12-Dec-2019 (Thu)
 
 
 
 
‍വീല്‍ചെയറില്‍ ഇരുന്ന് എസ് എസ് എല്‍ സി പരീക്ഷ എഴുതി മികച്ച വിജയം നേടിയ റുമൈസക്ക് അഭിനന്ദവുമായി കാരാട്ട് റസാക്ക് എം എല്‍ എ
   
vps
22-May-2019
 

തച്ചംപൊയില്‍: വൈകല്യം തളര്‍ത്താത്ത വിശ്വാസത്തോടെ വീല്‍ചെയറില്‍ ഇരുന്ന് എസ് എസ് എല്‍ സി പരീക്ഷ എഴുതി മികച്ച വിജയം നേടിയ താമരശ്ശേരി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയും തച്ചംപൊയില്‍ ചാലില്‍ അബ്ദുസ്സലീം-റസിയ ദമ്പതികളുടെ മകളുമായ റുമൈസയെ കാരാട്ട് റസാക്ക് എം എല്‍ എ വീട്ടിലെത്തി അഭിനന്ദിച്ചു. നാലാം വയസ്സില്‍ അരക്ക് താഴെ തളര്‍ന്നു പോയ റുമൈസ പ്രതിസന്ധികളെ തരണം ചെയ്താണ് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയത്. ഏഴാം ക്ലാസ് വരെ പഠിക്കാന്‍ മാതാപിതാക്കള്‍ എടുത്താണ് റുമൈസയെ പള്ളിപ്പുറം ജി എം യു പി സ്‌കൂളില്‍ എത്തിച്ചിരുന്നത്. എട്ടാം ക്ലാസില്‍ കോരങ്ങാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചേര്‍ന്നെങ്കിലും യാത്രാ ചെലവ് ഉള്‍പ്പെടെ കണ്ടെത്തല്‍ ഈ നിര്‍ധന കുടുംബത്തിനു മുന്നില്‍ വെല്ലുവളിയായിരുന്നു. വിവരം അറിഞ്ഞ കാരാട്ട് റസാഖ് എം എല്‍ എ റുമൈസയുടെ വീട്ടിലെത്തുകയും സ്‌കൂള്‍ യാത്രക്കായി വാടകക്ക് ഓട്ടോറിക്ഷ ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ആറ് മാസത്തോളം ഇങ്ങനെ യാത്ര ചെയ്ത റുമൈസക്ക് പിന്നീട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഓട്ടോറിക്ഷ വാങ്ങി നല്‍കി. ഇത് റുമൈസക്ക് കൂടുതല്‍ ആത്മ വിശ്വാസം പകര്‍ന്നു. എസ് എസ് എല്‍ സി പരീക്ഷയിലെ മിന്നുന്ന വിജയം അറിഞ്ഞപ്പോഴും റുമൈസയുടെ വീട്ടിലെത്തി അഭിനന്ദിക്കാനും ഉപഹാരം നല്‍കാനും എം എല്‍ എ മറന്നില്ല. മകളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് കോരങ്ങാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തന്നെ തുടര്‍പഠനം നടത്താന്‍ അവസരം ഒരുക്കണമെന്ന് മാതാപിതാക്കള്‍ എം എല്‍ എ യോട് ആവശ്യപ്പെട്ടു. പ്രവേശനം ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് എം എല്‍ എ മടങ്ങിയത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies