12-Dec-2019 (Thu)
 
 
 
 
‍37 വര്‍ഷത്തിനു ശേഷം കുടുംബത്തിന്റെ കൂടിച്ചേരല്‍
   
vps
17-May-2019
 

നരിക്കുനി: മൂന്നാമത്തെ സന്തതിയെ ഏഴുമാസം ഗര്‍ഭിണിയായിരിക്കെ നാടു വിട്ട മടവൂര്‍ സ്വദേശി മുഹമ്മദിന് 37 വര്‍ഷത്തെ ഇടവേളക്ക് ശേഷം കുടുംബവുമായി കൂടിച്ചേര്‍ന്നു. മടവൂര്‍ സ്വദേശി വയില്‍ പീടിയില്‍ മുഹമ്മദിനാണ് ഫെയസ് ബുക്ക് വഴിയുള്ള അന്വേഷണം സ്വന്തം കുടുംബത്തെ തിരിച്ച് കിട്ടിയത്. 1982 ലാണ് അവസാനം നാട്ടില്‍ വന്നത്. അന്ന് ഭാര്യ 7 മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് 37 വര്‍ഷമായി മുഹമ്മദിനെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. മുഹമ്മദ് നേരത്തെ കച്ചവടം ചെയ്തിരുന്ന ഹുബ്ലിയില്‍ കുടുംബാംഗങ്ങളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും മുഹമ്മദ് അവിടെ നിന്നും സ്ഥലം വിട്ടിരുന്നു. ഇതിനിടയില്‍ പിതാവിനെ കാണാത്ത മകളക്കം രണ്ട് പെണ്‍മക്കളുടെയും മകന്റെയും മൂന്ന് പേരക്കുട്ടികളുടെയും വിവാഹം മുഹമ്മദ് അറിയാതെ നടന്നു. ഇതിനിടയിലാണ് വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയുടെ ബീജാപൂര്‍ അതിര്‍ത്തിയില്‍ അത്തനി എന്ന സ്ഥലത്ത് എം എസ് ബേക്കറി നടത്തുന്ന പട്ടാമ്പി സ്വദേശി റയീസ്, മുഹമ്മദില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുന്നത്. ആദ്യം വൈമനസ്യം കാണിച്ചെങ്കിലും പിന്നീട് കൃത്യമായ വിവരങ്ങള്‍ നല്‍കി. റയീസ് തന്റെ ഫേസ്ബുക് സുഹുത്തും ലേഖകനുമായ നരിക്കുനി സൈനുല്‍ ആബിദ് മുഖേന വിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ വാസിയും കുടുംബ സുഹൃത്തുമായ ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ മുഹമ്മദിന്റെ മക്കളെയും സഹോദരനെയും കൂട്ടി അത്തനിയില്‍ എത്തി. യൗവനത്തില്‍ പൂച്ചക്കണ്ണുകളും ചുരുണ്ട മുടിയിഴകളും വെളുത്ത കൊലുന്നനെയുള്ള ശരീരവുമുണ്ടായിരുന്ന മുഹമ്മദ് പ്രദേശത്തെ ഏറ്റവും സുന്ദരനായിരുന്നു. വര്‍ഷങ്ങളായുള്ള ഏകാന്തവാസം ഏറെ തളര്‍ത്തിയ മുഹമ്മദ്, ഖാന്‍ സാബ് എന്ന പേരിലാണ് ഇവിടെ ജീവിച്ചു വന്നത്. ആദ്യമൊക്കെ അറിയാത്ത ഭാവം നടിച്ചെങ്കിലും പിന്നീട് വീട്ടിലേക്ക് തിരികെ വരാനുള്ള സഹോദരന്റെയും മക്കളായ സാബിറയുടെയും ഫൗസിയയുടെയും സ്‌നേഹപൂര്‍വമായ അഭ്യര്‍ഥനക്ക് വഴങ്ങുകയായിരുന്നു. ഇതിനിടെ ഗള്‍ഫിലുള്ള മുത്ത മകന്‍ ഫൈസലും ഫോണിലൂടെ നിര്‍ബന്ധിച്ചതോടെ മുഹമ്മദ് ഡ്രസ് മാറി പുറപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ മക്കള്‍ക്കും മരുമക്കള്‍ക്കുമൊപ്പം മുഹമ്മദ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. ജീവിതകാലം മുഴുവന്‍ ലാളിച്ചു വളര്‍ത്തിയ മക്കള്‍ വാര്‍ധക്യത്തില്‍ മാതാപിതാക്കളെ വൃദ്ധ സദനത്തിലും തെരുവിലും തള്ളുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സമൂഹത്തില്‍ പിതാവിന്റെ ലാളനയേല്‍ക്കാതെ വളര്‍ന്ന മക്കള്‍ മുഹമ്മദിനെ വാര്‍ധക്യത്തിന്റെ അവശതയില്‍ തെരുവില്‍ നിന്നും കൂട്ടിക്കൊണ്ടുവന്നു സംരക്ഷിക്കാന്‍ തയാറായത് മഹനീയ മാതൃകയായി. 37 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 9 ഭാഷകള്‍ ഒഴുക്കോടെ സംസാരിക്കാന്‍ മുഹമ്മദ് പഠിച്ചെടുത്തിട്ടുണ്ട്. (ഹിന്ദി, മറാത്തി, തെലുങ്ക്, കൊങ്കിണി, കന്നഡ, അറബിക്, തമിഴ്, ഉര്‍ദു, മലയാളം). ശിഷ്ടകാലം മക്കളോടൊപ്പം സമാധാനപരമായി പുതിയൊരു ജീവിതം തുടങ്ങാനുള്ള തയാറെടുപ്പിലാണ് മുഹമ്മദ്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies