29-Mar-2020 (Sun)
 
 
 
 
‍കോവിഡ് ഭീതി മറികടക്കാന്‍ പുതുപ്പാടിയില്‍ 24 മണിക്കൂറും ഹൈവെ സ്‌ക്രീനിംഗ്
   
vps
21-Mar-2020
 

പുതുപ്പാടി: കോവിഡ് ഭീതി മറികടക്കാന്‍ പുതുപ്പാടിയില്‍ 24 മണിക്കൂറും ഹൈവെ സ്‌ക്രീനിംഗ്. അടിവാരം, ചുരം മേഖലയിലാണ് 24 മണിക്കൂറും പ്രത്യേക പരിശോധന നടത്തുന്നത്. ഇതിനായി നരിക്കുനി സി എച് സി പരിധിയില്‍ നിന്നും 20 ജെ എച് ഐ മാരെയും 3 ആര്‍ ബി എസ് കെ നേഴ്‌സുമാരെയും 3 നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെയും നിയമിച്ചു. കര്‍ണാടകയില്‍ നിന്നും വയനാട്ടില്‍ നിന്നും വരുന്ന ബസ്സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പോലീസ് ഉള്‍പ്പെടെയുള്ള സംഘം പരിശോന നടത്തുന്നുണ്ട്. ചുരം സന്ദര്‍ശനത്തിന് എത്തുന്നവരെയും പ്രത്യേകം നിരീക്ഷിക്കും. ചുരത്തില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണവും ശക്തമാക്കി.

 

പുതുപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൊറോണ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന്ന് സംവിധാനം ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിലെ ഹോട്ടല്‍, കൂള്‍ബാര്‍, എന്നിവിടങ്ങളില്‍ ബ്രേക്ക് ദി ചെയിന്‍ പരിപാടിയുടെ ഭാഗമായി കൈ കഴുകുവാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധന നടത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാഗേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എം ഇ ജലീല്‍, മുജീബ് മാക്കണ്ടി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒ കെ ജനാര്‍ദ്ദനന്‍ ജെ എച് ഐ മാരായ അനില്‍കുമാര്‍, വിജീഷ് കുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ഹിന്ദിയില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സൗജന്യമായി മാസ്‌ക്, ടവല്‍ എന്നിവ വിതരണം ചെയ്തു. കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫര്‍മസിസ്റ്റുമാര്‍ സാനിറ്റൈസര്‍ നിര്‍മിച്ചു വിതരണം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീന മുസ്തഫയില്‍ നിന്നും എം ഇ ജലീല്‍ ഏറ്റുവാങ്ങി. വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന 210 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 44 പേരും നിരീക്ഷണത്തിലാണ്. പഞ്ചായത്ത് തല ധൃതകര്‍മസേന യോഗവും, 21 വാര്‍ഡുകളില്‍ വാര്‍ഡ് തല ആര്‍ ആര്‍ ടി യോഗവും നടത്തുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. 10000 ബോധവത്കരണ നോട്ടീസുകളും പോസ്റ്ററുകളും അച്ചടിച്ച് വിതരണം നടത്തി. വരും ദിവസങ്ങളിലും പരിശോധനയും ബോധവല്‍ക്കരണവും തുടരും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies