02-Jul-2020 (Thu)
 
 
 
 
‍കോവിഡ് ദുരന്തത്തെ നേരിടാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍
   
vps
05-Jun-2020
 

കോഴിക്കോട്: അപ്രതീക്ഷിത ദുരന്തമായ കോവിഡ് 19 നെ നേരിടാന്‍ ജനങ്ങളുടെ യോജിച്ച അന്തരീക്ഷം ശക്തിപ്പെടുത്തണമെന്നും ഇതിന് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒന്നിച്ചു നില്‍ക്കണമെന്നും തൊഴില്‍-എക്സൈസ് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തില്‍ ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവ റാവു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എ ഡി എം റോഷ്നി നാരായണന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ഡി എം ഒ ഡോ. വി ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു. ദുരന്തത്തെ നേരിടുന്നതിന് ജനം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ചവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും രോഗ വ്യാപനം തടയുന്നതിനും ആവശ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണനിരക്ക് രാജ്യാന്തര-ദേശീയ ശരാശരിയെക്കാള്‍ വളരെ കുറവാണ്. ഇപ്പോള്‍ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത് പ്രത്യേക സാഹചര്യത്തിലാണ്. വിദേശങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമുള്ള നമ്മുടെ സഹേദരങ്ങള്‍ക്ക് തിരിച്ചു വരേണ്ടതുണ്ട്. കേരളം സുരക്ഷിതമാണെന്ന പൊതുബോധം നിലനില്‍ക്കുന്നതു കൊണ്ടാണ് തിരിച്ചു വരാന്‍ എല്ലാവരും താത്പര്യപ്പെടുന്നത്. അവര്‍ക്ക് എല്ലാ അര്‍ഥത്തിലും നാം സുരക്ഷിതത്വം നല്‍കണം. ഈ സാഹചര്യത്തെ നാം ജാഗ്രതയോടെ കൈകാര്യം ചെയ്താല്‍ മാത്രമേ സമ്പര്‍ക്കം കുറയ്ക്കാനും രോഗവ്യാപനം തടയാനും കഴിയൂ. സാമൂഹ്യ വ്യാപനത്തിന് അവസരം കൊടുക്കരുത്. നമ്മുടെ അനാസ്ഥ മൂലം സമൂഹവ്യാപനമോ മരണമോ സംഭവിക്കരുത്. ജനങ്ങളുടെ കൂട്ടായ്മയാണ് നേട്ടങ്ങളുടെ അടിസ്ഥാനം. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ കാര്യത്തിലും കേരളത്തിന് സവിശേഷമായ നിലയുണ്ടെങ്കിലും കോവിഡ് ഭീഷണിയെ നേരിടുന്ന കാര്യത്തില്‍ നമ്മുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തന മികവ് എടുത്തു പറയേണ്ടതാണ്. രോഗം ബാധിച്ചവരെയോ നിരീക്ഷണത്തില്‍ കഴിയുന്നവരെയോ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടാവാതിരിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാഗ്രത പുലര്‍ത്തണം. ലോക്ഡൗണ്‍ ലംഘനം അനുവദിക്കരുത്. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണം.

 

മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം, കൈകഴുകല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ശീലമാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കോവിഡ് ഭീഷണി എത്രകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സന്നദ്ധ സേനയെ ശക്തിപ്പെടുത്തണം. അവരുടെ സേവനം ആവശ്യമായ മേഖലയില്‍ ഉപയോഗപ്പെടുത്തണം. നമുക്ക് കൂടുതല്‍ സന്നദ്ധ സേവകരെ ആവശ്യമുണ്ട്. ഇതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണ പിന്തുണ വേണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ജില്ലയില്‍ ഇതിനകം 40,917 വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഫീല്‍ഡിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമൊപ്പം ഓരോ വളണ്ടിയറുടെ സേവനം വിട്ടു നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന 1137 സാമൂഹിക കിച്ചണുകള്‍ തുടങ്ങിയിരുന്നു. ഇതുകൂടാതെ കുടുംബശ്രീ യൂണിറ്റുകളുടെ ജനകീയ ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നു. ലോക്ഡൗണ്‍ ആദ്യഘട്ടത്തിലെ സാഹചര്യം മാറിയതിനാല്‍ സാമൂഹി കിച്ചണുകള്‍ പലതും പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. അപ്പോഴും എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തന രീതിയാണ് ഇനി നമുക്ക് വേണ്ടത്. സമൂഹം പട്ടിണി കിടക്കാതിരിക്കാന്‍ ഇതാവശ്യമാണ്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലാന്‍ പഠന സൗകര്യം ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമാക്കുന്നതിന് ജില്ലയില്‍ 315 വായനശാലകള്‍ ഇതിനകം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ പിന്തുണ അറിയിച്ചു. എം പി വീരേന്ദ്രകുമാറിന്റെ വിയോഗത്തിലും കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ട സഹാദരങ്ങങ്ങളുടെ വേര്‍പ്പാടിലും യോഗം അനുശോചനം രേഖപ്പെടുത്തുകയും ആദരസൂചകമായി മൗനമാചരിക്കുകയും ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies