02-Jul-2020 (Thu)
 
 
 
 
‍കര്‍ണാടകയില്‍ നിന്നും പച്ചക്കറി പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 48 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു
   
vps
27-May-2020
 

താമരശ്ശേരി: കര്‍ണാടകയില്‍ നിന്നും പച്ചക്കറി പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 48 കുപ്പി വിദേശ മദ്യം താമരശ്ശേരി എക്‌സൈസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തിയപ്പോള്‍ നിര്‍ത്താതെ പോയ കര്‍ണാട രജിസ്‌ട്രേഷനിലുള്ള വാഹനം ഡ്രൈവറുടെ വീട്ടുമുറ്റത്ത് കയറ്റിയിട്ട നിലയിലാണ് എക്‌സൈസ് കണ്ടെത്തിയത്. വാഹനം ഓടിച്ചിരുന്ന പി സി മുക്ക് സ്വദേശി ഷെബീറലിക്കായി എക്‌സൈസ് അന്വേഷണം ആരംഭിച്ചു. പച്ചക്കറി കടത്തിന്റെ മറവില്‍ കര്‍ണാടകയില്‍ നിന്നും മദ്യം കടത്തുന്നതായി താമരശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം വാഹന പരിശോധന നടത്തിയത്.

 

പച്ചക്കറി കയറ്റി വരികയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാഹനത്തിന് സംസ്ഥാന പാതയില്‍ താമരശ്ശേരി പി സി മുക്കില്‍ വെച്ച് എക്‌സൈസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. എക്‌സൈസ് വാഹനം പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ ഊടുവഴിയിലേക്ക് കയറ്റുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. വാഹനം പരിശോധിച്ചപ്പോഴാണ് തക്കാളി നിറച്ച പെട്ടികള്‍ക്കുള്ളില്‍ നിന്നും 48 കുപ്പ് കര്‍ണാടക മദ്യം കണ്ടെടുത്തത്. വാഹനം ഓടിച്ചിരുന്ന പുതിയാറമ്പത്ത് ഷെബീറലിയുടെ വീടിന്റെ പോര്‍ച്ചില്‍ നിന്നാണ് വാഹനം കണ്ടെടുത്തത്. വീട്ടില്‍ ആളില്ലായിരുന്നുവെന്നും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും താമരശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജി പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ പി കെ അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍ എസ് ശ്യാമപ്രസാദ്, സി പി ഷാജു, കെ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് കര്‍ണാടക മദ്യം പിടികൂടിയത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies