21-May-2019 (Tue)
 
 
 
 
‍ക്രഷര്‍ കമ്പനി നിര്‍മിച്ച അനധികൃത ട്രാഫിക് ഐലന്റ് നാല് വര്‍ഷത്തിന് ശേഷം പൊളിച്ചുമാറ്റി
   
vps
13-May-2019
 

താമരശ്ശേരി: സ്വകാര്യ ക്രഷര്‍ കമ്പനി നിര്‍മിച്ച അനധികൃത ട്രാഫിക് ഐലന്റ് നാല് വര്‍ഷത്തിന് ശേഷം പൊളിച്ചുമാറ്റി. കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയ പാതയും കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയും സംഗമിക്കുന്ന ചുങ്കം ജംഗ്ഷനില്‍ 2014 ല്‍ നിര്‍മിച്ച ട്രാഫിക് ഐലന്റാണ് ചുങ്കത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പൊളിച്ചുമാറ്റിയത്. മുന്‍ എം എല്‍ എ ഉമ്മര്‍ മാസ്റ്ററുടെ പ്രത്യേകവികസന ഫണ്ടില്‍ നിന്നും സ്ഥാപിച്ച സിഗ്നല്‍ ലൈറ്റും സൈന്‍ ബോര്‍ഡും നീക്കം ചെയ്താണ് അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയിലെ പ്രമുഖന്റെ ഒത്താശയോടെ സ്വകാര്യ ക്രഷര്‍ കമ്പനിയുടെ പരസ്യം സ്ഥാപിക്കാനായി ട്രാഫിക് ഐലന്റ് സ്ഥാപിച്ചത്. ട്രാഫിക് ഡ്യൂട്ടിയിലുണ്ടാവുന്നവര്‍ക്ക് യാതൊരു ഉപകരവുമില്ലാത്ത ട്രാഫിക് ഐലന്റിനെതിരെ അന്ന് തന്നെ പരാതികള്‍ ഉയര്‍ന്നെങ്കിലും അധികൃതര്‍ കണ്ണടക്കുകയായിരുന്നു. ട്രാഫിക് ഐലന്റ് സ്ഥാപിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തോ അനുമതി നല്‍കിയിട്ടില്ലെന്നും വിവരാവകാശ രേഖകളിലും വ്യക്തമായിരുന്നു.

 

2015 ല്‍ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാന്‍ ജില്ലാകലക്ടര്‍ ഉത്തരവിട്ടെങ്കിലും ഉന്നതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഉത്തരവ് നടപ്പിലായില്ല. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതോടെ എടുത്തുമാറ്റിയ ട്രാഫിക് സിഗ്നല്‍ പുനസ്ഥാപിച്ചു. സൈന്‍ ബോര്‍ഡിന് പകരം ക്രഷറിലേക്കുള്ള ദൂരം സൂചിപ്പിക്കുന്ന ബോര്‍ഡ് നാട്ടുകാര്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. താമരശ്ശേരി ടൗണിലെയും ചുങ്കം ജംഗ്ഷനിലെയും ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ അടുത്തിടെ ചുമതലയെടുത്ത ഡി വൈ എസ് പി. പി കെ സുധാകരന്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് വിവാദ ഐലന്റ് പൊളിച്ചുമാറ്റിയത്. ട്രാഫിക് കൂടാരം പൊളിച്ചുമാറ്റിയാല്‍ ഒന്നര മീറ്ററോളം റോഡ് ലഭിക്കുമെന്നും ഇതുവഴി വാഹനങ്ങള്‍ സുഗമമായി കടന്നുപോവുമ്പോള്‍ ചുങ്കത്തെ ഗതാഗതക്കുരുക്കിന് ഒരളവോളം പരിഹാരം ആവുമെന്നും ഡി വൈ എസ് പി ട്രാഫിക് അഡൈ്വസറി കമ്മിറ്റിയില്‍ പറയുകയും ഇതിനെ എല്ലാവരും പിന്തുണക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസും പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, പഞ്ചായത്ത് അംഗം എ പി മുസ്ഥഫ എന്നിവരും എത്തിയാണ് ട്രാഫിക് ഐലന്റ് പൊളിച്ചുമാറ്റിയത്. ചുങ്കം ജംഗ്ഷനില്‍ നിന്ന് കൊയിലാണ്ടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ കടുന്നുപോവുന്നതിന്നായി റോഡരികിലെ കല്ലും മാലിന്യവും ഉള്‍പ്പെടെ നീക്കം ചെയ്ത് ഗതാഗത യോഗ്യമാക്കി. ഇവിടെ ടാറിംഗ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ അറിയിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies