29-Mar-2020 (Sun)
 
 
 
1
 
കോഴിക്കോട്: ആസ്റ്റര്‍ മിംസ് ആശുപത്രി സൗജന്യ മൂത്രാശയകല്ല് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ ആസ്റ്റര്‍ മിംസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന ക്യാമ്പില്‍ രജിസ്‌ട്രേഷനും ഡോക്ടറുടെ കണ്‍സള്‍ട്ടേഷനുംസൗജന്യമാണ്. ആസ്റ്റര്‍ മിംസിലെ യൂറോളജി വിഭാഗമാണ് ക്യാമ്പ് നടത്തുന്നത്. യൂറോളജി വിഭാഗം തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രവികുമാര്‍ കരുണാകരന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ.സൂര്‍ദാസ് ആര്‍, ഡോ. അഭയ് ആനന്ദ്, ഡോ. ജിതിന്‍ ലാല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. മൂത്രാശയകല്ല് സംബന്ധമായരോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും ഭാഗമായി വേണ്ടിവന്നേക്കാവുന്ന ലാബ്‌ടെസ്റ്റുകള്‍ക്കുംശസ്ത്രക്രിയകള്‍ക്കും പ്രത്യേക ഇളവ് ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി അപ്പോയന്‍മെന്റ് ബുക്ക്‌ചെയ്യുന്നതിനും 9562881177 എന്ന നമ്പരില്‍ വിളിക്കുക.
 
താമരശ്ശേരി: ചുങ്കം നേത്ര ഫൌണ്ടേഷന്‍ കണ്ണാശുപത്രിയില്‍ മാര്‍ച്ച് 11 മുതല്‍ 31 വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. മാര്‍ച്ച് 20ന് ഡയബറ്റിക് റെറ്റിനോപ്പതി സ്‌ക്രീനിഗ്, മാര്‍ച്ച് 23ന് ഗ്ലുക്കോമ സ്‌ക്രീനിംഗ് പ്രമേഹം, കാഴ്ചമങ്ങള്‍, എന്നീ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുടെ കണ്ണിനുള്ളില്‍ ഞരമ്പുകള്‍ സൂക്ഷ്മമായി പരിശോധന സൗജന്യമായി ചെയ്തു കൊടുക്കുന്നു. സേവനം ലഭ്യമാക്കാന്‍ വിളിക്കേണ്ട നമ്പര്‍ 8606023293.
 
അഞ്ചു വയസ്സുവരെയുളള എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ്
കോഴിക്കോട്: ജില്ലയില്‍ അഞ്ചു വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും രോഗ പ്രതിരോധ കുത്തിവെയ്പ് ലഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശം നല്‍കി. ഇതിനുവേണ്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശക്തമാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ ദേശീയ ആരോഗ്യ പരിപാടികളുടേയും സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന വിവിധ ആരോഗ്യ പദ്ധതികളുടേയും പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ജാഗ്രത, കുഷ്ഠരോഗ നിയന്ത്രണ പരിപാടിയായ അശ്വമേധം, ജീവിതശൈലി രോഗ നിയന്ത്രണ പരിപാടി, മാതൃശിശു സംരക്ഷണ പരിപാടി, ഇഹെല്‍ത്ത് പദ്ധതി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രന്‍ വി ആര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എസ് എന്‍ രവികുമാര്‍, ഡോ. ആശാദേവി, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ആര്‍ സരളാനായര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ വിശദീകരിച്ചു. ജില്ലയില്‍ പ്രതിരോധ കുത്തിവെയ്പ്പ് 90 ശതമാനം കുട്ടികള്‍ക്ക് മാത്രമേ ലഭിച്ചിട്ടുളളൂ എന്ന് യോഗം വിലയിരുത്തി. കുന്നുമ്മല്‍, കാവിലുംപാറ, കായക്കൊടി, പുറമേരി, വേളം, മരുതോങ്കര, നരിപ്പറ്റ, കുറ്റിയാടി, നാദാപുരം, തൂണേരി, വളയം, ചെക്യാട്, എടച്ചേരി, വാണിമേല്‍, തിരുവളളൂര്‍, ആയഞ്ചേരി, കൊടുവളളി തുടങ്ങിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ 80 ശതമാനത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ പ്രതിരോധ കുത്തിവെയ്പുകള്‍ ലഭിച്ചിട്ടുളളൂ.
 
കോഴിക്കോട്: ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ ന്യൂറോളജി, ന്യൂറോ & സ്‌പൈന്‍ സര്‍ജറി, പ്ലാസ്റ്റിക് & മൈക്രോ വാസ്‌കുലര്‍ സര്‍ജറി, ഇ എന്‍ ടി, ഓറല്‍ & മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി എന്നീ വിഭാഗങ്ങള്‍ സംയുക്തമായി മെഡിക്കല്‍/ ശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പ് നവംബര്‍ 21 മുതല്‍ 24 വരെ നടത്തുന്നു. മുഖംവേദന, കഴുത്ത്‌വേദന, പുറംവേദന, കടുത്ത കാലുവേദന, കയ്യിലും കാലിലും ഉള്ള തരിപ്പ്, നട്ടെല്ലിലെ മുഴകള്‍, തലച്ചോറിലെ മുഴകള്‍, തലവേദന, അപസ്മാരം, ചെവിവേദന, തലകറക്കം, കയ്യിലും കാലിലും ഉള്ള വിറയല്‍, ചലന ശേഷിക്കുറവ്, അനിയന്ത്രിതമായ ചലനം, ഉറക്കത്തോടനുബന്ധിച്ചുള്ള തകരാറുകള്‍, താടിയെല്ലിനകത്തുള്ള മുഴ എന്നിങ്ങനെയുള്ള രോഗങ്ങള്‍ മൂലം വിഷമതകള്‍ അനുഭവിക്കുവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. കൂടാതെ താടിയെല്ലിന്റെയും മോണയുടെയും ആകൃതി ക്രമീകരിക്കല്‍, ചെവിയുടെ വൈകല്യങ്ങള്‍ ക്രമീകരിക്കല്‍, തലമുടി വച്ചുപിടിപ്പിക്കല്‍, മൂക്കിന്റെ ജന്മനാ ഉള്ള വൈകല്യങ്ങള്‍ ക്രമീകരിക്കല്‍, മൂക്കിന്റെ സൈസ് കുറയ്ക്കല്‍, മൂക്കിന്റെ അഗ്രഭാഗം കൂര്‍മ്മിക്കല്‍, മൂക്കിന്റെ വളവ് നിവര്‍ത്തല്‍, തീപൊള്ളലേറ്റ ഭാഗങ്ങള്‍ ക്രമീകരിക്കല്‍, മുറിവുകള്‍ ക്രമീകരിക്കല്‍, മുച്ചിറി വൈകല്യങ്ങള്‍, അണ്ണാക്കിന്റെ ക്രമീകരണം എന്നിവ പ്ലാസ്റ്റിക്, മൈക്രോ വാസ്‌കുലര്‍, മാക്‌സിലോ ഫേഷ്യല്‍ സര്‍ജറികളിലൂടെ രൂപഭംഗി വരുത്താന്‍ ആഗ്രഹിക്കുവര്‍ക്കും ഈ ക്യാമ്പില്‍ പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ കന്‍സള്‍ട്ടേഷന് പുറമെ കുറഞ്ഞ നിരക്കില്‍ ലാബ് ടെസ്റ്റ്, എം ആര്‍ഐ/ സി ടി/ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, മറ്റ് പരിശോധനകള്‍ എന്നിവ ലഭ്യമാക്കുന്നു. സര്‍ജറി ആവശ്യമുള്ളവര്‍ക്ക് ചാര്‍ജുകളില്‍ ഗണ്യമായ കുറവ് അനുവദിക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോണ്‍: 04962701800, 9447425267, 9745010025.
 
കുഞ്ഞുങ്ങളുടെ ആരോഗ്യ നിലവാരവും പോഷക നിലവാരവും ഉയര്‍ത്തുന്നതിനായും വിദ്യാഭ്യാസ കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായും ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായാണ് ദേശീയവിരവിമുക്തി ദിനം ആചരിക്കുന്നത്. എല്ലാ സ്‌ക്കൂളുകളിലും അംഗന്‍വാടികളിലും ഉള്ള ഒന്ന് മുതല്‍ പത്തൊന്‍പത് വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം തന്നെ വിരയിളക്കാനുള്ള മരുന്ന് നല്‍കുന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഐ സി ഡി എസ്, നഗരവികസനം, റൂറല്‍ ഡെവലപ്മെന്റ,് ട്രൈബല്‍, തദ്ദേശസ്വയംഭരണം, കുടിവെള്ള ശുചിത്വ വകുപ്പുകള്‍ക്കാണ് പരിപാടിയുടെ നടത്തിപ്പു ചുമതല. സൗജന്യമായി നല്‍കുന്ന ആല്‍ബന്റസോള്‍ ഗുളിക ഒക്ടോബര്‍ 25 ന് എല്ലാ കുട്ടികളും കഴിക്കണം. 1 മുതല്‍ 2 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ 400 മി ഗ്രാമിന്റെ അര ഗുളികയും 2 മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ 400 മി ഗ്രാമിന്റെ ഒരു ഗുളികയുമാണ് കഴിക്കേണ്ടത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആല്‍ബന്റസോള്‍ ഗുളികകള്‍ സുരക്ഷിതമാണ്. ഒക്ടോബര്‍ 25 ന് ഈ ഗുളിക കഴിക്കാന്‍ പറ്റാത്ത കുട്ടികള്‍ക്ക് നവംബര്‍ 1 ന് ഗുളിക നല്‍കുന്നതാണ്. പരിസര ശുചിത്വത്തിന്റെയും വ്യക്തി ശുചിത്വത്തിന്റേയും അഭാവം മൂലമാണ് വിര ബാധയുണ്ടാകുന്നത്. വിരകളുടെ എണ്ണം കൂടുതല്‍ ആയാല്‍ വയറുവേദന ഛര്‍ദ്ദി വയറിളക്കം ക്ഷീണം എന്നിവയുണ്ടാകും. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ മനുഷ്യശരീരത്തില്‍ എത്തുന്ന വിരകള്‍ ബാധിതന്റെ പോഷക നിലയേയും ആരോഗ്യത്തേയും ഹനിക്കുന്നു. വിരകള്‍ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനാല്‍ രക്തനഷ്ടം, പോഷകക്കുറവ് വളര്‍ച്ചാ മുരടിപ്പ് എന്നിവയുമുണ്ടാകുന്നു. പോഷകക്കുറവുകള്‍ വളര്‍ച്ചയേയും ശാരീരിക വികാസത്തേയും ഗുരുതരമായി ബാധിക്കുന്നു.
 
കോഴിക്കോട്: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും എച്ച്1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇന്‍ഫ്ളുവന്‍സ ടൈപ്പ് എ വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് എച്ച്1 എന്‍1. വായുവിലൂടെ എളുപ്പത്തില്‍ പകരുന്ന ഒരു സാംക്രമിക രോഗമാണിത്. ചുമക്കുമ്പോഴും, തുമ്മുമ്പോഴും സൂക്ഷ്മ കണങ്ങള്‍ വായുവിലൂടെ മറ്റൊരാളിലേക്ക് പകരുന്നു. കൂടാതെ രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയും 80% വരെ രോഗം പകരാനുളള സാധ്യതയുണ്ട്. രോഗം വന്നയുടന്‍ രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, തൂവാല എന്നിവ മറ്റുളളവര്‍ വീണ്ടും ഉപയോഗിക്കുന്നത് ഇരട്ടി ദോഷമുണ്ടാക്കും. ജലദോഷപ്പനിയായതിനാല്‍ ആരെയും ബാധിക്കാമെങ്കിലും രോഗപ്രതിരോധശേഷി കറവുളളവര്‍ക്ക് ഈ രോഗം വളരെ പെട്ടെന്ന് ബാധിക്കാനും മൂര്‍ച്ചിക്കാനും സാധ്യതയുണ്ട്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രമേഹരോഗികള്‍, വൃക്ക, കരള്‍ രോഗം ബാധിച്ചവര്‍, ഹൃദ്രോഗികള്‍, രക്തസമ്മര്‍ദ്ദം, കാന്‍സര്‍, എച്ച്.ഐ.വി ബാധിതര്‍, അവയവം മാറ്റിവെച്ചവര്‍ എന്നിവര്‍ക്ക് അപകട സാധ്യത കൂടുതലാണ്. വൈറസ് ബാധിച്ച പ്രതലങ്ങളില്‍ സ്പര്‍ശിച്ചശേഷം കണ്ണിലോ, മൂക്കിലോ, വായിലോ സ്പര്‍ശിക്കുന്നത് അണുബാധക്ക് കാരണമാകും. അസുഖമുളള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നത് രോഗം പകരാന്‍ കാരണമാകും. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ വൈറസ് മിക്കപ്പോഴും നശിച്ചുപോകും. എന്നാല്‍ എയര്‍കണ്ടീഷന്‍ മുറികളില്‍ വൈറസ് കൂടുതല്‍ നേരം നിലനില്‍ക്കും. വൈറസിനെ നശിപ്പിക്കുന്ന ഒസാള്‍ട്ടമിവിര്‍ മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. ഇവ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗലക്ഷണങ്ങള്‍:- പനി, ചുമ, ശ്വാസം മുട്ടല്‍, ശരീര വേദന, തൊണ്ടവേദന, ജലദോഷം വിറയല്‍, ക്ഷീണം, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും. പനിക്കൊപ്പം സാധാരണയിലും കൂടുതല്‍ വേഗത്തില്‍ ഹൃദയമിടിക്കുക, നാഡീചലനം ധ്യതിയിലാവുക, രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുക എന്നീ ലക്ഷണങ്ങളുമുണ്ടാകാം. മുന്‍കരുതലുകള്‍:- * കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക. * സോപ്പും, വെളളവും ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക, * യാത്രക്ക് ശേഷം ഉടന്‍ കുളിക്കുക. * രോഗികളുമായുളള സമ്പര്‍ക്കം ഒഴിവാക്കുക. * രോഗലക്ഷണമുളളവര്‍ വീടുകളില്‍ പൂര്‍ണ്ണ വിശ്രമം എടുക്കുക. * കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സ്ഥലങ്ങളില്‍ പോകാതിരിക്കുകയും യാത്ര ഒഴിവാക്കുകയും ചെയ്യുക. * തുമ്മുമ്പോഴും, ചുമക്കുമ്പോഴും, മൂക്കും വായയും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക, ഉടന്‍ തന്നെ കൈ നന്നായി കഴുകുക. * വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷണം കണ്ടാല്‍ സ്‌കൂളില്‍ വിടാതിരിക്കുക. സ്‌കൂളുകളില്‍ കൂടുതലായി രോഗം റിപ്പോര്‍ട്ടു ചെയ്യുകയാണെങ്കില്‍ രോഗവ്യാപനം തടയാന്‍ സ്‌കൂള്‍ അസംബ്ലി അത്യാവശ്യഘട്ടത്തില്‍ മാത്രം ചേരുക. * ധാരാളം വെളളം കുടിക്കുക/ നന്നായി ഉറങ്ങുക. * പോഷകാഹാരം കഴിക്കുക. * ഇളം ചൂടുളള പാനീയങ്ങള്‍ ഇടക്കിടെ കുടിക്കുക. * എത്രത്തോളം വിശ്രമം എടുക്കുന്നുവോ രോഗം ഭേദമാകുവാനുളള സാധ്യത അത്രയും വര്‍ദ്ധിക്കും. ജില്ലയില്‍ സെപ്തംബര്‍ മാസത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി 32 കേസുകളും, 3 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍ ടോള്‍ഫ്രീ നമ്പറായ 1056 ലോ, 0471-2552056 എന്ന നമ്പറിലോ ജില്ലാ ഐ ഡി എസ് പി സെല്ലിലെ 0495 2376063 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
 
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ചക്കോരത്തുകുളത്തുള്ള ജില്ലാ ഓഫീസില്‍ ഈ മാസം 16 ന് രാവിലെ എട്ട് മുതല്‍ 12 വരെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തും. മോട്ടോര്‍ തൊഴിലാളിയിലെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ തിമിര ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സാ സഹായം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
 
പനി ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സ നടത്താതെ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം)ഡോ പി.ആര്‍ സലജകുമാരി അറിയിച്ചു. വിശ്രമം ലഘുഭക്ഷണം എന്നിവ നിര്‍ബന്ധമാണ്. എരിവ്, പുളി എന്നിവ നന്നായി കുറയ്ക്കണം. 20 മിനിറ്റെങ്കിലും തിളപ്പിച്ച വെളളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം. പ്രളയാനന്തര പുനരധിവാസം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ പനിയുണ്ടെ ങ്കിലും ഇല്ലെങ്കിലും ഡോക്സിസൈക്ലിന്‍ കഴിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും 15 മില്ലി പടോലാദിഗണം കഷായം (പടോലകടുരോഹിണ്യാദി കഷായം) 75 മില്ലി തിളപ്പിച്ചാറിയ വെളളത്തില്‍ നേര്‍പ്പിച്ച് ഒരു വില്വാദി ഗുളിക നല്ലപോലെ ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പ് 2 നേരം മൂന്ന് ആഴ്ചക്കാലത്തേക്ക് കഴിക്കാം. കഷായത്തിന്റെ സൂക്ഷ്മ ചൂര്‍ണ്ണം കിട്ടുമെങ്കില്‍ ഒരു ടീസ്പുണ്‍ (5 ഗ്രാം) ഒന്നര ഗ്ലാസ്സ് (300 മില്ലി) വെളളത്തില്‍ തിളപ്പിച്ച് പകുതിയാക്കി അരിച്ചെടുത്ത് 2 നേരം കഴിക്കുക. സുദര്‍ശനം ഗുളിക, വില്യാദി ഗുളിക എന്നിവ ഒന്നുവീതം മൂന്നുനേരം പ്രതിരോധത്തിനായി കഴിക്കാം. വെളളത്തിലും ചെളിയിലും ഇറങ്ങുന്നവര്‍ കൈയുറ, ബൂട്ട് തുടങ്ങിയ സ്വയംരക്ഷാഉപകരണങ്ങള്‍ ഉപയോഗിക്കുക. ദേഹം കഴുകുന്നതിന് അണുനാശക ഔഷധങ്ങള്‍ ഉപയോഗിക്കാം. ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെളളം ഇതിനായി ഉപയോഗിക്കാം. വെളളത്തിലും ചെളിയിലും ഇറങ്ങുന്നവര്‍ മുറിവുകള്‍ ഉണ്ടെങ്കിലും, ഇല്ലെങ്കിലും ദേഹത്ത് നേര്‍മയില്‍ വേപ്പെണ്ണ പുരട്ടാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ എലിപ്പനി സാദ്ധ്യതകള്‍ കൂടുതലായതിനാല്‍ ജാഗ്രത വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസ് (ഐ.എസ്.എം) അറിയിച്ചു.
 
എണ്‍പത് ശതമാനം രോഗങ്ങളും വന്നുചേരുന്നത് വെള്ളത്തിലൂടെയാണെന്ന്‌ സി.ഡബ്ലിയു ആര്‍ ഡി എം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഭൂരിഭാഗം കിണറുകളും മലിനമാണെന്നും ഏകദിന ശില്‍പശാല അഭിപ്രായപ്പെട്ടു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ ശുചിത്വ മിഷന്‍ സി ഡബ്ലിയു ആര്‍ ഡി എം മായി സഹകരിച്ച് പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തിലായിരുന്നു ശില്‍പ്പശാല. സി ഡബ്ലിയു ആര്‍ ഡി എം സയിന്റിസ്റ്റ് ഡോ: മാധവന്‍ കോമത്തും വാട്ടര്‍ അതോറിറ്റി സയിന്റിസ്റ്റ് വിനോദ് കുമാറും ക്ലാസ്സെടുത്തു. കോളറ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ പകരുന്നത് ജലത്തിലൂടെയാണ്. കുടിക്കുന്ന ജലത്തിന്റെ ഗുണനിലവാരം അറിയാന്‍ ശ്രമിക്കണം. കോളിഫോം ബാക്റ്റീരിയകളുടെ സാന്നിധ്യം,ജലത്തിലെ പി എച്ച് അളവ് കൂടുകയും കുറയുകയും ചെയ്യുക,ഫ്‌ളൂറൈഡിന്റെ അളവ് കൂടുക,കാര്‍ബണിക മലിനീകരണം എന്നിവ ജലം മലിനമാകുന്ന അവസ്ഥകളാണ്. ജനസംഖ്യ കൂടുകയും അതുവഴി കിണറും സെപ്റ്റിക് ടാങ്കും തമ്മിലുള്ള അകലം കുറയുകയും ചെയ്യുക, വ്യവസായ വത്കരണം, നഗരവത്കരണം ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍, അശാസ്ത്രീയമായ കൃഷി പ്രയോഗങ്ങള്‍ എന്നീ കാരണങ്ങള്‍കൊണ്ടാണ് ജലം മലിനമാകുന്നതെന്ന് ശില്‍പ്പശാല ചൂണ്ടിക്കാട്ടി. പാരമ്പര്യ ജലസോത്രസ്സുകളായ കിണറുകളും കുളങ്ങളും സംരക്ഷിക്കണം. സ്‌കൂളുകളിലെ വാട്ടര്‍ ക്ലബുകള്‍ വഴി കുട്ടികളില്‍ അവബോധം സൃഷ്ടിക്കണം, ജലം അണുവിമുക്തമാക്കിയ ശേഷം ഉപയോഗിക്കണം. കിണറ്റിലെ വെള്ളം അണു വിമുക്തമാക്കാനുള്ള പ്രധാന മാര്‍ഗ്ഗം ക്ലോറിനേഷനാണ്. അതുവഴി ജലത്തിലെ ഇരുമ്പിന്റെ അംശം കുറക്കാന്‍ കഴിയും. സെപ്റ്റിക് ടാങ്ക് ആഴം കൂട്ടിയാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പരിഹാരമാവില്ല. ഭക്ഷണം ബാക്കിയവുമ്പോള്‍ ആഴത്തില്‍ കുഴിച്ചിടാതെ തെങ്ങിന്‍ ചുവട്ടിലൊ മറ്റോ ചെറുതായി മണ്ണ് നീക്കി അവ നിക്ഷേപിക്കണം. ശില്‍പ്പശാലയില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടി. പരിപാടി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി മാലതി,ബി ഡി ഒ സി വിജയന്‍ എന്നിവര്‍ സംസാരിച്ചു.
 
ക്ഷയരോഗ ബാധിതര്‍ ഇടക്ക് ചികിത്സ നിര്‍ത്തുന്നത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനം
കോഴിക്കോട്: ക്ഷയരോഗ ബാധിതര്‍ ഇടക്ക് ചികിത്സ നിര്‍ത്തുന്നത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. ആറുമാസം തുടര്‍ച്ചയായി കഴിക്കേണ്ട മരുന്നുകള്‍ ഇടക്ക് നിര്‍ത്തുന്നത് രോഗിയുടെ മരണത്തിന് വരെ കാരണമാവുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടു മാസത്തോളം മരുന്ന് കഴിക്കുന്നതോടെ രോഗ ലക്ഷണങ്ങള്‍ കുറയുന്നതാണ് പരലെയും ചികിത്സയില്‍നിന്നും പിന്തിരിപ്പിക്കുന്നത്. കൂടാതെ മദ്യം, മയക്കുമരുന്ന് എന്നിവക്ക് അടിമപ്പെട്ടവരും ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരക്കാര്‍ക്ക് പിന്നീട് ചികിത്സ ഫലിക്കില്ലെന്ന് മാത്രമല്ല ഇവരില്‍നിന്നും രോഗം പകരുന്നവര്‍ക്കും ചികിത്സ ഫലിക്കാതെവരും. ഇത്തരത്തില്‍ ചികിത്സ നിര്‍ത്തുന്നവര്‍ക്കും ഇവരില്‍നിന്നും രോഗം പകരുന്നവര്‍ക്കും പിന്നീട് രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായുള്ള ചികിത്സ ആവശ്യമായി വരും. 13 പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട മുക്കം ട്രീറ്റ് മെന്റ് യൂണിറ്റിനുകീഴില്‍ കഴിഞ്ഞവര്‍ഷം 317 ടി ബി ബാധിതരാണ് രജിസ്റ്റര്‍ ചെയ്തത്. ഈവര്‍ഷം ഇതേവരെയായി 46 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന രോഗികളില്‍ 84 ശതമാനവും സുഖം പ്രാപിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇടക്ക് ചികിത്സ നിര്‍ത്തുന്നതും രോഗം സ്ഥിരീകരിക്കാന്‍ വൈകുന്നതുമാണ് 16 ശതമാനമാളുകളുടെ ജീവന്‍ കവരുന്നത്. ക്ഷയരോഗം ചികിത്സിച്ച് ബേധമാക്കാമെന്നതും ഇടക്ക് ചികിത്സ നിര്‍ത്തുന്നത് കൂടുതല്‍ അപകടമാണെന്നതും ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞാല്‍ ക്ഷയരോഗബാധിതരെ പൂര്‍ണമായും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.
 
1
 
 
 

All rights reserved | Website developed and maintained by Zyonz Technologies