22-Aug-2018 (Wed)
 
 
 
 
‍ഞങ്ങള്‍ക്ക് സുരക്ഷയൊരുക്കി നാട്ടിലെത്തിച്ചവരെ തീവ്രവാദികള്‍ എന്ന് വിളിക്കാനാവില്ല
   
vps
07-Jul-2014
 

തെയ്യപ്പാറ: പോര്‍മുഖത്തുനിന്നും മോചിപ്പിച്ച് നാട്ടിലെത്തിച്ചവരെ തീവ്രവാദികളെന്ന് വിളിക്കാനാവില്ലെന്ന് ഷിന്‍സി മത്തായി. ഇറാഖിലെ തിക് റത്തിലെ സദ്ധാംഹുസ്സൈന്‍ മെഡിക്കല്‍ കോളേജിലെ നേഴ്‌സായിരുന്ന ഷിന്‍സി ഉള്‍പ്പെടെ 45 മലയാളി നേഴ്‌സുമാരും ഒരു തമിഴ്‌നാട് സ്വദേശിനിയുമാണ് ശനിയാഴ്ച നാട്ടിലെത്തിയത്. കോടഞ്ചേരി തെയ്യപ്പാറ ഓലപ്പുരക്കല്‍ ഷിന്‍സി മത്തായി ശനിയാഴ്ച രാത്രിയാണ് വീട്ടിലെത്തിയത്. കാവലാളായി തങ്ങള്‍ക്കൊപ്പം നിന്ന പോരാളികള്‍ സുമനസ്സുകളാണെന്നും അവരുടെ കരുണകൊണ്ടാണ് ജീവന്‍ തിരികെ കിട്ടിയതെന്നും ഷിന്‍സി പറയുന്നു. 2013 ജൂലൈ മൂന്നിനാണ് ഷിന്‍സി ഡല്‍ഹിയില്‍ നേഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്. കുറഞ്ഞ ശമ്പളത്തിലുള്ള കഠിനാധ്വാനവും കുടംബത്തിന്റെ പ്രാരാബ്ദവുമാണ് ഇറാക്കിലേക്ക് പോവാന്‍ ഷിന്‍സിയെ പ്രേരിപ്പിച്ചത്. ഡല്‍ഹിയില്‍നിന്നും ഗ്ലോബല്‍ ഏജന്‍സി എന്ന സ്ഥാപനം വഴി നാലുമാസം മുമ്പ് ഇറാഖിലേക്ക് പോയി. അറുപത് മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇറാഖിന്റെ മുന്‍ പ്രസിഡന്റ് സദ്ധാം ഹുസ്സൈന്റെ ജന്‍മ നാടായ തിക് റത്തിലെ സദ്ധാം ഹുസ്സൈന്‍ മെജഡിക്കല്‍ കോളേജിലാണ് ഷിന്‍സി ഉള്‍പ്പെടെ 15 പേര്‍ക്ക് ജോലി ലഭിച്ചത്. നേരത്തെ ഇറാഖിലെത്തിയ മലയാളികളും ഇവിടെയുണ്ടായിരുന്നു. മൂന്ന് മാസം തികയുമ്പോഴാണ് ഇറാഖില്‍ കലാപം രൂക്ഷമാവുന്നത്.

 

നടുക്കം വിട്ടുമാറിയില്ലെങ്കിലും ഷിന്‍സി അനുഭവം വിവരിക്കുന്നു. ഫെബ്രുവരി 17 നാണ് ഇറാഖിലേക്ക് പോയത്. ഹോസ്പിറ്റല്‍ സമുച്ചയത്തില്‍ തന്നെയായിരുന്നു താമസവും. മൂന്ന് മാസത്തിന്‌ശേഷമേ ശമ്പളം കിട്ടൂ എന്ന് പറഞ്ഞിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും തിരഞ്ഞെടുപ്പും സാമ്പത്തിക പ്രതിസന്ധികളും കാരണം പറഞ്ഞു. ഇതിനിടെ സംഘര്‍ഷം രൂക്ഷമായിരുന്നു. കുറച്ച് ദിവസത്തിനകം ജോലിക്ക് പോവാതായി. ബോംബ് സ്‌ഫോടനത്തിലും മറ്റും പരുക്കേല്‍ക്കുന്ന പോരാളികളെകൊണ്ട് നിറഞ്ഞു. ആശുപത്രി സ്ഥിതിചെയ്യുന്ന തിക് റത്ത് നഗരം പോരാളികള്‍ പിടിച്ചടക്കിയതോടെ ആശുപത്രിയിലുണ്ടായിരുന്ന ജീവനക്കാരില്‍ മലയാളികളൊഴികെ എല്ലാവരും സ്ഥലം വിട്ടിരുന്നു. ഇതിനിടെ നൂറ്റി അമ്പതോളം വരുന്ന പോരാളികള്‍ പിടിച്ചതോടെ ഇറാഖീ ജീവനക്കാര്‍ സ്ഥലം വിട്ടിരുന്നു. രണ്ടുദിവസം പോരാളികളും 46 നേഴ്‌സുമാരും മാത്രമായിരുന്നു ആശുപത്രിക്കുള്ളില്‍. മുഖംമൂടിക്കെട്ടി തോക്കുമേന്തിയായായിരുന്നു പോരാളികള്‍ ആശുപത്രിക്കുള്ളില്‍ നേഴ്‌സുമാര്‍ക്ക് കാവില്‍ നിന്നത്. ഇറാഖീ സൈന്യം ആശുപത്രിക്ക് ബോംബിടുമെന്നും ഇവിടെനിന്നും മാറണമെന്നും പലപ്പോഴും ആവശ്യപ്പെട്ടു. ഒരുദിവസം മുഴുവന്‍ ഞങ്ങള്‍ അണ്ടര്‍ ഗ്രൗണ്ടിലാണ് കഴിഞ്ഞത്. ഞങ്ങള്‍ ഇന്ത്യന്‍ എമ്പസിയിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുമ്പോഴക്കെ പുറത്തിറങ്ങേണ്ടെന്ന മറുപടിയാണ് ലഭിച്ചത്. എവിടേക്ക് തിരിഞ്ഞാലും ആയുധ ധാരികളായ പോരാളികള്‍ ഞങ്ങള്‍ക്ക് സുരക്ഷയൊരുക്കി കൂടെ പോന്നിരുന്നു. മൊബൈല്‍ഫോണില്‍ ബാലന്‍സില്ലാത്തവര്‍ക്ക് പോരാളികളുടെ പണം ഉപയോഗിച്ച് റീചാര്‍ജ് ചെയ്ത് തന്നു. ഭക്ഷണവും വെള്ളവും എല്ലാം നല്‍കി. മൂന്നാം ദിവസം 15 മിനുറ്റിനുള്ളില്‍ ബസ്സില്‍ കയറണമെന്ന് ആവശ്യപ്പെട്ടു. അധികപേരും ബസ്സില്‍ കയറി. ഏതാനും പേര്‍ ബാക്കി നില്‍ക്കെയാണ് ആശുപത്രി കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് ബോംബ് പതിച്ചത്. ഞങ്ങളില്‍പെട്ട ചിലര്‍ക്ക് ചില്ലുകള്‍ പതിച്ച് നിസ്സാര പരുക്കേറ്റു. യാത്രക്കിടയില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ധേശിച്ചു. പിന്നീട് ഫോണ്‍ വിളിക്കാനും അനുമതി നല്‍കി. മുസ്വല്ലയിലെ അജ്ഞാത കേന്ദ്രത്തിലെത്തിയപ്പോള്‍ പലരുടെയും മൊബൈല്‍ ഫോണിന്റെ നെറ്റ് വര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ഇതോടെ നെഴ്‌സുമാരെ കാണാതായെന്ന രൂപത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പോരാളികളറിഞ്ഞു. അവര്‍ ക്യാമറയുമായെത്തി തങ്ങളെകൊണ്ട് അനുഭവം പറയിപ്പിച്ചു. സുരക്ഷിതരാണെന്നും ആരും ഉപദ്രവിച്ചിട്ടില്ലെന്നും പറയാന്‍ നിര്‍ദ്ധേശിച്ചു. അപ്പോഴും പലരും നാട്ടിലേക്കും എമ്പസിയിലേക്കും ബന്ധപ്പെടുന്നുണ്ടായിരുന്നു. അന്നത്തെ ദിവസം കിടക്കാനുള്ള ബെഡുകളും ഭക്ഷണവും എല്ലാം ഏര്‍പ്പാടാക്കിയത് പോരാളികള്‍ തന്നെയായിരുന്നു. ഉടനെ നാട്ടിലെത്തിക്കാമെന്നും അറിയിച്ചിരുന്നു. പിറ്റേദിവസം പോരാളികളുടെ ചിലവില്‍ എ സി ബസ്സില്‍ പോരാളികളുടെ ശക്തി കേന്ദ്രത്തിന്റെ അതിര്‍ത്തിവരെ എത്തിച്ച് ഇന്ത്യന്‍ എമ്പസി അധികൃതര്‍ക്ക് കൈമാറി. ശരിക്കും പറഞ്ഞാല്‍ അവരെ തീവ്രവാദികളെന്ന് പറയാന്‍ പറ്റില്ല. ഷിന്‍സി ഉള്‍പ്പെടെയുള്ളവര്‍ക്ക് പറയാനുള്ളത് ഇന്ത്യന്‍ എമ്പസി അധികൃതരുടെ കൊള്ളരുതായ്മ മാത്രമാണ്. മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരെ അവരുടെ എമ്പസി ഇടപെട്ട് നേരത്തെ നാട്ടിലെത്തിച്ചപ്പോള്‍ ഒന്നും സംഭവിക്കില്ലെന്ന മറുപടിയാണ് എപ്പോഴും ഇന്ത്യന്‍ എമ്പസിയില്‍നിന്നും ഇവര്‍ക്ക് ലഭിച്ചത്. കുടുംബത്തിന്റെ പ്രാരാബ്ദമോര്‍ത്താണ് ഇറാഖിലേക്ക് വിമാനം കയറിയത്. ഇതിന്നായി രണ്ടു ലക്ഷം കടം വാങ്ങി. പഠനത്തിനായി വാങ്ങിയ കടം വേറെയും സാധാരണ കര്‍ഷക കുടുംബമായ ഇവര്‍ക്ക് ഈ ബാധ്യതകള്‍ താങ്ങാവുന്നതിലുമപ്പുറമാണ്. വിദേശത്തേക്ക് തന്നെയാണ് ഷിന്‍സിയുടെ കണ്ണ്. കാരണം ഇവിടെ സ്വകാര്യ ആശുപത്രിയില്‍നിന്നും ലഭിക്കുന്ന തുച്ചമായ വരുമാനംകൊണ്ട് കടം വീടാന്‍ കഴിയില്ല. സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും ഷിന്‍സി പറയുന്നു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies