21-May-2019 (Tue)
 
 
 
മുപ്പത് കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍
കുന്ദമംഗലം: കുന്ദമംഗലത്ത് 30 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. പെരുവയല്‍ പൂവ്വാട്ട് പറമ്പ് ചാലുമ്പാട്ടില്‍ ജിഷാദ്(39) ആണ് പിടിയിലായത്. കുന്ദമംഗലം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദേശമദ്യം പിടികൂടിയത്. കുന്ദമംഗലം, ചെത്തുകടവ്, വരട്ട്യാക്കല്‍ എന്നീ ഭാഗങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് മാഹി മദ്യം വില്‍പ്പന നടത്തുന്നയാളാണ് പിടിയിലായതെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്.
 
കഞ്ചാവ് മൊത്ത വിതരണക്കാരന്‍ പിടിയില്‍
താമരശ്ശേരി: രണ്ടേകാല്‍ കിലോ കഞ്ചാവുമായി കഞ്ചാവ് മൊത്ത വിതരണക്കാരന്‍ താമരശ്ശേരിയില്‍ എക്‌സൈസിന്റെ പിടിയിലായി. പരപ്പന്‍പൊയില്‍ കതിരോട് കൈപ്പുറായില്‍ സജീഷ് കുമാര്‍(30) ആണ് പിടിയിലായത്. കോഴിക്കോട് എക്‌സൈസ് ഡെപ്യൂ. കമ്മീഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി, കൊടുവള്ളി മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഇയാള്‍ കഞ്ചാവ് വിതരണം ചെയ്യുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും നേരിട്ട് കഞ്ചാവ് എത്തിച്ചാണ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. കൊടുവള്ളിയിലെ വില്‍പ്പനക്കാരന് കൈമാറാനുള്ള കഞ്ചാവുമായി പോകുമ്പോഴാണ് എക്‌സൈസിന്റെ പിടിയിലായത്. 2.200 കിലോ കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച കെ എല്‍ 57 എം 4322 നമ്പര്‍ ബൈക്കും എക്‌സൈസ് പിടിച്ചെടുത്തു. നേരത്തെ മാഹി മദ്യവുമായി താമരശ്ശേരി പോലീസിന്റെ പിടിയിലായ സജീഷ് കുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് കഞ്ചാവ് വില്‍പ്പന ആരംഭിച്ചത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സദാനന്ദന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ചന്ദ്രന്‍ കുഴിച്ചാലില്‍, പി സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി നൗഫല്‍, കെ ജി ജിനീഷ്, വി ആര്‍ അശ്വന്ത്, എന്‍ പി വിവേക്, സുരേഷ് ബാബു, സി ജി ഷാജു, ഡ്രൈവര്‍ സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
 
തിരുവമ്പാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
തിരുവമ്പാടി: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവമ്പാടി പുന്നക്കല്‍ വരതായില്‍ റഷീദി(34) നെ യാണ് പുന്നക്കല്‍ അങ്ങാടിക്ക് സമീപം തോട്ടിന്‍ കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ടാപ്പിംഗിനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. റഷീദിന്റെ ബൈക്ക് ദേഹത്തേക്ക് വീണ നിലയിലാണ്. തിരവമ്പാടി എസ് ഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
 
സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
മണാശേരി: മണാശേരി ഗവ. യു പി സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ ചെയ്ത് നവീകരിച്ച 21 ക്ലാസ് മുറികളുടെ ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഇനിയുള്ള സ്‌കൂള്‍ വികസന പ്രവൃത്തികള്‍ക്കായി ഒരു കോടി രൂപ മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. കൂടാതെ ജോര്‍ജ് എം തോമസ് എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും നീക്കിവെച്ചു. ജനകീയ പങ്കാളിത്തത്തോടെ പിരിച്ചെടുത്ത ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക് കളിയൂഞ്ഞാല്‍ ജോര്‍ജ് എം തോമസ് എം എല്‍ എ കുട്ടികള്‍ക്കായി തുറന്നുകൊടുത്തു. സ്‌കൂളില്‍ നടത്തുന്ന പുസ്തകോത്സവത്തിന്റെ പണക്കുട്ടകയിലേക്കുള്ള പണം മുക്കം നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍ മാസ്റ്റര്‍ സ്വീകരിച്ചു. സ്‌കൂളില്‍ നിര്‍മ്മിച്ച ശില്‍പോദ്യാനത്തിന്റെ ഉദ്ഘാടനം മുക്കം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ജോര്‍ജ് എം തോമസ് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുക്കം നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍ മാസ്റ്റര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
 
കോഴിക്കോട്: കോഴിക്കോട്ടെത്തുന്ന യാത്രക്കാര്‍ക്ക് ഇനി വൃത്തിയും വെടിപ്പുമുള്ള ശുചിമുറി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. വിരല്‍ത്തുമ്പിനറ്റത്ത് ഇതിനുള്ള ക്ലൂ ഉണ്ട്. ജില്ലയിലെ പൊതു ശൗചാലയങ്ങളുടെ അഭാവം പരിഹരിക്കന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പുതിയ പദ്ധതിയാണ് ക്ലൂ. ഒരു രൂപ പോലും മുടക്കു മുതലില്ലാതെയാണ് ഈ പദ്ധതി യഥാര്‍ത്ഥ്യമാകുന്നത്. ജില്ലാ ഭരണകൂടവും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോന്റ്‌റ് അസോസിയേഷനും സംയുക്തമായാണ് സംരംഭം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകഷ്ണന്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ 100 ഓളം റസ്‌റ്റോറന്റുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ പങ്കാളികളാവുക. ആരോഗ്യ വകപ്പു ജീവനക്കാര്‍, ഹൗസ്‌കീപ്പിങ്ങ് ഫാക്കല്‍റ്റിമാര്‍, കെ എച്ച് ആര്‍ എ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒരുമിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വൃത്തിയുള്ള ശുചി മുറിയുള്ള ഹോട്ടലുള്‍ തിരഞ്ഞെടുത്തത്. തുടര്‍ന്നുള്ള ക്യത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതാത് ഹോട്ടലുകള്‍ നിര്‍വ്വഹിക്കും. പദ്ധതിയില്‍ ഉള്‍പ്പെട്ട ഹോട്ടലുകള്‍ കണ്ടെത്തുന്നതിനായി ഹോട്ടലുകളുടെ ചിത്രവും, ഫോണ്‍ നമ്പരും മറ്റ് വിവരങ്ങളും അടങ്ങുന്ന ക്ലൂ എന്ന മൊബൈല്‍ ആപ് ഉപയോഗപ്പെടുത്താം. ബാഗ്ലൂര്‍ ആസ്ഥാനമായുള്ള ഫ്രവുഗല്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രേരാമ്പ്ര ശാഖയിലെ അനില്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ സ്‌റ്റോറുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായ ഏറ്റവും അടുത്തുള്ള റസ്‌റ്റോറന്റ് ടോയ്‌ലെറ്റ് കണ്ടെത്താനാകും. ഡയമണ്ട് പ്ലസ്, ഡയമണ്ട്, ഗോള്‍ഡ് പ്ലസ്, ഗോള്‍ഡ് എന്നിങ്ങനെ നാല് കാറ്റഗറിയിലുള്ള റസ്റ്റ് റൂമുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. പാര്‍ക്കിംഗ് സ്‌പേസിന്റെ ലഭ്യതയും ആപ്പിലൂടെ മനസ്സിലാക്കാം. പൊതുജനങ്ങള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും പരസ്പരം ഗുണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
 
വനിതാ ശിശുക്ഷേമം സര്‍ക്കാറിന്റെ മുഖ്യപരിഗണന: മന്ത്രി ടി പി രാമകൃഷ്ണന്‍
കോഴിക്കോട്: കുട്ടികളുടെയും കൗമാരക്കാരുടെയും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സംസ്ഥാന ബജറ്റിന്റെ 16 ശതമാനം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെച്ചെന്നും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി ജെന്‍ഡര്‍ ബഡ്ജറ്റ് ആണ് കേരളത്തിലുള്ളത്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കുട്ടികളിലും കൗമാരക്കാര്‍ക്കുമിടയിലുണ്ടാകുന്ന ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് അവരെ ലഹരിക്ക്് അടിമകളാക്കുന്നവരെ സമൂഹം ഒറ്റക്കെട്ടായി നേരിടണം, നവ മാധ്യമങ്ങളിലെ മരണഗ്രൂപ്പുകളില്‍ കുട്ടികള്‍ അകപ്പെടുന്നത് തടയാന്‍ വീടിനുള്ളില്‍ സൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എ സി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് കെയര്‍ സെന്റര്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ സെന്ററില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ഹോളി ഇന്റര്‍ വെന്‍ഷന്‍ ക്ലിനിക്കിന്റെയും അഡോളസെന്റ് ഹെല്‍ത്ത് ക്ലിനിക്, ഓട്ടിസം ക്ലിനിക്കിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. സ്ഥാപനത്തിന്റെ വികസനം സംബന്ധിച്ച് തയ്യാറാക്കിയ രൂപരേഖ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് കൈമാറി. സ്പന്ദനം പ്രോജക്റ്റിനെയും സ്ഥാപനത്തെയും കുറിച്ചുള്ള അയനം ഡോക്യുമെന്ററിയുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.
 
ശുദ്ധമായ വെളിച്ചെണ്ണ ലോകവിപണിയില്‍ എത്തിക്കുകയാണ് ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്‍
കോഴിക്കോട്: നാളികേര കൃഷിയെ പ്രോത്സാഹിപ്പിച്ച് ശുദ്ധമായ വെളിച്ചെണ്ണ ലോകവിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. നാളികേര കൃഷിയില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം വിത്തു തേങ്ങയുടെ ഉദ്പാദനകുറവാണ്. ഉദ്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി തെങ്ങ് കൃഷിയെ പ്രോത്‌സാഹിപ്പിക്കാനായി ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ കൃഷിയേയും പ്രോത്‌സാഹിച്ച് കൊണ്ട് കാര്‍ഷിക മേഖലയ്ക്ക് വലിയ പരിഗണന കൊടുത്ത് നമ്മുടെ നാടിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കൃഷിക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടിയുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിവില്‍ സ്‌റ്റേഷനില്‍ പുതുതായി ആരംഭിച്ച കുടുംബശ്രീ സുഭിക്ഷ ഔട്ട് ലെറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഭിക്ഷ പദ്ധതി വിപുലപ്പെടുത്തി സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടല്ല ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സപ്ലൈകോയുടെ 13 നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. വിലവര്‍ദ്ധനവല്ല നിയന്ത്രണമാണ് ഇത്തരം സ്ഥാപനങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
താമരശ്ശേരി ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു
അടിവാരം: താമരശ്ശേരി ചുരത്തില്‍ ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ചുരം എട്ടാം വളവില്‍ പുലര്‍ച്ചെ ആയിരുന്നു അപകടം. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നും സിമന്റ് കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. െ്രെഡവര്‍ കൊല്ലം സ്വദേശി റിയാസ് അമീര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബ്രൈക് നഷ്ട്ടപ്പെട്ട ലോറി എട്ടാം വളവില്‍ സംരക്ഷണ ഭിത്തി തകര്‍ത്തു കൊക്കയിലേക്ക് പതിക്കുകയായിരുന്നു. താഴ്ചയിലേക്ക് വീഴാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
 
മാനാഞ്ചിറ സ്‌ക്വയറിന്റെ മുഖഛായ മാറുന്നു; നവീകരണ പ്രവൃത്തിക്ക് തുടക്കമായി
കോഴിക്കോട്: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മാനാഞ്ചിറ സ്‌ക്വയറിന്റെ മുഖഛായ മാറുന്നു. മൂന്ന് കോടി ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 1.70 കോടിയും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷവും ബാക്കി തുക കോഴിക്കോട് കോര്‍പറേഷനുമാണ് ചെലവഴിക്കുന്നത്. മാനാഞ്ചിറ വര്‍ഷങ്ങളായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ ജീര്‍ണാവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിലാണ് വിനോദ സഞ്ചാര വകുപ്പും കോര്‍പറേഷനും നവീകരണത്തിന് മുന്‍കൈയെടുത്തത്. കലക്ടര്‍ യു വി ജോസിന്റെ പരിശ്രമവും മാനാഞ്ചിറയുടെ നവീകരണത്തിന് മുതല്‍ കൂട്ടായി. മിഠായിതെരുവിന്റെ നവീകരണത്തോടൊപ്പം മാനാഞ്ചിറ സ്‌ക്വയറും നവീകരിക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയതെങ്കിലും സാങ്കേതിക കാരണങ്ങളില്‍പ്പെട്ടാണ് പദ്ധതിക്ക് കാലതാമസം നേരിട്ടത്. ഓപ്പണ്‍ എയര്‍ സ്റ്റേജ്, നടപ്പാത മോടിയാക്കല്‍, മഴ ഷെല്‍ട്ടര്‍, പുതിയ വൈദ്യുത വിളക്കുകള്‍, നിലവില്‍ പൊളിഞ്ഞ മതില്‍ഭാഗങ്ങളുടെ പുനര്‍നിര്‍മ്മാണം, ടോയ്‌ലറ്റ് നിര്‍മ്മാണം, പ്രവേശന കവാടത്തിന്റെ സൗന്ദര്യവല്‍ക്കരണം, പുല്‍ത്തകിടിയുടെ മോടികൂട്ടല്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. മാനാഞ്ചിറയുടെ നിലവിലെ കാഴ്ചയില്‍ നിന്നും തികച്ചും വ്യത്യസ്തമായ പുതുകാഴ്ചയാണ് പദ്ധതി നടപ്പാക്കുന്നതിലൂടെ മാനാഞ്ചിറ സ്‌ക്വയര്‍ കൈവരിക്കുകയെന്ന് ആര്‍ക്കിടെക്ട് ആര്‍ കെ രമേശ് പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നവീകരണ പ്രവൃത്തി ഏറ്റെടുത്തത്. നാല് മാസം കൊണ്ട് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ഡോ. എം കെ മുനീര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ യു വി ജോസ്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, ആര്‍ക്കിടെക്ട് ആര്‍ കെ രമേശ് എന്നിവര്‍ പങ്കെടുത്തു.
 
പ്രളയ ബാധിതര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ സഹായ ഹസ്തം
കട്ടിപ്പാറ: ജമാഅത്തെ ഇസ്ലാമിയുടെ പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്രളയ ബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. കോഴിക്കോട് ജില്ലയില്‍ പ്രളയം ദുരിതം വിതച്ച കട്ടിപ്പാറയില്‍ ഉള്‍പ്പെടെ 22 വീടുകളാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്നത്. കൂടാതെ ഭവനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നിര്‍വഹിക്കാനാണ് തീരുമാനം. പദ്ധതിയുടെ പ്രഖ്യാപനം കട്ടിപ്പാറയില്‍ നടന്ന ചടങ്ങില്‍ കേരള ജമാഅത്തെ ഇസ്ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies