24-Mar-2019 (Sun)
 
 
 
മുക്കത്ത് നാലംഗ പോക്കറ്റടി സംഘം പിടിയില്‍
മുക്കം: സംസ്ഥാന വ്യാപകമായി പോക്കറ്റടി നടത്തി വരുന്ന നാലംഗ സംഘം മുക്കത്ത് പോലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശിയും മലപ്പുറം കരുവാരക്കുണ്ടില്‍ സ്ഥിരതാമസക്കാരനുമായ വെളളയില്‍ ഭായ് എന്നറിയപ്പെടുന്ന ഹസ്സന്‍ (61), തിരുവമ്പാടി സ്വദേശി മരക്കാട്ടുചാലില്‍ ആഷിഖ്(26), വയനാട് പുല്‍പ്പള്ളി സ്വദേശി വാക്കയില്‍ ബിനോയ്(43), താമരശ്ശേരി അമ്പായത്തോട് സ്വദേശി ഷെമീര്‍ (40) എന്നിവരാണ് പിടിയിലായത്. മലപ്പുറം, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലായി നിരവധി പോക്കറ്റടി കേസുകളില്‍ പ്രതികളാണ് സംഘമെന്ന് പോലീസ് അറിയിച്ചു. താമരശ്ശേരി ഡി വൈ എസ് പി. പി ബിജുരാജിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മുക്കം എസ് ഐ. കെ പി അഭിലാഷും സംഘവും നടത്തിയ പരിശോധനയിലാണ് പോക്കറ്റടി സംഘം പിടിയിലായത്. ഇവര്‍ താമസിക്കുന്ന സ്വകാര്യ ലോഡ്ജിന് സമീപം പോലീസ് കാവലിരിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച് രാവിലേയും വൈകുന്നേരങ്ങളിലും തിരക്കുളള ബസ്സുകളില്‍ കയറി പോക്കറ്റടി നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് മുക്കം എസ് ഐ. കെ പി അഭിലാഷ് പറഞ്ഞു. പണം നഷ്ട്ടപ്പെട്ട ആളുകള്‍ പരാതിപ്പെടാത്തതാണ് ഇവര്‍ പിടിക്കപ്പെടാതിരുന്നതിന് കാരണമെന്നും പോലീസ് പറഞ്ഞു. താമരശ്ശേരി ഡി വൈ എസ് പി യുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷിബില്‍ ജോസഫ്, ഷെഫീഖ് നീലിയാനിക്കല്‍, മുക്കം പോലീസ് സ്റ്റേഷനിലെ എ എസ് ഐ. ജെയമോദ്, സീനിയര്‍ സി പി ഒ. സലിം മുട്ടത്ത്, ശ്രീജേഷ്, ശ്രീകാന്ത്, ജിതിന്‍ലാല്‍, രജനി എന്നിവരടങ്ങിയ സംഘമാണം പരിശോധന നടത്തിയത്. താമരശ്ശേരി കോടതിയിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ്് ചെയ്തു.
 
വെള്ളമുണ്ടയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ വിശ്വനാഥന്‍ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍
മാനന്തവാടി: വെള്ളമുണ്ട ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കുറ്റ്യാടി തൊട്ടില്‍പ്പാലം കാവിലുംപാറ കലിങ്ങോട്ടുമ്മല്‍ വിശ്വനാഥനെയാണ് മാനന്തവാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തുടരന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ചൊവ്വാഴ്ച്ച രാവിലെയാണ് വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടര മാസം കൊണ്ട് അതി സാഹസികമായി നടത്തിയ അന്വേഷണമാണ് പ്രതിയെ കുരുക്കിലാക്കിയത്. ജൂലായ് ആറിനാണ് കണ്ടത്തുവയല്‍ പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവരെ മോഷണ ശ്രമത്തിനിടെ വിശ്വനാഥന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്ന വിശ്വനാഥന്‍ ഏറെക്കാലം ലോട്ടറി വിറ്റ് നടന്ന് സ്ഥല പരിചയമുണ്ടാക്കിയ ശേഷം മോഷണത്തിനായുള്ള പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ചെന്ന് കരുതുന്ന സ്വര്‍ണം ഇയാള്‍ കുറ്റ്യാടിയിലെ ഒരു സേട്ടുവിനായിരുന്നു വിറ്റത്. ഇത് ചൊവ്വാഴ്ച തന്നെ പോലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടില്‍ നിന്നും കാണാതായ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച കമ്പിപ്പാര കൊലപാതകം നടന്ന വീടിന് സമീപത്തെ പ്രദേശത്ത് വലിച്ചെറിയപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തി. കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ കൊലപാതക മോഷണക്കേസുകളില്‍ പ്രതികളായവരെക്കുറിച്ചുള്ള അന്വേഷണവും ജില്ലാ ജയിലുകള്‍, സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയവരെ കുറിച്ചുള്ള അന്വേഷണവുമാണ് പോലീസിനെ വിശ്വനാഥനിലേക്കെത്തിക്കുന്നത്. ഇയാള്‍ മുമ്പും ഇത്തരം കേസുകളില്‍ പെട്ടിരുന്നുവെന്ന് കണ്ടതോടെ അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. പ്രതിയുടെ സാമ്പത്തിക സ്രോതസ്സും ബാധ്യത സംബന്ധിച്ചും നടത്തിയ പഴുതടച്ച അന്വേഷണം അറസ്റ്റ് എളുപ്പമാക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമിയുടെ മേല്‍നോട്ടില്‍ മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള 28 അംഗ പോലീസ് സംഘമാണ് കേസന്വേഷണത്തിന്റെ ആദ്യം മുതല്‍ ഉണ്ടായിരുന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജറാക്കുകയും കോടതി പ്രതിയെ റിമാണ്ട് ചെയ്യുകയുമായിരുന്നു. തുടരന്വേഷണത്തിനായി പ്രതിയെ വിട്ടു കിട്ടണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവായത്. വരും ദിവസങ്ങളില്‍ പ്രതിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
 
കുന്ദമംഗലത്ത് വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
കുന്ദമംഗലം: വാടക വീട്ടിലെ വ്യാജ മദ്യ നിര്‍മാണം എക്‌സൈസ് സംഘം പിടികൂടി. പെരിങ്ങൊളം മില്‍മക്ക് സമീപത്തെ വാടക വീട്ടിലെ വ്യാജ മദ്യ നിര്‍മാണമാണ് ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ടി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഭവത്തില്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷിനു എന്ന ജിനോ സെബാസ്റ്റ്യനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കുപ്പിയിലാക്കിയ 600 ലിറ്റര്‍ മദ്യം, കുപ്പികള്‍, മെഷീനുകള്‍, സ്പിരിറ്റ് എന്നിവയും പിടിച്ചെടുത്തു. ഹണീബി എന്ന ബ്രാന്റാണ് ഇവിടെ നിര്‍മിച്ച് വ്യാജ സെക്യൂരിറ്റി ലേബല്‍ പതിച്ച് വില്‍പന നടത്തിയിരുന്നത്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ജിനോ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വീട് വാടകക്കെടുത്തത്.
 
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം
താമരശ്ശേരി: ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ യൂത്ത് ലീഗ് നേതാവ് മര്‍ദ്ധിച്ച സംഭവത്തില്‍ ജീവനക്കാരുടെ പ്രതിഷേധം. ഹെല്‍ത്ത് ഇന്‍സ്പ്‌കെടര്‍ എം ആര്‍ സജീവനെ മര്‍ദ്ദിച്ച തച്ചംപൊയില്‍ പുതിയാറമ്പത്ത് അബ്ദുല്‍ ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ ജി ഒ അസ്സോസിയേഷന്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അബ്ദുല്‍ ജലീലിനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്യാന്‍ തയ്യാറാവുന്നില്ലെന്നാരോപിച്ചായിരുന്നു മാര്‍ച്ച്. അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍ പി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി കെ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ടി മധു, ജില്ലാ സെക്രട്ടറി ശശികുമാര്‍ കാവാട്ട്, ട്രഷറര്‍ കെ പ്രദീപന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ മാധവന്‍, ഷിജു കെ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
താമരശ്ശേരിയില്‍ വീണ്ടും മോഷണ പരമ്പര
താമരശ്ശേരി: താമരശ്ശേരി ടൗണിലും പരിസര പ്രദേശങ്ങളിലും മോഷണം തുടര്‍ക്കഥയാവുകയാണ്. പുതിയ ബസ്റ്റാന്റിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ ചൊവ്വാഴ്ച രാത്രിയില്‍ മോഷണം നടന്നു. അണ്ടോണ സ്വദേശി തമീമിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ടെക് എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് മേഷയില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപ അപഹരിച്ചു. സമീപത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍ എന്ന സ്ഥാനപനത്തിന്റെയും ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് ഇവിടെയുണ്ടായിരുന്ന എഴുന്നൂറ് രൂപയോളം കൈക്കലാക്കി. കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ മതില്‍ ചാടിക്കടന്നാണ് മോഷ്ടാവ് എത്തിയതെന്നാണ് സംശയം. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. താമരശ്ശേരി ടൗണിലെയും ചുങ്കത്തെയും വ്യാപാര സ്ഥാപനങ്ങളിലും കാരാടിയിലെ മൂന്ന് വീടുകളിലും അടുത്തിടെ മോഷണം നടന്നിരുന്നു. പോലീസ്് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളെക്കുറിച്ച് സൂചന ലഭിക്കാത്തത് പോലീസിനെയും നാട്ടുകാരെയും കുഴക്കുകയാണ്.
 
താമരശ്ശേരിയില്‍ റോഡ് കഴുകി പ്രതിഷേധം
താമരശ്ശേരി: താമരശ്ശേരിയില്‍ പൊടി ശല്യത്തിനെതിരെ റോഡ് കഴുകി പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റ് കമ്മിറ്റിയാണ് ചുങ്കം ജംഗ്ഷനില്‍ റോഡ് കഴുകി പ്രതിഷേധിച്ചത്. കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയ പാതയും കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയും സംഗമിക്കുന്ന താമരശ്ശേരി ചുങ്കത്തെ ഗതാഗതക്കുരുക്കിനൊപ്പമാണ് പൊടി ശല്യവും വ്യാപാരികളെ ദുരിതത്തിലാക്കുന്നത്. നൂറുകണക്കിന് ടിപ്പറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ദിനേനെ കടന്നു പോവുന്ന ഇവിടെ പതിവായി റോഡില്‍ വലിയ കുഴികള്‍ രൂപപ്പെടാറുണ്ട്. ഇത് പരിഹരിക്കാന്‍ ക്വാറി വേസ്റ്റ് ഇറക്കുന്നതാണ് പൊടിശല്യം രൂക്ഷമാവാനുള്ള കാരണം. വാഹനങ്ങള്‍ പോവുമ്പോള്‍ പാറപ്പൊടി ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ളില്‍ പറന്നെത്തുന്നത് വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. ഓട്ടോ തൊഴിലാളികളും കാല്‍നട യാത്രക്കാരും പൊടി ശല്യം കാരണം പ്രയാസത്തിലാണ്. ട്രാഫിക് ഡ്യൂട്ടിലുണ്ടാവുന്ന പോലീസുകാരും ഹോം ഗാര്‍ഡുകളുമാണ് പൊടിശല്യത്തിന് പ്രധാനമായും ഇരയാവുന്നത്. രണ്ട് മാസത്തോളമായി ഈ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ റോഡ് കഴുകി പ്രതിഷേധിച്ചതെന്നും തുടര്‍ നടപടി ഉണ്ടായില്ലെങ്കില്‍ സമരമുറ മാറ്റുമെന്നും വ്യാപാരികള്‍ പറയുന്നു. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ റോഡ് തകര്‍ന്ന ഭാഗത്ത് ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
 
താമരശ്ശേരി പോലീസിന്റെ കാരുണ്യത്തില്‍ ലീലക്കും മക്കള്‍ക്കും സ്വപ്‌ന ഭവനം
താമരശ്ശേരി: പ്ലാസ്റ്റിക് ഷെഡില്‍ താമസിച്ചിരുന്ന നാലംഗ കുടുംബത്തിന് താമരശ്ശേരി പോലീസിന്റെ കാരുണ്യത്തില്‍ സ്വപ്ന സാഫല്യം. കട്ടിപ്പാറ ചമല്‍ സ്വദേശിനിയായ ലീലക്കും മക്കള്‍ക്കുമാണ് കോണ്‍ക്രീറ്റ് വീട് നിര്‍മിച്ചു നല്‍കി താമരശ്ശേരി പോലീസ് കയ്യടി നേടിയത്. മൂന്ന് വര്‍ഷം മുമ്പാണ് പട്ടികജാതി ഫണ്ടില്‍ നിന്നും ലഭിച്ച 375000 രൂപക്ക് ചമല്‍ നടുക്കുന്നില്‍ 5 സെന്റ് ഭൂമി വാങ്ങിയത്. ഇവിടെ പ്ലാസ്റ്റിക്ക് കൊണ്ട് ഷെഡ് നിര്‍മിച്ച് താമസിക്കുന്നതിനിടെയാണ് ഒരു വര്‍ഷം മുമ്പ് പൊതു പ്രവര്‍ത്തകയായ കെ സരസക്കൊപ്പം ലീല ഒരു പരാതിയുമായി താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തിയത്. ലീലയുടെ ജീവിത സാഹചര്യം സരസ താമരശ്ശേരി എസ് ഐ സായൂജ് കുമാറിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് എസ് ഐ ലീലയുടെ വീട് സന്ദര്‍ശിച്ചു. കൂരിരുട്ടിന് പരിഹാരം കാണാനായിരുന്നു ആദ്യം പോലീസിന്റെ ശ്രമം. പുതുപ്പാടി കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലെത്തിയ എസ് ഐ ലീലയുടെ ദുരിത ജീവിതം അറിയിച്ചപ്പോള്‍ പിറ്റേദിവസം തന്നെ കെ എസ് ഇ ബി ജീവനക്കാര്‍ ഇവര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി. വീട് നല്‍കാന്‍ പഞ്ചായത്ത് തയ്യാറായെങ്കിലും റേഷന്‍ കാര്‍ഡ് ഇല്ലാത്തത് വീണ്ടും തടസ്സമായി. തുടര്‍ന്ന് പഞ്ചായത്ത് ഭരണ സമിതി ഇടപെട്ട് ദിവസങ്ങള്‍ക്കകം റേഷന്‍ കാര്‍ഡ് ലഭ്യമാക്കുകയും നാല് ലക്ഷം രൂപ പട്ടികജാതി ഫണ്ടില്‍ നിന്നും വീട് നിര്‍മാണത്തിനായി അനുവധിക്കുകയും ചെയ്തു. നാല് ലക്ഷം രൂപ ചെലവഴിച്ച് സുരക്ഷിതമായൊരു വീട് നിര്‍മിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ താമരശ്ശേരി പോലീസ് സിമന്റ്, കമ്പി, ടൈല്‍സ്, ജനല്‍ തുടങ്ങിയവ എത്തിച്ചു നല്‍കുകയും പ്രവൃത്തിയുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്തു. പ്രവൃത്തി പൂര്‍ത്തിയായപ്പോള്‍ ആവശ്യമായ ഫര്‍ണീച്ചറുകളും പോലീസ് എത്തിച്ചു നല്‍കി. വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായവും പോലീസിന് ലഭിച്ചു. മുന്‍ ഡി വൈ എസ് പി. പി സി സജീവന്‍, ഇന്‍സ്പെക്ടര്‍ ടി എ അഗസ്റ്റിന്‍ എന്നിവരും കാര്യമായ സംഭാവനകള്‍ നല്‍കി. ലീലയുടെ സ്വപ്ന ഭവനം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. എസ് ഐ സായൂജ് കുമാര്‍ വീടിന്റെ താക്കോല്‍ ലീലക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, അംഗങ്ങളായ പി സി തോമസ്, ബേബി ബാബു, വത്സമ്മ അനില്‍, പൊതു പ്രവര്‍ത്തകരായ ടി സി വാസു, സി പി നിസാര്‍, കെ സരസ, തുടങ്ങിയവര്‍ സംബന്ധിച്ചു.
 
കട്ടിപ്പാറ പ്രാധമിക ആരോഗ്യ കേന്ദ്രം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: കട്ടിപ്പാറ സര്‍ക്കാര്‍ പ്രാധമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനവും കുടുംബാരോഗ്യ കേന്ദ്രം ആക്കിയുള്ള പ്രഖ്യാപനവും മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ കാര്യമായ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നും സംസ്ഥാനത്തെ മുഴുവന്‍ പ്രാധമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യെമെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഒരു ഡോക്ടര്‍ക്ക് പകരം മൂന്ന് ഡോക്ടറും മറ്റു അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് മന്ത്രിക്ക് കൈമാറി.
 
മേലടി: പ്രളയാനന്തര കേരളത്തെ പുതുക്കി പണിയുന്നതിന് എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തരത്തിലും നിര്‍ബന്ധിച്ചല്ല ധനസമാഹരണം നടത്തുന്നതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍. വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും വ്യവസായികളുമെല്ലാം മനസ്സറിഞ്ഞ് നവകേരളം നിര്‍മിതിക്കുന്നതിന് സഹായം നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു. മേലടിയില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരുടെ ഒരു മാസത്തെ ഓണറേറിയമായ 93,600 രൂപ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുകയുടെ ചെക്ക് മന്ത്രി ടി പി രാമകൃഷ്ണന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കൈരളി പി വി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മെമ്പര്‍മാരായ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, രാജേഷ് കീഴരിയൂര്‍, സുനില്‍ ഓടയില്‍, പി വി റംല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ബാലഗോപാലന്‍, ബ്ലോക്ക് ഡവലെപ്‌മെന്റ് ഓഫീസര്‍ സുജാത തുടങ്ങിയവര്‍ സംസാരിച്ചു.
 
യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ മുക്കം എന്‍ സി ഹോസ്പിറ്റലിനെതിരെ പ്രതിഷേധം
കൊടിയത്തൂര്‍: കൊടിയത്തൂര്‍ സ്വദേശിനിയായ യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാര്‍ച്ച് നടത്തി. കറുത്തപറമ്പ് സ്വദേശി മുഹമ്മദിന്റെ മകളും, വെസ്റ്റ് കൊടിയത്തൂര്‍ സ്വദേശി പി പി ഷൗക്കത്തിന്റെ ഭാര്യയുമായ ഫൗസിയ മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണെന്നാരോപിച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മുക്കം എന്‍ സി ഹോസ്പിറ്റലിലേക്ക് മാര്‍ച്ച് നടത്തിയത്. ഫൗസിയയുടെ 4 കുട്ടികള്‍ക്കും അഞ്ച് ലക്ഷം രൂപ വിതം നഷ്ടപരിഹാരം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചികിത്സയിലെ അപാകതയാണ് ഫൗസിയയുടെ മരണ കാരണമാണെന്ന് വ്യക്തമായിരുന്നിട്ടും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവാത്തത് നാട്ടുകാരോടുള്ള വെല്ലുവളിയാണ്. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ആശുപത്രി അധികൃതരുടെ വീട്ടുപടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം ഉള്‍പ്പെടെയുള്ള സമരവുമായി മുന്നോട്ടുപോകുമെന്ന് ആകഷന്‍ കമ്മറ്റി ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. മരിച്ച ഫൗസിയയുടെ കൈക്കുഞ്ഞിനെയും എടുത്താണ് നാട്ടുകാര്‍ സമരത്തിനെത്തിയത്. കാരശ്ശേരി പഞ്ചായത്ത്പ്രസിഡന്റ് വി കെ വിനോദ് ഉദ്ഘാടനം ചെയ്തു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ സവാദ് ഇബ്രാഹിം, ഭാരവാഹികളായ പി കെ സി മുഹമ്മദ്, ഇബ്രാഹിം ചക്കിങ്ങല്‍, ജി അബ്ദുല്‍ അക്ബര്‍, ശംസുദ്ധീന്‍ ബാവ, കെ വി സുല്‍ഫീക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies