29-Mar-2020 (Sun)
 
 
 
 
‍കോവിഡ്: നിരീക്ഷണത്തിലുള്ളവര്‍ പൊതു ഇടങ്ങളില്‍ ചുറ്റിക്കറങ്ങുന്നു
   
vps
18-Mar-2020
 

താമരശ്ശേരി: കോവിഡ് ജാഗ്രതയുടെ ഭാഗമായി നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പൊതു ഇടങ്ങളില്‍ ചുറ്റിക്കറങ്ങുന്നത് അധികൃതരെ കുഴക്കുന്നു. വിദേശങ്ങളില്‍ നിന്നും എത്തുന്നവരാണ് അങ്ങാടികളിലും ബന്ധുവീടുകളിലുമെല്ലാം കറങ്ങി നടക്കുന്നത്. വിവാഹം പോലെയുള്ള പൊതു പരിപാടികളിലും ഇത്തരക്കാര്‍ പങ്കെടുക്കുന്നത് ആശങ്കക്കൊപ്പം പൊതു ജനങ്ങളിലും ഭീതി പരത്തുകയാണ്. കഴിഞ്ഞ ദിവസം കൊറോണ ബാധിതനായ വിദേശ പൗരന്‍ കയറിയ വിമാനത്തിലുണ്ടായിരുന്ന കട്ടിപ്പാറ സ്വദേശി ഉള്‍പ്പെടെ 74 പേരാണ് കട്ടിപ്പാറ പഞ്ചായത്തില്‍ നിരക്ഷണത്തിലുള്ളത്. പുതുപ്പാടിയില്‍ വിദേശങ്ങളില്‍ നിന്നും എത്തിയ 179 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ഒരാള്‍ ഇറ്റലിയില്‍ നിന്നും അഞ്ചുപേര്‍ അമേരിക്കയില്‍ നിന്നും എത്തിയവരാണ്. കൂടാതെ ഏതാനും പേര്‍ ഇന്ന് നാട്ടിലെത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.

 

താമരശ്ശേരിയില്‍ 74 പേരും കോടഞ്ചേരിയില്‍ 94 പേരുമാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂരില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ഒരാള്‍ കോടഞ്ചേരിയില്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങളില്ലെങ്കിലും 14 ദിവസം വരെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് പാലിക്കാന്‍ പലരും തയ്യാറാവാത്തതാണ് ആരോഗ്യ പ്രവര്‍ത്തകരെ വലക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പും പോലീസും ആലോചിക്കുന്നത്. കര്‍ണാടകയില്‍ കൊറോണ ബാധിച്ച് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ ചുരം ഇറങ്ങി വരുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പും പോലീസും രംഗത്തുണ്ട്. അടിവാരം അങ്ങാടിയിലാണ് വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുന്നത്. രണ്ട് ദിവസത്തെ പരിശോധനയില്‍ രോഗലക്ഷണങ്ങളുള്ള ആരെയും കണ്ടെത്താനായിട്ടില്ല. വരും ദിവസങ്ങളിലും പരിശോധനടരും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies