21-May-2019 (Tue)
 
 
 
 
‍താമരശ്ശേരി ചുരത്തിലെ നവീകരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍
   
vps
15-May-2019
 

താമരശ്ശേരി: ചുരത്തിലെ നവീകരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. വീതി കൂട്ടിയ മുടിപ്പിന്‍ വളവുകളില്‍ ടാറിംഗ് നടത്തുന്നതോടെ ചുരത്തിലെ ദുരിത യാത്രക്ക് ഏറെക്കുറെ അറുതിയാവും. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വനഭൂമി വിട്ടുകൊടുത്തതിനെ തുടര്‍ന്നാണ് മുടിപ്പിന്‍ വളവുകള്‍ വീതി കൂട്ടുന്നതിന്നുള്ള നടപടികള്‍ ആരംഭിച്ചത്. കുന്ദമംഗലം മുതല്‍ ലക്കിടി വരെയുള്ള 42 കിലോ മീറ്റര്‍ നവീകരണത്തിനുള്ള പദ്ധതിയില്‍ ചുരത്തിലെ 3, 5 വളവുകള്‍ വീതി കൂട്ടുന്നതിനായി ആറ് കോടി രൂപ ഉള്‍പ്പെടുത്തിയിരുന്നു. ഇതു പ്രകാരമുള്ള പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. 3 മീറ്ററോളം വീതിയില്‍ 45 മീറ്ററോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ഫില്ലര്‍ സ്ഥാപിച്ചാണ് വളവുകള്‍ വീതി കൂട്ടിയത്. സംരക്ഷണ ഭിത്തിയുടെ പ്രവൃത്തി ഉള്‍പ്പെടെ ഏറെക്കുറെ പൂര്‍ത്തിയായി.

 

റോഡ് ടാറ് ചെയ്യുന്നതിന്നായി ചൊവ്വാഴ്ച മുതല്‍ മള്‍ട്ടി ആക്‌സില്‍ ചരക്കു ലോറികള്‍ ചുരത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് നിരോധനം. ഇതിനകം ടാറിംഗ് പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു വളവുകളുടെ വീതി കൂട്ടുന്ന പ്രവൃത്തിയും ഉടന്‍ ആരംഭിക്കും. വനഭൂമിയുടെയും മുറിച്ചു മാറ്റുന്ന മരങ്ങളുടെയും വിലയായി 32 ലക്ഷം രൂപ വനം വകുപ്പിന് അടച്ചെങ്കിലും നടപടിക്രമങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് മന്ത്രി ജി സുധാകരനും പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവുവും ന്യൂഡല്‍ഹിയിലെത്തി കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറി സി കെ മിശ്രയുമായി ചര്‍ച്ച നടത്തുകയും സാങ്കേതിക കുരുക്കുകള്‍ അഴിച്ചെടുക്കുകയുമായിരുന്നു. ഇതോടെ വിവിധ പ്രദേശങ്ങളിലായി രണ്ടേകാല്‍ ഏക്കര്‍ ഭൂമിയാണ് വിട്ടുകൊടുത്തത്. 2, 4, 9 വളവുകള്‍ നേരത്തെ വീതി കൂട്ടി ഇന്റര്‍ ലോക്ക് പതിച്ചിരുന്നു. ഈ ഭാഗത്ത് വര്‍ഷങ്ങളായി യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. മറ്റു വളവുകളില്‍ വീതിയില്ലാത്തതിനാല്‍ ഇന്റര്‍ ലോക്ക് പതിക്കാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ ദേശീയപാതാ വിഭാഗത്തിന്റെ വിശദീകരണം. 3, 5 വളവുകള്‍ വീതി കൂട്ടിയ സാഹചര്യത്തില്‍ ഇവിടെ ഇന്‍ര്‍ ലോക്ക് പതിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവണമെന്നാണ് ആവശ്യം ഉയരുന്നത്. മഴക്കുമുമ്പെ പ്രവൃത്തി പൂര്‍ത്തീകരിക്കാനായാല്‍ വരുന്ന മഴക്കാലത്ത് ചുരത്തിലൂടെയുള്ള യാത്ര എളുപ്പമാവും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies