21-May-2019 (Tue)
 
 
 
നവകേരള നിര്‍മ്മിതിക്കായി ജില്ലാപഞ്ചായത്ത് ഒരുകോടി രൂപ കൈമാറി
കോഴിക്കോട്: വിഭവസമാഹരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നുള്ള ഒരുകോടി രൂപ മന്ത്രി ടിപി രാമകൃഷ്ണന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി കൈമാറി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സ്പെഷ്യല്‍ ഓഫീസറായ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, ജില്ലാകലക്ടര്‍ യു.വി ജോസ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, സെക്രട്ടറി പിഡി ഫിലിപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
 
താമരശ്ശേരിയില്‍ ദുരിതാശ്വാസ നിധി ശേഖരണത്തിനെത്തിയ മന്ത്രിക്കു നേരെ യൂത്ത്‌ലീഗ് പ്രതിഷേധം
താമരശ്ശേരി: ദുരിതാശ്വാസ നിധി ശേഖരിക്കാനെത്തിയ മന്ത്രിക്കു നേരെ യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ താമരശ്ശേരി റെസ്റ്റ് ഹൗസില്‍ ദുരിതാശ്വാസ നിധി ശേഖരണം നടക്കുന്നതിനിടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തിയയത്. കരിഞ്ചോല ഉരുള്‍പൊട്ടലിനിരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. റെസ്റ്റ് ഹൗസ് കവാടത്തില്‍ പ്രകടനക്കാരെ പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയായി.
 
ലോക ബാങ്ക്, എഡിബി സംഘം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
കോഴിക്കോട്: ലോകബാങ്കിന്റേയും ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെയും പ്രതിനിധികള്‍ കോഴിക്കോട് ജില്ലയില്‍ കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടലിലും വെളളപ്പൊക്കത്തിലും കനത്ത നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഹേമംഗ് കരേലിയ, വെങ്കട റാവു ബയണ, എസ് വൈദീശ്വരന്‍, അനൂപ് കാരന്ത്, സതീഷ് സാഗര്‍ ശര്‍മ, ഉറി റയിക്ക്, മഹേഷ് പട്ടേല്‍, ശ്രിനീവാസ റാവു പൊടിപ്പിറെഡ്ഡി എന്നിവരാണ് കോഴിക്കോട് വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തിലുളളത്. ചൊവ്വാഴ്ച രാവിലെ മാവൂര്‍ റോഡിലെ രാവീസ് ഹോട്ടലില്‍ ജില്ലാ കലക്ടര്‍ യു.വി ജോസുമായി സംഘം ചര്‍ച്ച നടത്തി. വിവിധ മേഖലകളില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ ലോക ബാങ്ക് പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് ചര്‍ച്ചയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു.
 
തൊണ്ടവേദനക്കായി ചികിത്സക്കെത്തിയ യുവാവിന് പ്രമേഹത്തിനുള്ള മരുന്ന് നല്‍കിയതായി പരാതി
താമരശ്ശേരി: പനിയും തൊണ്ടവേദനയുമായി ചികിത്സക്കെത്തിയ യുവാവിന് പ്രമേഹത്തിനുള്ള ഗുളിക നല്‍കിയതായി പരാതി. താമരശ്ശേരി ചുടലമുക്ക് സ്വദേശി അജ്മലിനാണ് താമരശ്ശേരി താലൂക്കാശുപത്രിയില്‍ നിന്നും ശക്തമായ പ്രമേഹ രോഗമുള്ളവര്‍ക്ക് നല്‍കുന്ന മെറ്റ്‌ഫോര്‍മിന്‍ 500 എന്ന ഗുളിക നല്‍കിയത്. കഴിഞ്ഞ ദിവസമാണ് അജ്മല്‍ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പില്‍ വേദനക്കുള്ള മെഫ്താല്‍ എന്ന ഗുളികയാണ് എഴുതിയതെന്നും ഫാര്‍മസിയില്‍ നിന്നും കുറിപ്പ് ശരിയായി പരിശോധിക്കാതെ ഗുളിക നല്‍കുകയായിരുന്നുവെന്നും അജ്മല്‍ പറഞ്ഞു. സംശയം തോന്നി മെഡിക്കല്‍ ഷോപ്പില്‍ അന്വേഷിച്ചപ്പോഴാണ് പ്രമേഹത്തിനുള്ള ഗുളികയാണെന്ന് വ്യക്തമായത്. ചെറിയ അക്ഷരത്തില്‍ കുറിപ്പ് എഴുതിയതാണ് മരുന്ന് മാറാന്‍ കാരണമെന്നാണത്രെ ഫാര്‍മസിയില്‍ നിന്നും അറിയിച്ചത്. ഫാര്‍മസിസ്റ്റിന്റെ അശ്രദ്ധയാണ് മരുന്ന് മാറാന്‍ കാരണമെന്ന് ഡോക്ടറും മറുപടി നല്‍കി. മരുന്ന് കഴിച്ചിരുന്നുവെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സംഭവിക്കുമായിരുന്നുവെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കുമെന്നും അജ്മല്‍ പറഞ്ഞു.
 
ദുരിതാശ്വാസ ലിസ്റ്റില്‍ നിന്നും അര്‍ഹരെ ഒഴിവാക്കിയെന്നാരോപിച്ച് കൊടിയത്തൂര്‍ വില്ലേജ് ഓഫീസറെ ഉപരോധിച്ചു
കൊടിയത്തൂര്‍: പ്രളയത്തിനിരയായവരെ ദുരിതാശ്വാസ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയെന്നാരോപിച്ച് കൊടിയത്തൂര്‍ വില്ലേജ് ഓഫീസറെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ലയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സി.പി.എം പ്രവര്‍ത്തകരും ഉപരോധിച്ചു. പഞ്ചായത്ത് സമര്‍പ്പിച്ച ലിസ്റ്റില്‍ നിന്നും നൂറിലേറെ ആളുകളെ ഒഴിവാക്കിയെന്നാരോപിച്ചായിരുന്നു ഉപരോധം. 400 പേരുടെ ലിസ്റ്റ് പഞ്ചായത്ത് വില്ലേജ് അധികൃതര്‍ക്ക് സമര്‍പ്പിച്ചെങ്കിലും മുന്നൂറോളം ആളുകളെ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നും നിരവധി പേരുകള്‍ ലിസ്റ്റില്‍ രണ്ട് തവണ ഉള്‍പ്പെട്ടതായും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
 
താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ തീരാ ദുരിതത്തില്‍
താമരശ്ശേരി: ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ദുരിതം മാത്രം. മലയോര മേഖലയുടെ സിരാ കേന്ദ്രമായ താമരശ്ശേരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആയിരത്തിലേറെ ആളുകളാണ് പതിവായി ചികിത്സ തേടിയെത്തുന്നത്. പനിയും മറ്റു രോഗങ്ങളുമായി എത്തുന്ന പ്രായമാവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മണിക്കൂറുകളോളം കാത്തുനിന്നാല്‍ മാത്രമേ ഡോക്ടറെ കാണാനുള്ള ഒ പി ശീട്ട് ലഭിക്കുകയുള്ളൂ. തുടര്‍ന്ന് ഡോക്ടറെ കാണാനുള്ള ഊഴത്തിനായും മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. മരുന്ന് ലഭിക്കാനാണ് അതിലേറെ പ്രയാസം. ആയിരത്തിലേറെ രോഗികള്‍ക്ക് മരുന്നു നല്‍കാന്‍ പലപ്പോഴും ഒന്നോ രണ്ടോ ഫാര്‍മസിസ്റ്റുമാരാണ് ജോലിയിലുണ്ടാവുക.
 
നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവ് താമരശ്ശേരിയില്‍ എക്‌സൈസ് പിടിയില്‍
താമരശ്ശേരി: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവ് കഞ്ചാവുമായി വീണ്ടും എക്‌സൈസിന്റെ പിടിയിലായി. നരിക്കുനി കാരക്കുന്നത്ത് താമസിക്കുന്ന ഉണ്ണികുളം വള്ളിയോത്ത് കണ്ണാറക്കുഴിയില്‍ അബ്ദുല്ലത്തീഫ്(45) ആണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം തലയാട് ഭാഗത്തുവെച്ച് അബ്ദുല്ലത്തീഫ് സഞ്ചരിച്ച കെ എല്‍ 56 പി 7707 നമ്പര്‍ കാറിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്ന് എക്‌സൈസ് സംഘം കിലോ മീറ്ററുകളോളം പിന്തുടര്‍ന്നാണ് കിനാലൂര്‍ പൂവമ്പായി ഭാഗത്തുവെച്ച് കാറ് പിടികൂടിയത്. 50 പൊതികളിലായി സൂക്ഷിച്ച 250 ഗ്രാം കഞ്ചാവും കാറും എക്‌സൈസ് പിടിച്ചെടുത്തു.
 
പുതുപ്പാടി കൈതപ്പൊയിലില്‍ അനധികൃത മണലൂറ്റ് പിടികൂടി
പുതുപ്പാടി: പുതുപ്പാടി കൈതപ്പൊയിലില്‍ അനധികൃത മണലൂറ്റ് കേന്ദ്രത്തില്‍ റവന്യൂ വകുപ്പിന്റെ പരിശോധന. രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന്റെ നിര്‍ദ്ദേശപ്രകാരം ഡോപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുറഹിമാന്റെ നേതൃത്വത്തിലാണ് കൈതപ്പൊയില്‍ രണ്ടാം കയ്യിലെ മണലൂറ്റ് പിടികൂടിയത്. പുഴയില്‍ നിന്നും വാരിയിട്ട ഒമ്പത് ലോഡ് മണല്‍ പോലീസിന്റെ സഹായത്തോടെ റവന്യൂ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇവ പിന്നീട് അടിവാരം പോലീസ് ഔട് പോസ്റ്റിലേക്ക് മാറ്റി. ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും കാരണം വന്‍ തോതില്‍ മണല്‍ ഒഴുകിയെത്തിയതാണ് മണല്‍ മാഫിയ മുതലെടുക്കുന്നത്. പുതുപ്പാടി മേഖലയില്‍ നേരത്തെയും റവന്യൂ വകുപ്പ് പരിശോധന നടത്തി മണല്‍ പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
 
വയനാട് ചുരത്തിനോട് ചേര്‍ന്ന് സ്വകാര്യ ഭൂമിയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
അടിവാരം: വയനാട് ചുരത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയില്‍ അറവുശാലാ മാലിന്യം ഉള്‍പ്പെടെ നിക്ഷേപിച്ചതിനെതിരെ നാട്ടുകാര്‍ രംഗത്ത്. ചുരം രണ്ടാം വളവിന് താഴെയുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് ലോഡ് കണക്കായ മാലിന്യം നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയിലാണ് വന പ്രദേശത്തുനിന്നും ഉത്ഭവിക്കുന്ന ജല സ്രോതസ്സുകള്‍ക്ക് സമീപത്തായി വലിയ കുഴികള്‍ എടുത്ത് മാലിന്യം തള്ളിയത്. മാലിന്യവുമായി എത്തിയ പിക്കപ്പ് വാഹനങ്ങളില്‍ ഒന്ന് റോഡില്‍ കുടുങ്ങിയതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിക്കുകയും പിക്കപ്പ് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പോലീസും ആരോഗ്യ വകുപ്പും സ്ഥലത്തെത്തി മാലിന്യം തോടിന് സമീപത്തുനിന്നും നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയതോടെ അല്‍പ്പം അകലെയായി വലിയ കുഴികള്‍ എടുത്ത് മാലിന്യങ്ങള്‍ കുഴിച്ചുമൂടിയെങ്കിലും പരിസരമാകെ ദുര്‍ഗന്ധം വമിക്കുകയാണ്. കോഴി മാലിന്യം എന്ന പേരില്‍ ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പെടെയാണ് ഇവിടെ നിക്ഷേപിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്താകെ പരന്നു കിടക്കുന്ന മാലിന്യം ചെറിയ മഴ പെയ്യുന്നതോടെ താഴേക്ക് ഒഴുകുമെന്നും നാട്ടുകാര്‍ ഭയക്കുന്നു. ജനവാസ കേന്ദ്രങ്ങളിലും ജലസ്രോതസ്സുകള്‍ക്ക് സമീപത്തും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
 
പുതുപ്പാടി വനമേഖലയില്‍ വേട്ടക്കെത്തിയവരില്‍ ഒരാള്‍ അറസ്റ്റില്‍
പുതുപ്പാടി: പുതുപ്പാടി കൊളമല നിക്ഷിപ്ത വനപ്രദേശത്ത് വേട്ടക്കെത്തിയ സംഘത്തിലെ ഒരാളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. പുതുപ്പാടി പെരുമ്പള്ളി കിളയില്‍ ജംഷാദ് മുഹമ്മദ്(28) ആണ് അറസ്റ്റിലായത്. വേട്ട സംഘം വനത്തില്‍ പ്രവേശിച്ചതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഇംറോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ജംഷാദ് പിടിയിലായത്. കൂടെയുണ്ടായിരുന്ന ഉണ്ണികുളം എം എം പറമ്പ് കോട്ടക്കുന്നുമ്മല്‍ ഹാരിസ്, എകരൂല്‍ ചിറക്കല്‍ മുസ്തഫ എന്നിവര്‍ തോക്കുമായി ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി വനപാലകര്‍ അന്വേഷണം ആരംഭിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ പി അബ്ദുല്‍ ഗഫൂര്‍, പി കെ പ്രഭേന്ദ്രനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി ദീപേഷ്, എന്‍ ബിജേഷ്, അപര്‍ണാ ആനന്ദ്, സി മുഹമ്മദ് അസ്ലം, പി ജലീഷ്, ഡ്രൈവര്‍ ജിതേഷ്, വാച്ചര്‍ രവി എന്നിവരടങ്ങിയ സംഘമാണ് നായാട്ടു സംഘാംഗത്തെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies