02-Jul-2020 (Thu)
 
 
 
 
‍വാവാട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം; 44 ലക്ഷം അനുവദിച്ചു
   
vps
03-Jun-2020
 

വാവാട്: മുപ്പത്തിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വാവാട് വില്ലേജ് ഓഫീസിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമാവുന്നു. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പെടുത്തി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 44 ലക്ഷം രൂപ അനുവദിച്ചു. നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റി ഇരുനിലകളിലായാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ പ്രവൃത്തി ആരംഭിക്കുമെന്ന് കാരാട്ട് റസാക്ക് എംഎല്‍എ അറിയിച്ചു. ആദ്യകാലത്ത് ഓമശ്ശേരി പഞ്ചായത്തിലെ പുത്തൂര്‍ വില്ലേജ് ഓഫീസിന്റെ പരിധിയിലായിരുന്നു ഇപ്പോഴത്തെ വാവാട് വില്ലേജിന്റെ ഭാഗങ്ങള്‍. അക്കാലത്ത് പുഴ കടന്ന് അക്കരെ പുത്തൂര്‍ വില്ലേജില്‍ എത്തിപ്പെടുക എന്നത് ഏറെ സാഹസികമായിരുന്നു. തുടര്‍ന്ന് 1986ലാണ് പുത്തൂര്‍ വില്ലേജ് വിഭജിച്ച് വാവാട് വില്ലേജ് രൂപീകരിക്കുന്നത്. ഇതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി. നിലവില്‍ വളരെ ശോചനീയ അവസ്ഥയിലായ ഓഫീസ് നവീകരിക്കുന്നതിന് നിരന്തരമായി ആവശ്യമുയര്‍ന്നെങ്കിലും കഴിഞ്ഞ കാലങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇക്കാര്യം പ്രദേശവാസികള്‍ കാരാട്ട് റസാഖ് എം എല്‍ എയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് എം എല്‍ എയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പെടുത്തി തുക അനുവദിച്ചത്. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ ഓഫീസിന് പുതിയ കെട്ടിടം അനുവദിച്ചതില്‍ പ്രദേശവാസികള്‍ ഏറെ ആഹ്ലാദത്തിലാണ്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies