17-Nov-2019 (Sun)
 
 
 
 
‍അപകടത്തില്‍ പരക്കേറ്റ് 11 വര്‍ഷമായി കിടപ്പിലായ യുവാവിന് താമരശ്ശേരി പോലീസിന്റെ ഇടപെടലില്‍ ആധാര്‍ കാര്‍ഡ്
   
vps
20-Jul-2019
 

താമരശ്ശേരി: അപകടത്തില്‍ സാരമായി പരക്കേറ്റ് 11 വര്‍ഷമായി കിടപ്പിലായ യുവാവിന് താമരശ്ശേരി പോലീസിന്റെ ഇടപെടലില്‍ ആധാര്‍ കാര്‍ഡ്. വെസ്റ്റ് പുതുപ്പാടി തൊണ്ടന്‍മല മുസ്ഥഫ(37)ക്കാണ് ജനമൈത്രി പോലീസ് ഇടപെട്ട് ആധാര്‍ കാര്‍ഡ് ലഭ്യമാക്കിയത്. സുഹൃത്തിനൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് പോകുമ്പോള്‍ മറ്റൊരു ബൈക്ക് ഇടിച്ചാണ് മുസ്ഥഫക്ക് ഗുരുതരമായി പരുക്കേറ്റത്. ഒരു വര്‍ഷത്തോളം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞെങ്കിലും സംസാര ശേഷിയോ ചലന ശേഷിയോ തിരിച്ചു കിട്ടിയില്ല. ചികിത്സകള്‍ പലതും ചെയ്‌തെങ്കിലും ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായില്ല. അപകടം വരുത്തിയ ബൈക്ക് യാത്രക്കാരന് ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഇന്‍ഷൂറന്‍സും ലഭിച്ചില്ല. മുസ്ഥഫയുടെ ദയനീയാവസ്ഥ കണ്ട് മനസ്സ് പൊട്ടിയ പിതാവ് മരണത്തിന് കീഴടങ്ങിയതോടെ സഹോദരന്‍ യഅഖൂബും മാതാവുമായിരുന്നു പരിചരണം. മാതാവും രോഗിയായതോടെ യഅഖൂബിന് ജോലിക്ക് പോലും പോവാന്‍ കഴിയാതെയായി. നിത്യവൃത്തിക്കായി യാതൊരു വഴിയും ഇല്ലാത്തതിനാല്‍ പശുവിനെ വളര്‍ത്തിയാണ് യഅഖൂബ് ഈ കുടുംബത്തിന്റെ ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്. മുസ്ഥഫക്ക് ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ആധാര്‍ എടുക്കാന്‍ ചലന ശേഷിയില്ലാത്ത മുസ്ഥഫയെ നേരിട്ട് എത്തിക്കണമെന്ന അധികാരികളുടെ പിടിവാശിയാണ് ഈ കുടുംബത്തെ കൂടുതല്‍ കണ്ണീരിലാഴിതിയത്. ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി താമരശ്ശേരി പോലീസ് സര്‍വെ നടത്താനെത്തിയപ്പോള്‍ മുസ്ഥഫയുടെ ദയനീയ ജീവിതം മനസ്സിലാക്കി വിവരം മേലധികാരികളെ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായി അക്ഷയ കേന്ദ്രം തന്നെ മുസ്ഥഫയുടെ വീട്ടിലെത്തി. എസ് ഐ അബ്ദുസ്സലീം, സി പി ഒ അഷ്‌റഫ് എന്നിവരടങ്ങിയ പോലീസ് സംഘത്തോടൊപ്പമാണ് അക്ഷയ കേന്ദ്രം ജീവനക്കാര്‍ മുസ്ഥഫയുടെ വീട്ടിലെത്തി ആധാറിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. മുസ്ഥഫക്ക് കിടക്കാനുള്ള കട്ടില്‍ ഉള്‍പ്പെടെ വാങ്ങി നല്‍കാനും ജനമൈത്രി പോലീസിന് പദ്ധതിയുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies