17-Nov-2019 (Sun)
 
 
 
 
‍ന്യു ജനറേഷന്‍ മയക്കു മരുന്നായ എം ഡി എം എ യുമായി 2 പേര്‍ പിടിയില്‍
   
vps
11-Nov-2019
 

താമരശ്ശേരി: ന്യു ജനറേഷന്‍ മയക്കു മരുന്നായ എം ഡി എം എ യുമായി രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി ചുണ്ടക്കുന്ന് ചുള്ളിയോട്ടില്‍ സച്ചിന്‍(27), കുന്ദമംഗലം ചൂലൂര്‍ വള്ളിയേക്കട്ടില്‍ മിഥുന്‍(24) എന്നിവരെയാണ് താമരശ്ശേരി എസ് ഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാന പാതയില്‍ താമരശ്ശേരി ചങ്കം സര്‍വ്വീസ് സ്റ്റേഷന് സമീപം മയക്കുമരുന്ന് കൈമാറാന്‍ എത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. 800 മില്ലി ഗ്രാം എം ഡി എം എ ക്രിസ്റ്റല്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു. വര്‍ഷങ്ങളായി കര്‍ണാടകയില്‍ നിന്നും മറ്റും എത്തിക്കുന്ന മയക്കുമരുന്ന് താമരശ്ശേരി മേഖലയില്‍ വില്‍പ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് എസ് ഐ സനല്‍രാജ് പറഞ്ഞു.

 

താമരശ്ശേരി, കോടഞ്ചേരി, തിരുവമ്പാടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നത്. വന്‍കിട നഗരങ്ങളില്‍ ഡി ജെ പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന ന്യൂ ജനറേഷന്‍ മയക്കുമരുന്ന് മൊത്തവിതരണക്കാരില്‍ നിന്നും വാങ്ങി ചെറിയ പേക്കറ്റുകളാക്കി വില്‍പ്പന നടത്തുകയാണ് പതിവ്. ഒരു മില്ലി ഗ്രാമിന് മൂവായിരം രൂപയോളമാണ് ഈടാക്കുന്നത്. ശരീരത്തിന് ഏറെ ഹാനികരമായ എം ഡി എം എ ചെറിയ അംശം കൈവശം വെച്ചാല്‍ പോലും പത്ത് വര്‍ഷത്തിലേറെ ശിക്ഷ ലഭിക്കും. എസ് ഐ അഷ്‌റഫ്, എ എസ് ഐ മാരായ വിപിന്‍, സുരേഷ് ബാബു, സീനിയര്‍ സി പി ഒമാരായ ജയപ്രകാശ്, ഷിബില്‍ ജോസഫ്, ഡ്രൈവര്‍ ജിലു സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies