21-May-2019 (Tue)
 
 
 
 
‍എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ അനുമോദനം
   
vps
15-May-2019
 

താമരശ്ശേരി: എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. താമരശ്ശേരി വ്യാപാരഭവനില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. മാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ നിന്നും സ്‌കൂളിലെത്തി പരീക്ഷയെഴുതി എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ചക്കാലക്കല്‍ ഹൈസ്‌കൂളിലെ പ്രണവിനെ പ്രത്യേകം അനുമോദിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി 100 ശതമാനം നേടിയ മര്‍കസ് ഹൈസ്‌കൂള്‍, വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മികച്ച വിജയം നേടിയ പൂനൂര്‍ ഗവ. ഹൈസ്‌കൂള്‍, 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍ എന്നിവയെയും ചടങ്ങില്‍ അനുമോദിച്ചു. വിദ്യാഭ്യാസ ജില്ലയില്‍ 1574 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും 36 സ്‌കൂളുകള്‍ 100 ശതമാനം വിജയവും നേടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, താമരശ്ശേരി എ ഇ ഒ. എന്‍ പി മുഹമ്മദ് അബ്ബാസ്, ബി പി ഒ. വി എം മെഹറലി, എച്ച് എം ഫോറം കണ്‍വീനര്‍ പി അബ്ദു തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസിന് വി റിജു, പി സുരേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies