനം തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് യു ഡി എഫ് പ്രവര്‍ത്തകര്‍ മുക്കത്ത് ആഹ്ലാദ പ്രകടനം നടത്തി. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും എം എല്‍ എ ക്കും എന്തെല്ലാം വൃത്തികേടുകളും അധികാര ദുര്‍വിനിയോഗവും നടത്താന്‍ സാധിക്കുമോ അതെല്ലാം നടത്തിയിട്ടും ഏശാതെ പോയ ചരിത്രം മുക്കം സര്‍വീസ് സഹകരണ ബേങ്കിന് മാത്രം അവകാശപ്പെട്ടതാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ് പറഞ്ഞു. സി കെ കാസിം, സി ജെ ആന്റണി, എം ടി അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
 
കോഴിക്കോട്: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മീഞ്ചന്ത ആര്‍ട്സ് കോളേജില്‍ ആരോഗ്യ വകുപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എസ് ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. പി പി പ്രമോദ് കുമാര്‍ എയ്ഡ്സ് ദിന സന്ദേശം നല്‍കി. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടയും ആശുപത്രിയിലെ ബ്ലഡ് ബാങ്ക് യുണിറ്റാണ് രക്തശേഖരണം നടത്തിയത്. ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, എം എ കോളേജ് യൂണിയന്‍ എക്സിക്യൂട്ടീവ് ഗോകുല്‍ കൃഷ്ണ, പി എസ് ധാത്രിയ തുടങ്ങിയവര്‍ സംസാരിച്ചു.
 
വിസ്മയ കാഴ്ചകളൊരുക്കി പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്‌കൂളില്‍ വിസ്മയം 2018
പന്നൂര്‍: വിസ്മയ കാഴ്ചകളൊരുക്കി പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച വിസ്മയം 2018 ശ്രദ്ദേയമായി. വിവിധ ശില്‍പ്പശാലകളിലൂടെ വിദ്യാര്‍ത്ഥികള്‍ പരിശീലിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം പുതു തലമുറക്ക് അന്യമായ പഴയകാല വസ്തുക്കളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. സ്‌കൂളില്‍ നടത്തിയ ശില്‍പ്പശാലകളില്‍ നിന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിശീലിച്ച വായനാ കാര്‍ഡ്, ഗണിത പഠനോപകരണങ്ങള്‍, ശാസ്ത്ര പരീക്ഷണങ്ങള്‍, ആര്‍ട് ആന്റ് ക്രാഫ്റ്റ്, പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, അലങ്കാര വസ്തുക്കള്‍, ക്ലേ മോഡലിംഗ്, പേപ്പര്‍ ക്രാഫ്റ്റ്, വെജിറ്റബിള്‍ പ്രിന്റിംഗ് തുടങ്ങിയവയാണ് പ്രദര്‍ശിപ്പിച്ചത്.
 
കൊടുവള്ളി നഗരസഭയില്‍ സമ്പൂര്‍ണ്ണ ഡിജിറ്റര്‍ വിവര ശേഖരണത്തിന് തുടക്കം
കൊടുവള്ളി: കൊടുവള്ളി നഗരസഭയില്‍ സമ്പൂര്‍ണ്ണ ഡിജിറ്റര്‍ വിവര ശേഖരണം ആരംഭിച്ചു. നഗരസഭയുടെ ഭരണം ഡിജിറ്റലൈസ് ചെയ്യുന്നതിനായുള്ള ഇന്റലിജന്റ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് പദ്ധതിയാണ് കൊടുവള്ളിയില്‍ നടപ്പിലാക്കുന്നത്. നഗര സഭയിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും ഫോട്ടോകളും നഗരസഭാ പിരിധിയിലെ താമസക്കാരുടെ പൂര്‍ണ വിവരങ്ങളും ഡിജിറ്റര്‍ സര്‍വെയിലൂടെ ശേഖരിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ഡി ജി പി എസ്, ഡ്രോണ്‍, ലേസര്‍ ടേപ്പ് എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഫോട്ടോകളും മറ്റു വിവരങ്ങളും ശേഖരിക്കുന്നതിനു പുറമെ മുഴുവന്‍ വീടുകളിലും കയറി വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക വെബ് പോര്‍ട്ടലില്‍ രേഖപ്പെടുത്തും. ഏതൊരു കെട്ടിടത്തിന്റെയും നമ്പര്‍ ഉപയോഗിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്നതിനാല്‍ കൃത്യ നിര്‍വഹണം കുറ്റമറ്റതാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡ്രോണ്‍ ഉപയോഗിച്ചാണ് കെട്ടിടങ്ങളുടെയും മറ്റും ഫോട്ടോകള്‍ പകര്‍ത്തുന്നത്. റോഡ്, പാലം, കള്‍വര്‍ട്ട്, ഡ്രൈനേജ്, കനാല്‍, റോഡ് ജംഗ്ഷന്‍, റോഡ് സിഗ്നല്‍, ഡിവൈഡര്‍, പാര്‍ക്കിംഗ് എന്നിവയുടെയെല്ലാം ഫോട്ടോകളും പൂര്‍ണ വിവരങ്ങളും ശേഖരിക്കും. ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയാണ് പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. രഹസ്യ വിവരങ്ങള്‍ ഒഴികെയുള്ളവ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്ന രീതിയിലാണ് വെബ് പോര്‍ട്ടല്‍ ക്രമീകരിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ വ്യാപാര വ്യവസായ മേഖലകള്‍ക്കുള്‍പ്പെടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies