21-May-2019 (Tue)
 
 
 
ദ്വൈശദാബ്ദി സ്മാരക കോടതി സമുച്ചയം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ദ്വൈശദാബ്ദി സ്മാരക കോടതി സമുച്ചയം കേരളഹൈക്കോടതി ചീഫ്ജസ്റ്റിസ് ഋഷികേശ് റോയ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ കോടതികള്‍ പ്രവര്‍ത്തനമാരംഭിച്ച് 200 വര്‍ഷം പിന്നിടുന്ന വേളയിലാണ് ജില്ലാകോടതി പരിസരത്ത് ദ്വൈശദാബ്ദി സ്മാരക കോടതി സമുച്ചയം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 9557 സ്‌ക്വയര്‍ വിസ്തൃതിയില്‍ അഞ്ചു നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. താഴത്തെ നിലയില്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലും അനുബന്ധ ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുക. ഒന്നാം നിലയില്‍ കുടുംബകോടതിയും ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയും അനുബന്ധഓഫീസുകളുമാണ് പ്രവര്‍ത്തിക്കുക. രണ്ടാം നിലയില്‍ ഫോറസ്റ്റ് ട്രൈബ്യൂണല്‍സെക്കന്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയും ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതിയും അനുബന്ധ ഓഫീസുകളും പ്രവര്‍ത്തിക്കും. മൂന്നാം നിലയില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ഏഴാം കോടതിയും വഖഫ് ട്രിബ്യൂണല്‍ മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയും അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് നാലാം കോടതിയും അനുബന്ധ ഓഫീസുകളും നാലാം നിലയില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോര്‍ട്ട് ഫോര്‍ ദി ട്രയല്‍ ഓഫ് കേസസ് റിലേറ്റിംഗ് ടു അട്രോസിറ്റീസ് ആന്റ് സെക്സ്വല്‍ വയലന്‍സ് ടുവാര്‍ഡ്സ് വുമണ്‍ ആന്റ് ചില്‍ഡ്രന്‍സ്, അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് അഞ്ചാം കോടതിയും അനുബന്ധ ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുക. പോലീസ് ഔട്ട് പോസ്റ്റ് ,കോണ്‍ഫറന്‍സ് ഹാള്‍ ,ലൈബ്രറി, വെയ്റ്റിംഗ് ഏരിയ,ബാര്‍ അസോസ്സിയോഷന്‍ ഹാള്‍, അഡ്വക്കേറ്റ്സ് ക്ലാര്‍ക്ക് റൂം,ഫീഡിംഗ് റൂം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്,പമ്പ് ഹൗസ്, ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ സെന്‍ട്രല്‍ റൂം എന്നീ സൗകര്യങ്ങളും കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
 
തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍
കോഴിക്കോട്: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ശിവസേന തിങ്കളാഴ്ച്ച സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
 
കോഴിക്കോട്: ബീച്ച് ഹോസ്പിറ്റലില്‍ അനാഥരും അശരണരുമായി കിടക്കുന്നവരെ സബ്ജഡ്ജും ലീഗല്‍ സര്‍വ്വീസ് സെക്രട്ടറിയുമായ ജയരാജ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അനീറ്റ എസ് ലിന്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. ഉറ്റവരില്ലാതെ കഴിയുന്ന 16 പേരുമായും സംഘം ആശയവിനിമയം നടത്തുകയും ഓരോരുത്തരുടെയും ആഗ്രഹപ്രകാരം പുനരധിവാസ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിലവില്‍ ചികിത്സപൂര്‍ത്തീകരിച്ചിട്ടുള്ളതായി ആശുപത്രി സുപ്രണ്ട് അറിയിച്ചിട്ടുള്ള നാല് പേരുടെ പുനരധിവാസ പ്രവര്‍ത്തനമാണ് വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ചികിത്സ പുര്‍ത്തീകരിച്ച കണ്ണൂര്‍ സ്വദേശിയായ ബാബുവിനെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലും ഭിന്നശേഷിക്കാരനും കര്‍ണാടക സ്വദേശിയുമായ അശോക് ബാബുവിനെ സര്‍ക്കാര്‍ ഭിന്നശേഷി സദനത്തിലും പ്രവേശിപ്പിച്ചു. കൂടാതെ അസുഖം ഭേദമായ രാമസ്വാമി, ബേബി വിനോദിനി എന്നവരെ സര്‍ക്കാര്‍ ഗ്രാന്റോട് കൂടി പ്രവര്‍ത്തിക്കുന്ന ഹോം ഓഫ് ലവ് എന്ന സ്ഥാപനം ലോക വയോജന സംരക്ഷണദിനമായ ഒക്‌ടോബര്‍ ഒന്നിന് ഏറ്റെടുക്കും. മെച്ചപ്പെട്ട ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലഭിക്കും എന്ന് അറിഞ്ഞ് ചികിത്സക്ക് എത്തിയ ആന്ധ്ര പ്രദേശ് സ്വദേശിയായ ദുര്‍ഗ്ഗാസ്വാമിയും ആക്‌സിഡന്റിനെ തുടര്‍ന്ന് കൈക്ക് ചികിത്സ തേടിയെത്തിയ ബേപ്പൂര്‍ സ്വദേശി രവീന്ദ്രനും ചികിത്സ പൂര്‍ത്തിയായാല്‍ തിരികെ സ്വന്തം സ്ഥലത്ത് തിരികെ പോകാനാണ് ഉദ്ദേശിക്കുന്നതെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആവശ്യമില്ലെന്നും സംഘത്തെ അറിയിച്ചു. വടകര സ്വദേശിനിയായ ആസിയയെ ഗള്‍ഫില്‍ ഉള്ള മക്കള്‍ ഏറ്റെടുക്കാമെന്നും ബാലകൃഷ്ണന്‍ എന്നവരെ 32 വര്‍ഷമായി കൂടെ താമസിച്ചിരുന്ന അഭ്യുദയ കാംക്ഷികള്‍ ഏറ്റെടുക്കാമെന്നും അറിയിച്ചിട്ടുള്ളതായും സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ചികിത്സയില്‍ തുടരുന്ന അബു, ലളിത, ജോസൂട്ടി എന്നിവരെ രോഗം മാറുന്ന മുറക്ക് സര്‍ക്കാര്‍ വൃദ്ധസദനത്തിലും പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഭാര്യയും മക്കളുമുണ്ടായിട്ടും സംരക്ഷിക്കാന്‍ ആളില്ലാതെ കഴിയുന്ന കുമാരന്റെ കുടുംബത്തിനെതിരെ മാതാപിതാക്കളെയും മുതിര്‍ന്നപൗരന്‍മാരെയും സംരക്ഷിക്കുന്നതിന്നുള്ള നിയമപ്രകാരം വടകര ആര്‍ ഡി ഒ കേസെടുത്ത് മകന്‍ പിതാവിനെ സംരക്ഷിക്കണമെന്ന് ഉത്തരവായിട്ടുണ്ട്. ശേഷിക്കുന്ന നാല് പേര്‍ ടി ബി ബാധിതരാണെന്നും ആശുപത്രിയില്‍ ചികിത്സ തുടരേണ്ടതുണ്ടെന്നും ആശുപത്രി സൂപ്രണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗവ. വൃദ്ധമന്ദിരം സൂപ്രണ്ട് സിദ്ദീഖ് ചുണ്ടക്കാടന്‍, ബീച്ച് ആശുപത്രി സുപ്രണ്ട് ഉമര്‍ ഫാറൂഖ്, ഹോം ഓഫ് ലവ് ഓള്‍ഡേജ് ഹോം പ്രതിനിധികള്‍, അബു ഉനൈസ് എന്നിവര്‍ സംഘത്തെ അനുഗമിച്ചു.
 
മിഠായി തെരുവില്‍ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു
കോഴിക്കോട്: പൈതൃക തെരുവ് സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി മിഠായി തെരുവില്‍ എസ് കെ പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് സമീപം പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡോ. എം കെ മുനീര്‍ എം എല്‍ എ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ യു വി ജോസ്, ജില്ലാ പോലീസ് കമ്മീഷണര്‍ കാളി രാജ് മഹേഷ് കുമാര്‍, ഡി ടി പി സി സെക്രട്ടറി സി എന്‍ അനിത, തഹസില്‍ദാര്‍ (എല്‍ ആര്‍) അനിതകുമാരി, ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ടി എം ടോമി, എ സി പി. കെ പി അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ഷിക ദിനാചരണം; താമരശ്ശേരിയില്‍ എന്‍ സി സി കേഡറ്റുകള്‍ ഒത്തു ചേര്‍ന്നു
താമരശ്ശേരി: പാക്കിസ്ഥാന്‍ അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ അപ്രതീക്ഷിച്ച അക്രമമായ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി എന്‍ സി സി കേഡറ്റുകള്‍ ഒത്തു ചേര്‍ന്നു. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, വേളങ്കോട് സെന്റ് ജോര്‍ജ് എച് എസ് എസ് എന്നിവിടങ്ങളില്‍ നിന്നുള്ള കേഡറ്റുകളാണ് താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒരുമിച്ചു ചേര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്ര വിജയത്തിന്റെ ഓര്‍മ പുതുക്കിയത്. സംഗമം റിട്ട. കേണല്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സൈന്യം കശ്മീരിന്റെ മണ്ണില്‍ മുന്നേറ്റം നടത്തുമ്പോള്‍ യു എന്‍ ഒ യോട് സഹായം തേടിയത് അബദ്ധമായിരുന്നുവെന്നും സൈന്യം നിലവിലുള്ള സ്ഥലത്ത് നിലയുറപ്പിക്കാന്‍ നിര്‍ദ്ധേശം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ പാക്കിസ്ഥാന്റെ അധീനതയുള്ള കാശ്മീര്‍ കൂടി ഇന്ത്യയുടെ ഭാഗമാവുമായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു.പി ടി എ പ്രസിഡന്റ് എം സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ സുഗതകുമാരി, പി ടി എ വൈസ് പ്രസിഡന്റ് പി എം അബ്ദുല്‍ മജീദ്, കെ വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍ സി സി ഓഫീസര്‍മാരായ വി എം ഉല്ലാസ് സ്വാഗതവും മാര്‍ട്ടിന്‍ നന്ദിയും പറഞ്ഞു. സര്‍ജിക്കല്‍ അറ്റാക്ക് വീഡിയോ പ്രദര്‍ശനവും മാസ് പരേഡും നടന്നു.
 
കൂമ്പാറ: ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട കുടുംബത്തിന് ഡി വൈ എഫ് ഐ സ്‌നേഹ വീട് നിര്‍മിച്ചു നല്‍കുന്നു. കൂടരഞ്ഞി കൂമ്പാറ സ്വദേശിനി സുബൈദക്കും കുടുംബത്തിനുമാണ് ഡി വൈ എഫ് ഐ വീട് നിര്‍മിച്ച് നല്‍കുന്നത്.സുബൈദയും കുടുംബവും താമസിച്ചിരുന്ന വാടക വീട് കഴിഞ്ഞ ഉരുള്‍പൊട്ടലിലാണ് പൂര്‍ണമായും ഒലിച്ചു പോയത്. മഴ കനത്തതോടെ സഹോദരന്റെ വീട്ടിലേക്ക് താമസം മാറിയതിനാല്‍ ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും വാടകക്ക് വീടെടുത്ത് താമസം മാറാന്‍ പോലും കഴിയാതെ പ്രയാസപ്പെടുമ്പോഴാണ് ഡി വൈ എഫ് ഐ സഹായത്തിനെത്തിയത്. നവംബര്‍ 11 മുതല്‍ 14 വരെ കോഴിക്കോട്ട് നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ 4 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൂമ്പാറയില്‍ വീട് നിര്‍മ്മിക്കുന്നത്. വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം ജോര്‍ജ് എം തോമസ് എം എല്‍ എ നിര്‍വഹിച്ചു. കൂമ്പാറ സ്വദേശി ജോസ് വാരിയാനി സൗജന്യമായി നല്‍കിയ സ്ഥലത്താണ് വീട് നിര്‍മ്മിക്കുന്നത്. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് വി വസിഫ് അധ്യക്ഷത വഹിച്ചു. ദീപു പ്രേംനാഥ്, ലിന്റോ ജോസഫ്, അരുണ്‍ കൊടിയത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
കോഴിക്കോട്: ബാലനീതി നിയമത്തിന്റെ അംഗീകാരത്തോടെ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ശിശു സംരക്ഷണ സ്ഥാപന മേധാവികള്‍ക്കായി സ്ഥാപനത്തിന്റെ ത്രൈമാസ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് സംബന്ധിച്ചും ബാലനീതി നിയമം സംബന്ധിച്ചും പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഹാളില്‍ നടന്ന പരിപാടി എ ഡി എം. ടി ജനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ കെ രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോസഫ് റിബല്ലോ, ജില്ലാതല ഇന്‍സ്‌പെക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ വി ചന്ദ്രമോഹന്‍, അംഗങ്ങളായ ഉദയ, ഡോ. ജയരാജന്‍വി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അനീറ്റ എസ് ലിന്‍, ജുവനൈല്‍വിംഗ് സി പി ഒ മാര്‍ഗ്ഗി റൊസാരിയോ എന്നിവര്‍ സംസാരിച്ചു. ബാലനീതി നിയമവും അനുബന്ധ വിഷയങ്ങളും എന്നത് സംബന്ധിച്ച് അഡ്വ. നിധീഷ് ടി പി, ത്രൈമാസ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് നുസൈബ എം കെ എന്നിവര്‍ ക്ലാസെടുത്തു.
 
കോഴിക്കോട്: കോഴിക്കോട് റയില്‍സ്റ്റേഷന്റെ വികസനത്തിനും സ്റ്റേഷന്‍ പരിധിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി എളമരം കരീം എം പി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. സംസ്ഥാനത്ത് റെയില്‍വേ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരിഹാര നിര്‍ദ്ദേശങ്ങള്‍ റെയില്‍വേയുടെ പരിഗണനക്കായി സമര്‍പ്പിച്ചത്. കോഴിക്കോട് വെസ്റ്റ്ഹില്‍ പിറ്റ്‌ലൈന്‍ സ്ഥാപിക്കുക, കോഴിക്കോട് സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്ത് 2 പ്ലാറ്റ്‌ഫോമുകള്‍ കൂടി പണിയുക, കോഴിക്കോടകോയമ്പത്തൂര്‍, കോഴിക്കോട്മംഗലാപുരം, കോഴിക്കോട്എറണാകുളം റൂട്ടുകളില്‍ മെമു സര്‍വ്വീസ് അരംഭിക്കുക, കോഴിക്കോട് റെയില്‍വ്വേ സ്റ്റേഷന്റെ 2,3 പ്ലാറ്റ് ഫോമുകളില്‍ മുഴുവന്‍ ഭാഗത്തും മേല്‍ക്കൂര സംവിധാനം ഒരുക്കുക, സ്റ്റേഷന്റെ 4ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കുക, നിലമ്പൂര്‍തിരുവനന്തപുരം രാജ്യറാണി എക്‌സ്പ്രസ്സ്, മധുരതിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നിവ പ്രത്യേകം ട്രെയിനുകളായി ഓടുന്നതിനുള്ള സംവിധാനം ഒരുക്കുക, മാവേലി എക്‌സ്പ്രസ്സ്, മലബാര്‍ എക്‌സ്പ്രസ്സ്, ചെന്നെ സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ രാത്രികാല ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ വര്‍ദ്ധിപ്പിക്കുക, ട്രെയിനുകളുടെ വൈകിയോട്ടം നിര്‍ത്തലാക്കുക, ട്രെയിനുകളുടെ പഴയ ബോഗികള്‍ മാറ്റി പുതിയ ബോഗികള്‍ അനുവദിക്കുക, കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാല് പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിച്ച്‌കൊണ്ട് ടെര്‍മിനല്‍ സ്ഥാപിക്കുക, കോഴിക്കോട് സ്റ്റേഷനെ സെന്‍ട്രല്‍ സ്റ്റേഷാക്കി മാറ്റുകയും, ഫറോക്ക്, എലത്തൂര്‍ സ്റ്റേഷനുകളെ യഥാക്രമം കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത് സ്റ്റേഷനുകളാക്കി മാറ്റുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നത്.
 
വനിതാ കമ്മീഷന്‍ അദാലത്ത് : 13 പരാതികള്‍ തീര്‍പ്പാക്കി
കോഴിക്കോട്: വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് നടത്തി. കോഴിക്കോട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ പരാതിപരിഹാര അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. ആകെ 76 പരാതികളാണ് പരിഗണനയ്ക്ക് ലഭിച്ചത.് ഏഴ് പരാതികള്‍ പൊലീസ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലേക്ക് അയച്ചു. ഒരു പരാതി കോടതി മുഖേന പരിഹാരം കാണേണ്ടതാണ്. 25 പരാതികള്‍ അടുത്ത അദാലത്തിലേക്ക് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. സ്ത്രീകള്‍ക്കെതിരായ സൈബര്‍ അക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും അസഭ്യഭാഷാപ്രയോഗം ഹീനമായ അക്രമമാണെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതായുള്ള പരാതികളാണ് ലഭിക്കുന്നവയില്‍ ഏറെയും. പല നിയമഫോറങ്ങളില്‍ പോയിട്ടും പരിഹാരം ലഭിക്കാത്ത കേസുകളും വനിത കമ്മീഷന്‍ മുമ്പാകെ പരിഹാരത്തിനായി എത്തുന്നുണ്ട്. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് അഭയമായാണ് വനിതാ കമ്മീഷന്‍ അദാലത്തിനെ ജനം കാണുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. യുവതലമുറയില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ വനിത കമ്മീഷന്‍ മുഖേന നടപ്പാക്കുമെന്ന് കമ്മീഷന്‍ അംഗം അഡ്വ. എം.എസ് താര പറഞ്ഞു. അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ ഇ.എം രാധ,അഡ്വ ഷിജി ശിവജി എന്നിവര്‍ പങ്കെടുത്തു.
 
ശുചിത്വമാണ് സേവനം ബോധവല്‍ക്കരണ റാലി നടത്തി
കോഴിക്കോട്: ഭാരത സര്‍ക്കാരിന്റെ സ്വച്ഛ് ഹീ സേവാ പക്ഷാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര, റീജിയണല്‍ സയന്‍സ് സെന്റര്‍, നാഷണല്‍ സര്‍വീസ് സ്‌കീം, അരിക്കനട്ട് ആന്‍ഡ് സ്‌പെയ്‌സസ് ഡെവലപ്‌മെന്റ് എന്നിവ സംയുക്തമായി ശുചിത്വ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ കാളീരാജ് മഹേഷ് കുമാര്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ശാസ്ത്ര കേന്ദ്രം മേഖലാ ഡയറക്ടര്‍ വി എസ് രാമചന്ദ്രന്‍, നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ എം അനില്‍ കുമാര്‍, കെ സുനില്‍ കുമാര്‍, പി ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies