24-Mar-2019 (Sun)
 
 
 
 
‍കരിഞ്ചോലക്കൊരു കൈത്താങ്ങ്: എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ രണ്ട് വീടുകള്‍
   
vps
10-Nov-2018
 

കട്ടിപ്പാറ: ഉരുള്‍പൊട്ടലില്‍ 14 ജിവനുകള്‍ പൊലിയുകയും മുപ്പതോളം വീടുകള്‍ തകരുകയും ചെയ്ത കരിഞ്ചോലയുടെ പുനരധിവാസ പദ്ധതിക്ക് വിദ്യാര്‍ത്ഥികളുടെ സഹായ ഹസ്തം. കോഴിക്കോട് ജില്ലാ എന്‍ എസ് എസ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ രണ്ട് വീടുകളാണ് കരിഞ്ചോല ദുരിത ബാധിതര്‍ക്കായി നിര്‍മിച്ചു നല്‍കുന്നത്. കരിഞ്ചോലക്കൊരു കൈത്താങ്ങ് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 133 എന്‍ എസ് എസ് യൂണിറ്റുകള്‍ കൈ കോര്‍ത്തപ്പോള്‍ 14 ലക്ഷം രൂപയാണ് സമാഹരിക്കാനായത്. കാരാട്ട് റസാറ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ലഭ്യമാക്കിയ സ്ഥലത്താണ് രണ്ട് വീടുകള്‍ നിര്‍മിക്കുന്നത്. വീടുകളുടെ തറക്കല്ലിടലും വെട്ടി ഒഴിഞ്ഞതോട്ടം ഗവ. എല്‍ പി സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. നവകേരള നിര്‍മാണത്തിന് കേരളം കൈ കോര്‍ക്കുമ്പോള്‍ എന്‍ എസ് എസ് നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

 

വിദ്യാഭ്യാസത്തെ കാലോചിതമായി പരിഷ്‌കരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഒരു വിദ്യാലയത്തിന് അഞ്ച് കോടിയെന്ന നിലയില്‍ 144 സ്‌കൂളുകളിലാണ് ഹൈ-ടെക് സംവിധാനം ഒരുക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും കൈത്തറി യൂണിഫോം നല്‍കും. ഒളിമ്പിക്‌സ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയം നേടുന്നതിനായി 700 കോടി രൂപ ചെലവഴിച്ച് 57 ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളാണ് നിര്‍മ്മിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റടുത്തതിന് ശേഷം 157 കായികതാരങ്ങള്‍ക്ക് ജോലി നല്‍കിയതായും 247 പേര്‍ക്ക് ജോലി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മെഡല്‍ നേടിയ കട്ടിപ്പാറ ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കായിക താരങ്ങള്‍ക്കും പരിശീലകനും മന്ത്രി ഉപഹാരം നല്‍കി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന ഒരു മാസത്തെ ശമ്പളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധിഷ് കല്ലുള്ളതോട് മന്ത്രിക്ക് കൈമാറി. കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു. നാഷണല്‍ യൂത്ത് പ്രൊജക്ട് ഡയറക്ടര്‍ ഡോ. എന്‍ സി സുബ്ബറാവു മുഖ്യാതിഥിയായിരുന്നു. എന്‍ എസ് എസ് സ്‌നേഹസദനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു. റീജിണല്‍ കോ-ഓര്‍ഡിനേറ്റര്‍ മനോജ്കുമാര്‍ കണിച്ചുകുളങ്ങര എന്‍ എസ് എസ് സന്ദേശം നല്‍കി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബേബി ബാബു, മദാരി ജുബൈരിയ, പി സി തോമസ്, പ്രധാനധ്യാപിക ഭാനുമതി, കരയില്‍ സുകുമാരന്‍, ടി സി വാസു, ഷാന്‍ കട്ടിപ്പാറ, കെ വി സെബാസ്റ്റ്യന്‍, സി പി നിസാര്‍, പി സി സെയ്തൂട്ടിഹാജി, കരീം പുതുപ്പാടി എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ സ്വാഗതവും എന്‍ എസ് എസ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies