18-Jan-2019 (Fri)
 
 
 
 
‍ഐ ഫോണ്‍ വില്‍ക്കാനുണ്ടെന്ന് ഒ എല്‍ എക്‌സില്‍ പരസ്യം ചെയ്ത് തട്ടിപ്പ്
   
vps
11-Jan-2019
 

താമരശ്ശേരി: ഐ ഫോണ്‍ വില്‍ക്കാനുണ്ടെന്ന് സോഷ്യല്‍ മീഡിയിയില്‍ പരസ്യം ചെയ്ത് തട്ടിപ്പ്. താമരശ്ശേരി പരപ്പന്‍പൊയിലില്‍ താമസിക്കുന്ന ആസ്സാം സ്വദേശി അയിജുല്‍ ഖാന് ആണ് പണം നഷ്ടപ്പെട്ടത്. ഉപയോഗിച്ച വസ്തുക്കളുടെ വിപണനത്തിനായുള്ള സോഷ്യല്‍ ആപ്ലിക്കേഷനായ ഒ എല്‍ എക്‌സില്‍ 4500 രൂപക്ക് ഐ ഫോണ്‍ 5 വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ടാണ് ഇന്റീരിയല്‍ ഡെക്കറേഷന്‍ ജോലിക്കാരനായ അയിജുല്‍ ഖാന്‍ പ്രതികരിച്ചത്.

 

പരസ്യത്തോടൊപ്പം നല്‍കിയിരുന്ന നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കോഴിക്കോട് എയര്‍ പോര്‍ട്ടില്‍ സി ഐ എസ് എഫ് ജവാനാണെന്നും പേര് രത്തന്‍ സിങ്ങ് ആണെന്നും പരിചയപ്പെടുത്തി. നാലായിരം രൂപക്ക് നല്‍കാമെന്ന് സമ്മതിച്ചയാള്‍ യൂണിഫോമിലുള്ള സി ഐ എസ് എഫ് ഉദ്യോഗസ്ഥന്റെ ഫോട്ടോകളും തിരിച്ചറിയില്‍ കാര്‍ഡും ആധാറും വാട്‌സാപ്പ് വഴി അയച്ചു കൊടുത്തു. നാലായിരം രൂപ ബേങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ രണ്ട് മണിക്കൂറിനകം ഫോണ്‍ ലഭിക്കുമെന്നായിരുന്നു അറിയിച്ചത്. ഇതു പ്രകാരം ആക്കൗണ്ടില്‍ പണം നിക്ഷേപിച്ച ശേഷം കമ്പനിയുടെ ആളാണെന്ന് പരിചയപ്പെടുത്തി മറ്റൊരാള്‍ വിളിക്കുകയും മൊബൈല്‍ഫോണ്‍ ഇന്‍ഷൂര്‍ ചെയ്യാന്‍ 5100 രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ ആദ്യം നല്‍കിയ പണം നഷ്ടപ്പെടുമെന്നും ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് രണ്ട് തവണകളായി നാലായിരം രൂപ കൂടി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇതോടെ മറ്റൊരു നമ്പറില്‍ നിന്നും വിളിച്ച് രണ്ടായിരം രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്. ഇതിനിടെ അയിജുല്‍ഖാന്റെ എ ടി എം കാര്‍ഡിന്റെ ഇരു വശങ്ങളും ഫോട്ടോ എടുത്ത് അയക്കാനും ആവശ്യപ്പെട്ടിരുന്നു. ഇത് അയച്ചതോടെ അക്കൗണ്ടില്‍ നിന്നും പലതവണ പണം പിന്‍വലിക്കാനും ശ്രമം നടന്നു. പലപ്പോഴായി അയില്‍ജുല്‍ ഖാന്റെ ഫോണിലേക്ക് ഒ ടി പി നമ്പറുകള്‍ വന്നിരുന്നു. ആ ഒ ടി പി അന്വേഷിച്ച് നിരന്തരം വിളിച്ചെങ്കിലും നല്‍കിയിരുന്നില്ല. ഇതോടെ ഇന്ത്യന്‍ ആര്‍മിയാണെന്നും പണം നല്‍കിയില്ലെങ്കില്‍ പിടിച്ചുകൊണ്ടുപോവുമെന്നുമുള്ള ഭീഷണിയും തെറിയഭിഷേകവും തുടങ്ങി. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരുടെ ഫോട്ടോകളാണ് വാട്‌സാപ്പ് പ്രൊഫയലുകളായി ഉപയോഗിക്കുന്നത്. രാജസ്ഥാനില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങിയതിന്റെ ബില്ലും പരപ്പന്‍പൊയിലിലെ വിലാസത്തിലേക്ക് അയക്കാന്‍ ബില്ല് പ്രിന്റ് ചെയ്തതുമെല്ലാം വാട്‌സാപ്പില്‍ അയച്ചിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയം. താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും ഇനി ആരും ഇവരുടെ വലയില്‍ പെടാതിരിക്കാന്‍ നടപടി വേണമെന്നും അയിജുല്‍ ഖാന്‍ പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies