19-Jun-2018 (Tue)
 
 
 
കോഴിക്കോട്: നിപ്പ വയറസ് ബാധയുടെ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. ജില്ലാ കലക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. നിപ്പ വയറസിന്റെ ഉറവിടം കണ്ടെത്താനാവാതിരിക്കുകയും മരണം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് വയറസ് പടരാന്‍ കാരണമാവുമെന്ന ആശങ്കയെ തുടര്‍ന്നാണ് പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് അഞ്ചിലേക്ക് മാറ്റിയത്.
അടിവാരം: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീ പിടിച്ചു. ചുരം ആറാം വളവിന് സമീപം വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചുരം കയറുകയായിരുന്ന ടിപ്പറിന് മുന്‍ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ ടിപ്പര്‍ നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
കൊടുവള്ളി: വിജയാഹ്‌ളാദ പ്രകടനത്തിനിടെ എല്‍ ഡി എഫ് പ്രവര്‍ത്തകനെ മര്‍ദ്ധിച്ച സംഭവത്തില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി നെരൂക്കില്‍ കാദര്‍കുട്ടി(34), കിഴക്കോത്ത് ആവിലോറ അയ്യപ്പന്‍കണ്ടി ഷംനാസ്(26) എന്നിവരെയാണ് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്‍ അറസ്റ്റ് ചെയ്തത്. തലപ്പെരുമണ്ണയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദത്തിനിടെ എല്‍ ഡി എഫ് പ്രവര്‍ത്തകനും പോര്‍ട്ടറുമായ പോക്കര്‍(55) അക്രമിക്കപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.
കോടഞ്ചേരി: കുടുംബം സംഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. നെല്ലിപ്പൊയില്‍ പുതിയപറമ്പത്ത് വേലായുധന്റെ ഭാര്യ സുമതി(50)യാണ് മരിച്ചത്. മകള്‍ സുഖിലയുടെ മക്കളായ ആല്‍വിന്‍(9), ഏബിള്‍(7) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിപ്പൊയില്‍ മഞ്ഞുവയല്‍ റോഡില്‍ പാത്തിപ്പാറ പാലത്തില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന മകള്‍ സുഖിലയും ഓട്ടോറിക്ഷ ഓടിച്ച സുഖിലയുടെ ഭര്‍ത്താവ് ബോബിയും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും
                    
പുതുപ്പാടി: കൊറിയയില്‍ ഏഷ്യന്‍ ഗെയിംസ് പുരോഗമിക്കുമ്പോള്‍ പുതുപ്പാടിയിലും ആഘോഷം. ഗെയിംസില്‍ പുതുപ്പാടി കുപ്പായക്കോട് സ്വദേശി റോബിന്‍ ഉലഹന്നാന്റെ നേട്ടമാണ് മലയോരത്തെ ആഹ്ലാദത്തിലാക്കിയത്. റോബിന്‍ ഉള്‍പ്പെടെയുള്ള ഏഴംഗ തുഴച്ചില്‍ സംഘം ഇന്ത്യക്ക് വെങ്കലം നേടിക്കൊടുത്തപ്പോള്‍ റോബിന്റെ കുടുംബത്തിന് സ്വപ്‌ന സാക്ഷാല്‍കാരം. കുപ്പായക്കോട് മുട്ടില്‍പാറ പനച്ചിതാനത്ത് ഉലഹന്നാന്റെ മകന്‍ റോബിന്‍ ഏഴ് വര്‍ഷമായി ഇന്ത്യന്‍ ആര്‍മയിലാണ്. ഹൈദറാബാദിലെ ജോലിസ്ഥലത്തുനിന്നാണ് ഇന്ത്യന്‍ ടീമിനൊപ്പം ഉത്തരകൊറിയയിലേക്ക് പോയത്. സിംഗിള്‍ സ്‌കള്‍സ് റോവിംഗില്‍ 5 മിനുറ്റും 51 സെക്കന്റും കൊണ്ടാണ് രണ്ടുകിലോമീറ്റര്‍ തുഴഞ്ഞെത്തി റോബിന്‍ ഉള്‍പ്പെട്ട സംഘം ഇന്ത്യക്ക് അഭിമാനമായത്.
 
 
 

All rights reserved | Website developed and maintained by Zyonz Technologies