03-Aug-2020 (Mon)
 
 
 
 
‍വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്ന രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
   
vps
13-Jun-2020
 

താമരശ്ശേരി: വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്ന രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി ആറങ്ങോട് വീട്ടില്‍ മുഹമ്മദ് ഷഫീഖ്(20), കൊടുവള്ളി പറമ്പത്ത്കാവ് പറമ്പന്‍കണ്ടത്തില്‍ യൂസുഫ്(19) എന്നിവരെയാണ് പിടിയിലായത്. താമരശ്ശേരി മിനി ബൈപ്പാസിലെ കെ എം ട്രേഡേഴ്‌സില്‍ നടന്ന മോഷണത്തിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഈമാസം ഏഴിന് പുലര്‍ച്ചെയാണ് സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും സിഗരറ്റ് പേക്കും മോഷ്ടിച്ചത്. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ മോഷണ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് മുഖ്യപ്രതിയായ മുഹമ്മദ് ഷഫീഖിനെ പിടികൂടുകയും ഷഫീഖില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ യൂസുഫിനെ പിടികൂടുകയുമായിരുന്നു. കടയില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ഫോണും പിടിച്ചെടുത്തു. മോഷണത്തിന് ഉപയോഗിച്ച ബൈക്കും മോഷ്ടിച്ചതാണെന്നാണ് സൂചന. ഇതു സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. താമരശ്ശേരി, കൊടുവള്ളി, ബാലുശ്ശേരി, മുക്കം, കോഴിക്കോട് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇവര്‍ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. താമരശ്ശേരി ഡി വൈ എസ് പി ഓഫീസിന് മുന്‍വശത്തെ കടയില്‍ മോഷണ ശ്രമം നടത്തിയതും ഇവരാണ്. ആളെ തിരിച്ചറിയാതിരിക്കാന്‍ ജാക്കറ്റും മുഖം മൂടിയും അണിഞ്ഞാണ് മോഷണത്തിനെത്തുന്നത്. മോഷണ വസ്തുക്കള്‍ വില്‍പ്പന നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുകയാണ് പതിവെന്നും പോലീസ് പറഞ്ഞു. താമരശ്ശേരി ഡി വൈ എസ് പി. ടി അഷ്‌റഫിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എം പി രാജേഷ്, എസ് ഐമാരായ സനല്‍ രാജ്, എ പി അനൂപ്, രാജീവ് ബാബു, വി കെ സുരേഷ്, എ എസ് ഐ ജയപ്രകാശ്, സീനിയര്‍ സി പി ഒ. വി കെ വിനോദ്, സി പി ഒ മാരായ മണിലാല്‍, അരുണ്‍, വിജേഷ് എന്നിവരങ്ങിയ സംഘമാണ് കേസന്വേഷിച്ച് പ്രതികളെ പിടികൂടിയത്. വീഡിയോ കോണ്‍ഫ്രന്‍സ് വഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies