24-Mar-2019 (Sun)
 
 
 
 
‍കുടിവെള്ള പദ്ധതികള്‍ വ്യാപകമാക്കാന്‍ ജലസുരക്ഷ ഉറപ്പാക്കണം: മന്ത്രി മാത്യു ടി തോമസ്
   
vps
09-Nov-2018
 

കൊയിലാണ്ടി: കിഫ്ബിയിലൂടെ 4500 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. കേരളസര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമായി നടപ്പിലാക്കുന്ന സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജല വിതരണ മേഖലയില്‍ കേരള ജല അതോറിറ്റി മറ്റ് സ്രോതസ്സുകളുമായി കൂടി ചേര്‍ന്ന് 9000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കാന്‍ പോകുന്നത്. നിലവില്‍ പല പദ്ധതികളും കാലതാമസം നേരിടുന്നതിന്റെ പ്രധാന കാരണം ആവശ്യമായ ഭൂമി യഥാസമയം ലഭ്യമാകാതെ പോകുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഭാവിയില്‍ കുടിവെള്ള പദ്ധതികള്‍ വ്യാപകമായി നടപ്പാക്കണമെങ്കില്‍ ജലസുരക്ഷ കൂടി ഉറപ്പാക്കേണ്ടതുണ്ടെന്നും ജലവിതരണത്തിലെ നിലവാരമില്ലാത്ത പൈപ്പുകള്‍ മാറ്റി സ്ഥാപിച്ച് അതോടൊപ്പം തന്നെ നിലവിലുള്ള വിതരണ ശൃംഖല കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭയിലും സമീപ പഞ്ചായത്തുകളായ കോട്ടൂര്‍, നടുവണ്ണൂര്‍, തുറയൂര്‍ പഞ്ചായത്തുകള്‍ക്കും കുടിവെള്ളമെത്തിക്കാന്‍ വേണ്ടി 171 കോടി അടങ്കല്‍ തുക വകയിരുത്തി നടത്തുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ 85 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 86 കോടിയുമാണ് ചെലവ്. പെരുവണ്ണാമുഴി ഡാം റിസര്‍വോയറില്‍ ജിക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കിണറും 174 ദശലക്ഷം ലിറ്റര്‍ ഉല്‍പ്പാദനശേഷിയുള്ള വാട്ടര്‍ ട്രീറ്റ്‌മെമെന്റ് പ്ലാന്റുമാണ് മുഖ്യ ജല ശ്രോതസ്സ്. കായണ്ണയില്‍ നിന്നും കൊയിലാണ്ടിയിലെക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ച് ജലമെത്തിക്കാനാണ് പദ്ധതി. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാമത്തെ പാക്കേജില്‍ കായണ്ണ മുതല്‍ കോട്ടൂര്‍ വരെ 5530 മീറ്റര്‍ നീളത്തിലും, കോട്ടൂര്‍ മുതല്‍ സ്‌റ്റേറ്റ് ഹൈവേ വരെ 2545 മീറ്റര്‍ നീളത്തിലും തുടര്‍ന്ന് ഊരള്ളൂര്‍ വരെ 6840 മീറ്റര്‍ നീളത്തിലും പൈപ്പ് സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ 7385 മീറ്റര്‍ പൈപ്പും 17 ലക്ഷം ലിറ്റര്‍ കപ്പാസിറ്റി ഉള്ള ഭൂതല സംഭരണിയും വലിയമലയില്‍ സ്ഥാപിച്ചായിരിക്കും ജലമെത്തിക്കുക. കൊയിലാണ്ടി ടൗണില്‍ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് 23 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയില്‍ ടാങ്ക് സ്ഥാപിച്ച് വലിയമല ബൂസ്റ്റര്‍ ശേഷനുമായി ബന്ധിപ്പിക്കും. മൂന്നാമത്തെ പാക്കേജ് തുറയൂര്‍ പഞ്ചായത്തിലേക്കാണ്. 92 05 മീറ്റര്‍ നീളത്തില്‍ പൈപ്പ് സ്ഥാപിച്ച് 7.5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയില്‍ കടുവഞ്ചേരി കുന്നില്‍ ഉപരിതല ടാങ്ക് നിര്‍മ്മിക്കുന്നതിനാണ്. അവസാനത്തെ പാക്കേജ് നടുവണ്ണുര്‍ കോട്ടൂര്‍ പഞ്ചായത്തുകളില്‍ വെള്ളമെത്തിക്കാനാണ്. കോട്ടൂര്‍ പഞ്ചായത്തിലെ നിലവിലുള്ള ടാങ്കില്‍ ജലമെത്തിക്കുന്നതിനും രണ്ടാമത്തെ പാക്കേജില്‍ നഗരസഭയില്‍ ഉള്‍പ്പെടെ വലിയമല ടാങ്ക്, കോട്ടക്കുന്ന്, ടാങ്ക് നിര്‍മ്മാണ പ്രവര്‍ത്തിക്ക് ടെണ്ടര്‍ നടപടി പൂര്‍ത്തിയായി പ്രവര്‍ത്തിയുടെ പ്രാരംഭഘട്ടം ആരംഭിച്ചു. 2020 മാര്‍ച്ചോടെ പദ്ധതി പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. എം എല്‍ എമാരായ കെ ദാസന്‍, പുരുഷന്‍ കടലുണ്ടി, നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, ജല അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ടി വി ബാലന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ശോഭ, തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷരീഫ മണലും പുറത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ വി കെ പത്മിനി, സ്ഥിരം സമിതി അംഗം എന്‍.കെ ഭാസ്‌കരന്‍, കൗണ്‍സിലര്‍ എം സുരേന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള ജല അതോറിറ്റി മെമ്പര്‍ ടി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. കേരള ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ബാബു തോമസ് പദ്ധതി വിശദീകരണം നടത്തി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies