29-Mar-2020 (Sun)
 
 
 
 
‍നിറഞ്ഞ മനസും കൈനിറയെ സമ്മാനങ്ങളുമായി കാന്‍സറിനെ തോല്‍പ്പിച്ച് ഫാത്തിമ ഷഹാനയുടെ യാത്രാമൊഴി
   
vps
17-Sep-2019
 

കുന്ദമംഗലം: കാന്‍സറിനെ മന:സാന്നിദ്ധ്യം കൊണ്ട് നേരിട്ട് എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി താരമായ ഫാത്തിമ ഷഹാന പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. മധുരമുള്ള ഒട്ടേറെ ഓര്‍മ്മകളും ഒപ്പം നിന്ന് പിന്തുണച്ചവര്‍ക്ക് ഹൃദയം തുറന്നുള്ള നന്ദിയുമായി കുന്ദമംഗലത്തിന്റെ ജനപ്രതിനിധിയെ കാണാനെത്തിയ ഷഹാനയെയും കുടുംബാംഗങ്ങളെയും പുസ്തകങ്ങളും സമ്മാനങ്ങളും നല്‍കിയാണ് പി ടി എ റഹീം എം എല്‍ എ യാത്രയയച്ചത്. എടരിക്കോട് പി കെ എം ഹൈസ്‌കൂളില്‍ പത്താം തരത്തില്‍ പഠിച്ചു കൊണ്ടിരിക്കെ പനി ബാധിച്ച ഷഹാനക്ക് ബ്ലഡ് കാന്‍സറാണെന്ന് സ്ഥിരീകരിച്ചത് മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ്. തുടര്‍ന്ന് ചൂലൂരിലെ എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സക്കെത്തിയ ഷഹാനയുടെ ഡോക്ടറാവുകയെന്ന മോഹം അസ്തമിച്ചതായി എല്ലാവരും കണക്കുകൂട്ടി. പക്ഷെ ഷഹാന മാത്രം തോറ്റു കൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ഇന്‍ഫക്ഷന്‍ സാദ്ധ്യത കണക്കിലെടുത്ത് പഠനമോഹം ഉപേക്ഷിക്കണമെന്ന ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും സ്‌നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിന് വഴങ്ങാന്‍ ഈ മിടുക്കി ഒരുക്കമായിരുന്നില്ല. പിന്നീട് രചിക്കപ്പെട്ടത് പുതിയൊരു ചരിത്രമായിരുന്നു. ആഴ്ചയില്‍ നാലു തവണ നടത്തുന്ന കീമോ തെറാപ്പിയുടെ അവശതയോടും ശരീരം മുഴുക്കെ അനുഭവപ്പെടുന്ന നുറുങ്ങുന്ന വേദനയോടും പടപൊരുതി എസ് എസ് എല്‍ സി പരീക്ഷ എഴുതിയ ഈ മിടുക്കി ഫലം വന്നപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് എന്ന അതുല്യ നേട്ടവുമായി പുഞ്ചിരിച്ചു നില്‍ക്കുന്ന ഷഹാന ഏവരും ഉറ്റുനോക്കുന്ന മിന്നും താരമായി ഉയരുകയായിരുന്നു.

 

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേകാനുമതിയോടെ നായര്‍കുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ലൈബ്രറി ഹാള്‍ അണുവിമുക്തമാക്കി പ്രത്യേകം സജ്ജീകരിച്ചാണ് ഷനാനയുടെ പരീക്ഷാ കേന്ദ്രം ഒരുക്കിയിരുന്നത്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒപ്പം ആംബുലന്‍സിലായിരുന്നു പരീക്ഷാ കേന്ദ്രത്തിലേക്കുള്ള യാത്ര. എടരിക്കോട് സ്‌കൂളിലെ അദ്ധ്യാപകര്‍ എം വി ആര്‍ കാന്‍സര്‍ സെന്ററിലെത്തി ഷഹാനക്കുവേണ്ടി ക്ലാസെടുത്തുകൊടുക്കുകയും ഡോക്ടര്‍മാരും നഴ്‌സുമാരും ബന്ധുക്കളും പ്രോല്‍സാഹനങ്ങളുമായി ഒപ്പം നില്‍ക്കുകയും ചെയ്തതോടെ സമാനതകളില്ലാത്ത നേട്ടത്തിലേക്ക് ഷഹാന ഓടിയെത്തുകയായിരുന്നു. ഏവര്‍ക്കും പ്രചോദനമായ ഈ വിജയത്തില്‍ ഷഹാനയെ അഭിനന്ദിക്കാന്‍ പി ടി എ റഹീം എം എല്‍ എ എത്തിയതോടെയാണ് ഇക്കാര്യം പുറം ലോകമറിയുന്നതും പത്രങ്ങളില്‍ വാര്‍ത്തയാവുന്നതും. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ തുടങ്ങിയവരുടെ അഭിനന്ദനങ്ങളും ഷഹാനയെ തേടിയെത്തി. മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പിനടുത്ത് തെന്നലയില്‍ കളത്തിങ്ങല്‍ അബ്ദുല്‍ നാസറിന്റെയും സലീനയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് ഷഹാന. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ ഈ മിടുക്കി മാരകമായ കാന്‍സറിനെ ചെറുത്തു തോല്‍പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. സ്‌നേഹമായി ഒപ്പം നിന്ന ചൂലൂര്‍ എം വി ആര്‍ കാന്‍സര്‍ സെന്ററിലെ ജീവനക്കാരോടും ജനപ്രതിനിധികളോടും നാട്ടുകാരോടുമുള്ള നന്ദി കുടുംബാംഗങ്ങളോടൊപ്പം പി ടി എ റഹീം എം എല്‍ എയുടെ വസതിയില്‍ നേരിട്ടെത്തിയ ഷഹാനയുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രതിസന്ധികളില്‍ നൈരാശ്യത്തോടെ തളര്‍ന്നുപോവുന്നവര്‍ക്കു മുമ്പില്‍ ഫാത്തിമ ഷഹാനയെന്ന പെണ്‍കുട്ടി പ്രചോദനത്തിന്റെ പുതിയൊരു ഗാഥയാണ് രചിച്ചിട്ടുള്ളത്. മനസിന്റെ ശക്തി തിരിച്ചറിഞ്ഞ് പടപൊരുതാന്‍ ഒരുക്കമാണെങ്കില്‍ വിജയത്തില്‍ കുറഞ്ഞ മറ്റൊന്നും നിങ്ങളെ തേടിയെത്തില്ലെന്ന സന്ദേശം കൂടിയാണ് അവള്‍ ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies