17-Nov-2019 (Sun)
 
 
 
 
‍പുഴകളാല്‍ ചുറ്റപ്പെട്ട തുരുത്തില്‍ ഭീതിയോടെ ഒരു കുടുംബം
   
vps
18-Sep-2019
 

പുതുപ്പാടി: മട്ടിക്കുന്നില്‍ പുഴകളാല്‍ ചുറ്റപ്പെട്ട തുരുത്തില്‍ ഭീതിയോടെ ഒരു കുടുംബം. മട്ടിക്കുന്ന് മുണ്ടക്കല്‍ ജിജി വര്‍ക്കിയും കുടുംബവുമാണ് മലവെള്ളപ്പാച്ചിലിന് കാതോര്‍ത്ത് ഭിതിയോടെ കഴിയുന്നത്. 2018 ആഗസ്റ്റ് 8 ന് പുതുപ്പാടി കണ്ണപ്പന്‍കുണ്ട് പ്രദേശത്തെ ഞെട്ടിച്ച ഉുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായത് മട്ടിക്കുന്ന് വന പ്രദേശത്തുനിന്നാണ്. ഇതിന്റെ താഴ് വാരത്താണ് മുണ്ടക്കല്‍ ജിജി വര്‍ക്കിയും കുടുംബവും താമസിക്കുന്നത്. വനപ്രദേശത്തുനിന്നും ഉത്ഭവിക്കുന്ന രണ്ട് പുഴകള്‍ക്കിടയിലെ തുരുത്തിലാണ് ഇവരുടെ വീട് സ്ഥിതിചെയ്യുന്നത്. 2018 ലെ ഉരുള്‍പൊട്ടലില്‍ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടം ഒലിച്ചു പോയി. ടാപ്പിംഗ് തുടങ്ങിയ റബര്‍ തോട്ടമാണ് മലവെള്ളപ്പാച്ചില്‍ ഇല്ലാതായത്. പകരം വലിയ പാറക്കല്ലുകള്‍ അടിഞ്ഞു കൂടി. കൃഷിയിടത്തെയും പുഴയെയും വേര്‍തിരിക്കുന്ന അതിരു പോലും ഇല്ലാതായി. പരന്നൊഴുകുന്ന പുഴ നേരത്തെ കൃഷിയിടമായിരുന്നുവെന്ന് മാത്രം ഇവര്‍ക്കറിയാം.

 

കൃഷി ഭൂമി ഒലിച്ചു പോയതിന് വില്ലേജോഫീസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. കൃഷി ഭൂമി ഇല്ലാതായതോടെ നിത്യവൃത്തിക്കും വകയില്ലാത്ത അവസ്ഥയിലാണ്. മൂത്തമകന്‍ ജിഷോ വര്‍ക്കി നേരത്തെ കൊല്ലപ്പെട്ടതിനാല്‍ പറക്കമുറ്റാത്ത രണ്ട് മക്കള്‍ ജിജി വര്‍ക്കിക്കൊപ്പമാണ് താമസം. ഭര്‍ത്താവ് വര്‍ക്കി നിത്യ രോഗിയാണ്. മലവെള്ളം കുത്തിയൊലിച്ചെത്തുമ്പോള്‍ ഓടി രക്ഷപ്പെടേണ്ടത് പുഴക്കു കുറുകെ സ്ഥാപിച്ച കമുകിന്റെ പാലത്തിലൂടെയാണ്. മലവെള്ളപ്പാച്ചില്‍ അപകടാവസ്ഥയിലായ പാലം പുനര്‍ നിര്‍മിക്കാനും ഇവര്‍ക്ക് കഴിയുന്നില്ല. മക്കളെ സ്‌കൂളിലയക്കാനും പ്രാണ രക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാനും ചെറിയൊരു പാലം നിര്‍മിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ലക്ഷങ്ങളും കോടികളും മുടക്കിയുള്ള പാലമൊന്നും ഇവര്‍ ആവശ്യപ്പെടുന്നില്ല. പക്ഷേ ഇവരുടെ കരച്ചില്‍ കേള്‍ക്കാന്‍ മാത്രം ആര്‍ക്കും കഴിയുന്നില്ല.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies