23-Sep-2018 (Sun)
 
 
 
 
‍നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവ് താമരശ്ശേരിയില്‍ എക്‌സൈസ് പിടിയില്‍
   
vps
12-Sep-2018
 

താമരശ്ശേരി: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ യുവാവ് കഞ്ചാവുമായി വീണ്ടും എക്‌സൈസിന്റെ പിടിയിലായി. നരിക്കുനി കാരക്കുന്നത്ത് താമസിക്കുന്ന ഉണ്ണികുളം വള്ളിയോത്ത് കണ്ണാറക്കുഴിയില്‍ അബ്ദുല്ലത്തീഫ്(45) ആണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം തലയാട് ഭാഗത്തുവെച്ച് അബ്ദുല്ലത്തീഫ് സഞ്ചരിച്ച കെ എല്‍ 56 പി 7707 നമ്പര്‍ കാറിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്ന് എക്‌സൈസ് സംഘം കിലോ മീറ്ററുകളോളം പിന്തുടര്‍ന്നാണ് കിനാലൂര്‍ പൂവമ്പായി ഭാഗത്തുവെച്ച് കാറ് പിടികൂടിയത്. 50 പൊതികളിലായി സൂക്ഷിച്ച 250 ഗ്രാം കഞ്ചാവും കാറും എക്‌സൈസ് പിടിച്ചെടുത്തു.

 

ബാലുശ്ശേരി, ചേളന്നൂര്‍, താമരശ്ശേരി എക്‌സൈസ് ഓഫീസുകളിലും ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നുവെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ ഇയാളുടെ കെ എല്‍ 56 ജി 9528 നമ്പര്‍ ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തുന്നതിനിടെ താമരശ്ശേരി എക്‌സൈസിന്റെ പിടിയിലായിരുന്നു. ഓട്ടോറിക്ഷ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തുടര്‍ന്നാണ് കാറുമായി കഞ്ചാവ് വില്‍പ്പന ആരംഭിച്ചത്. പ്രിവന്റീവ് ഓഫീസര്‍ സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി നൗഫല്‍, സി ജി ഷാജു, കെ ജി ജിനീഷ്, ഡ്രൈവര്‍ സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies