12-Dec-2019 (Thu)
 
 
 
 
‍വെള്ളക്കാടകളെയും കരിങ്കോഴികളെയും വളര്‍ത്തി വിജയം കൊയ്യുകയാണ് നരിക്കുനിയിലെ ദമ്പതികള്‍
   
vps
22-May-2019
 

നരിക്കുനി: വെള്ളക്കാടകളെയും കരിങ്കോഴികളെയും വളര്‍ത്തി വിജയം കൊയ്യുകയാണ് നരിക്കുനി സ്വദേശികളായ ദമ്പതികള്‍. വട്ടപ്പാറപ്പൊയില്‍ തെയ്യത്തുംകാവില്‍ നൗഷാദും ഭാര്യ റസീനയുമാണ് ശാസ്ത്രീയ രീതിയിലൂടെ കാടകളെയും കരിങ്കോഴികളെയും വളര്‍ത്തി ലാഭം നേടുന്നത്. കുട്ടികള്‍ കാടയെ വളര്‍ത്തണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കുവേണ്ടി ഏതാനും കാടകളെ വാങ്ങി. കൂട്ടത്തില്‍ ഏതാനും കരിങ്കോഴികളും. ഇതിനിടെയാണ് വെള്ള കാടകളെ കുറിച്ച് കേട്ടത്. കൊല്ലം ജില്ലയിലെത്തി പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളക്കാടകളെയും വാങ്ങി. ഇത് കാടകള്‍ അല്ലെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പോലും പറഞ്ഞത്.

 

എന്നാല്‍ അതൊന്നും കാര്യമാക്കാതെ വെള്ളക്കാടകളെ വളര്‍ത്തി. ഇവ വളര്‍ന്ന് മുട്ടയിടാറായപ്പോള്‍ ഇലക്ട്രീഷ്യനായ നൗഷാദിന്റെ മനസ്സില്‍ മറ്റൊരു ആശയം ഉദിച്ചു. സ്വന്തമായൊരു ഇന്‍ക്യൂബേറ്റര്‍ നിര്‍മിച്ചാല്‍ മുട്ടകള്‍ വിരിയിച്ചെടുത്ത് കാടവളര്‍ത്തല്‍ വ്യാപകമാക്കാം. ഉപയോഗ ശൂന്യമായ റഫ്രിജറേറ്ററും ഇന്‍ക്യൂബേറ്ററിന് ആവശ്യമായ മറ്റു ഉപകരണങ്ങളും സംഘടിപ്പിച്ച നൗഷാദ് സ്വന്തമായി ഇന്‍ക്യൂബേറ്റര്‍ തയ്യാറാക്കി. ഇതില്‍ വെച്ച് മുട്ടകള്‍ വിരിയിച്ച് കാടവളര്‍ത്തലും വില്‍പ്പനയും വ്യാപകമാക്കി. വീടിന്റെ ഒന്നാം നിലയിലും ടറസിലുമായാണ് കാട വളര്‍ത്തല്‍. ഭാര്യ റസീനയും മക്കളും എല്ലാപിന്തുണയുമായി കൂടെയുണ്ട്. കാടകളെയും കുഞ്ഞുങ്ങളെയും തേടി നിരവധി പേരാണ് ഇവിടെയെത്തുന്നത്. വെള്ള കാടകള്‍ക്കായി അയല്‍ ജില്ലകളില്‍ നിന്നുപോലും ആളുകളെത്തുന്നു. കരിങ്കോഴിയുടെ മുട്ടക്കും കോഴി കുഞ്ഞുങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. പരിമിതമായ സാകര്യങ്ങള്‍ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തിയപ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത് മികച്ച വരുമാനമാണ്. ഒപ്പം മനം നിറയെ സന്തോഷവും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies