29-Mar-2020 (Sun)
 
 
 
 
‍നരിക്കുനി മുണ്ടുപാലത്തെ വെള്ളക്കെട്ടില്‍ പൊന്നുവിളയിച്ച് റിട്ടയേഡ് അധ്യാപകനും സുഹൃത്തും
   
vps
19-Mar-2020
 

നരിക്കുനി: നരിക്കുനി മുണ്ടുപാലത്തെ വെള്ളക്കെട്ടില്‍ പൊന്നുവിളയിച്ച് റിട്ടയേഡ് അധ്യാപകനും സുഹൃത്തും. പാടശേഖര സമിതി സെക്രട്ടി അബൂബക്കറും റിട്ടേയഡ് അധ്യാപകനായ പാലോളിത്താഴം സ്വദേശി ബീരാന്‍കോയയും ആണ് കൃഷിയോഗ്യമല്ലെന്ന് വിധിയെഴുതി മാറ്റി നിര്‍ത്തിയ വയലില്‍ പൊന്നു വിളയിച്ചത്. തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നരിക്കുനി പഞ്ചായത്തിലെ മുണ്ടുപാലം പാടശേഖരം കൃഷിയോഗ്യമാക്കാന്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും തീരുമാനിച്ചത്. പത്തേക്കറോളം വയലാണ് വെള്ളക്കെട്ടിന്റെ പേരില്‍ ഇവിടെ തരിശായി കിടന്നിരുന്നത്. ഇതില്‍ നാലേക്കര്‍ വയല്‍ കൃഷിഭവന്‍ പാട്ടത്തിനെടുത്തു. എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഇവര്‍ പാടത്തിറങ്ങിയത്. ബീഹാറില്‍ നിന്നുള്ള ആറംഗ സംഘം കാര്‍ഷിക വൃത്തിക്കായി ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ നൂറുമേനി തന്നെ വിളയിച്ചെടുത്തു.

 

പട്ടാമ്പിയിലെ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത ഹ്രസ്വ എന്ന പുതിയ ഇനം വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. നരിക്കുനി കൃഷി ഓഫീസര്‍ ദാനാ മുനീറിന്റെ പ്രോത്സാഹനം ഇവര്‍ക്ക് കരുത്ത് പകര്‍ന്നു. ശാസ്ത്രീയ രീതിയിലുള്ള പരിചരണം നല്‍കിയാല്‍ ഏത് ഭൂമിയിലും പൊന്ന് വിളയിക്കാമെന്നാണ് ഇവര്‍ തെളിയിച്ചത്. പ്രതീക്ഷിച്ചതിലും നല്ല വിളവ് ലഭിച്ചതിലുള്ള ആഹ്ലാദത്തിലാണ് ഇവര്‍. അകറ്റി നിര്‍ത്തിയവര്‍ പിന്തുണയുമായി അടുത്തു വരുന്നതിനാല്‍ പ്രദേശത്തെ പത്ത് ഏക്കര്‍ വയലും കൃഷിയോഗ്യമാക്കി വിത്തിറക്കാനാണ് ഇവര്‍ ആലോചിക്കുന്നത്. കൃഷിയുടെ ആരംഭം മുതല്‍ ബീഹാറി തൊഴിലാളികളാണ് ഇവര്‍ക്ക് കൂട്ടിനുള്ളത്. കൊയത്ത് കഴിഞ്ഞാല്‍ പച്ചക്കറികള്‍ക്കൊപ്പം കൂടുതല്‍ സ്ഥലത്ത് നെല്ലും വിളയിക്കാനാണ് ഇവര്‍ ആലോചിക്കുന്നത്. വെള്ളക്കെട്ടിലെ കൃഷിയെ പുഛിച്ചവര്‍പോലും നെല്ല് പാകമായപ്പോള്‍ വിത്തിനായി ഇവരെ സമീപിക്കുകയാണ്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies